അലന്‍സിയറുടെ തോക്ക് പ്രയോഗത്തിനെതിരെ ജോയ് മാത്യു രംഗത്ത്

- Advertisement -

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മുഖ്യാതിഥി ആയ മോഹന്‍ലാലിനു നേരെ ‘വെടിയുതിര്‍ത്ത’ അലന്‍സിയറിനെതിരെ സംവിധായകനും നടനുമായ ജോയ് മാത്യു രംഗത്ത്. വിരല്‍ ചൂണ്ടാന്‍ മാത്രം മോഹന്‍ലാല്‍ ചെയ്ത തെറ്റ് എന്താണെന്നും മോഹന്‍ലാലിനെ മുഖ്യ അതിഥിയായി പങ്കെടുപ്പിക്കുന്നതിനെതിരെ വ്യാജ ഒപ്പുകളടങ്ങിയ ഹര്‍ജി നിഷ്‌കരുണം ചവറ്റുകൊട്ടയിലേക്കെറിഞ്ഞ ശുദ്ധഹൃദയനായ സാംസ്‌കാരിക മന്ത്രിക്ക് നേരെയല്ലേ ആ ‘വിരല്‍ വെടി’ ഉതിര്‍ക്കേണ്ടിയിരുന്നതെന്നും ജോയ് മാത്യു ചോദിക്കുന്നു.

മോഹന്‍ലാല്‍ പ്രസംഗിച്ചു കൊണ്ടിരിക്കെ പ്രസംഗപീഠത്തിന് താഴെയെത്തി കൈ തോക്കു പോലെ പിടിച്ചായിരുന്നു അലന്‍സിയറുടെ പ്രതിഷേധം. ലാല്‍ പറയുന്നത് കള്ളമാണെന്ന് സൂചിപ്പിക്കുന്ന രീതിയിലായിരുന്നു അലന്‍സിയറുടെ തോക്ക് പ്രതിഷേധം.

മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം സ്വീകരിക്കാനെത്തിയതായിരുന്നു അലന്‍സിയര്‍. എന്നാല്‍ താന്‍ മോഹന്‍ലാലിനെതിരെയല്ല വെടിയുതിര്‍ത്തതെന്നും എന്താണ് ചെയ്തതെന്ന് തനിക്കോര്‍മ്മയില്ലെന്നും ചില മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ അലന്‍സിയര്‍ പറഞ്ഞിരുന്നു.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…

ആദ്യം വ്യാജ ഹർജി പിന്നെ വ്യാജ വെടി ഇത്രയധികം വ്യാജികളോ ഈ ലോകത്ത് ?
——————————————————————————————
സിനിമയിലെ സഹപ്രവർത്തകന് നേരെ ആദ്യം വെടിയുതിർത്തത് എം ആർ രാധ എന്ന തമിഴ് സിനിമയിലെ നടനായിരുന്നു .
വെടികൊണ്ടത് തമിഴ് സൂപ്പർ സ്റ്റാർ (പിന്നീട് മുഖ്യമന്ത്രി) ആയിരുന്ന സാക്ഷാൽ എം ജി ആറിന് .
അതിനു പിന്നിൽ ഒരു രാഷ്ട്രീയകാരണം ഉണ്ടെന്ന് കരുതപ്പെടുന്നു.
എന്നാൽ മോഹൻലാൽ എന്ന നടന് നേരെ തോക്ക് ചൂണ്ടിയത് സഹപ്രവർത്തകനായ അലൻസിയാർ.
ഭാഗ്യത്തിന് തോക്കിൽ ഉണ്ട പോയിട്ട് തോക്ക് തന്നെ കയ്യിൽ ഇല്ലായിരുന്നു .
വിരൽ ആയിരുന്നു അലൻസിയാറിന്റെ സിംബോളിക് തോക്ക് .
അതിനാൽ ഇല്ലാത്ത വസ്തുവായ തോക്കിനെ നമുക്ക് മറക്കാം.
പക്ഷെ വിരൽ അങ്ങനെയല്ലല്ലോ .
അത് പല ആവശ്യങ്ങൾക്കും പല അർഥത്തിൽ ഉപയോഗിക്കുന്നതാണല്ലോ.
വിരൽ പ്രയോഗങ്ങൾ പലതാണ് .
അഭിനയം പഠിച്ചവർക്ക് അത് നന്നായി അറിയുകയും ചെയ്യാം.
സത്യത്തിൽ വിരൽ ചൂണ്ടാൻ മാത്രം മോഹൻലാൽ ചെയ്ത തെറ്റ് എന്താണ് ?
മോഹൻലാലിനെ മുഖ്യ അതിഥിയായി
പങ്കെടുപ്പിക്കുന്നതിനെതിരെ വ്യാജ ഒപ്പുകളടങ്ങിയ ഹർജി നിഷ്ക്കരുണം
ചവറ്റുകൊട്ടയിലേക്കെറിഞ്ഞ ശുദ്ധഹൃദയനായ
സാംസ്കാരിക മന്ത്രിക്ക് നേരെയല്ലേ ആ ‘വിരൽ വെടി’ ഉതിർക്കേണ്ടിയിരുന്നത് ?
(എന്നാൽ വിവരമറിയും )
അതല്ല മോഹൻലാലിന്റെ പ്രസംഗം കേട്ട് അതാസ്വദിച്ച് ചിരിച്ചുകൊണ്ടിരിക്കുന്ന
മുഖ്യമന്ത്രിയുടെ നേരെയാണ് ആ ‘വിരൽ വെടി പോയതെങ്കിലോ ?
(അപ്പോൾ ശരിക്ക് വിവരമറിയും )
അനീതികൾക്ക് നേരെ ആരുടെ നേർക്കും മുട്ടിടിക്കാതെ വിരൽ ചൂണ്ടുന്നവനായിരിക്കണം കലാകാരൻ .
അല്ലാതെ സഹപ്രവർത്തകനെ പൊതു വേദിയിൽവെച്ച് ഇല്ലാത്ത തോക്കുകൊണ്ട് അശ്ലീലം കാണിച്ച്
അപമാനിക്കുന്നത് എം .ആർ.രാധ രാഷ്ട്രീയപ്രേരിതമായി എം ജി ആറിന് നേർക്കു ഉതിർത്ത വെടിയുണ്ടയേക്കാൾ മാരകമാണ്

 

Comments are closed.