വെള്ളപ്പൊക്കത്തിലും മഴയിലും കുടുങ്ങി താരങ്ങളും ; പരമാവധി പേർക്ക് തന്‍റെ വീട്ടില്‍ താമസിക്കാം എന്നു ടോവിനോ

നാട്ടിലെ കാലവർഷക്കെടുതിയിൽ അകപ്പെട്ടും സഹായം നൽകിയും സിനിമാ താരങ്ങളും. ജയറാം, മല്ലികാ സുകുമാരൻ തുടങ്ങിയ താരങ്ങൾക്ക് വെള്ളപ്പൊക്കം ദുരിതമായപ്പോൾ കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് തന്റെ വീട്ടിൽ അഭയം നൽകാമെന്നു ടൊവീനോ തോമസ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

‘ഞാൻ ഇരിങ്ങാലക്കുടയിൽ എന്റെ വീട്ടില്‍ ആണ് ഉള്ളത്. ഇവിടെ അപകടകരമായ രീതിയിൽ വെള്ളം പൊങ്ങിയിട്ടില്ല. കറന്റ് ഇല്ല എന്ന ഒറ്റപ്രശ്നം മാത്രമേ ഉള്ളൂ. തൊട്ടടുത്തുള്ള സുരക്ഷിത കേന്ദ്രമായി കണ്ട് ആർക്കും ഇവിടെ വരാവുന്നതാണ്. കഴിയും വിധം സഹായിക്കും. പരമാവധി പേർക്ക് ഇവിടെ താമസിക്കാം. സൗകര്യങ്ങൾ ഒരുക്കാം. ദയവു ചെയ്തു ദുരുപയോഗം ചെയ്യരുതെന്നു അപേക്ഷ.’ ടൊവീനോ തോമസ് ഇൻസ്റ്റാഗ്രാമില്‍ കുറിച്ചു.

ചലച്ചിത്ര താരം മല്ലികാ സുകുമാരനെ വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷപ്പെടുത്തുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നടനായ ജയറാം കനത്ത മഴയെ തുടർന്ന് പാലക്കാട്ട് കുടുങ്ങി കിടക്കുകയാണെന്നാണ് വിവരം. വീട്ടില്‍ വെള്ളം കയറിയ വിഡിയോ ചലച്ചിത്ര താരം ജോജു ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തു. ആളുകൾ പ്രദേശത്തു നിന്നു മാറിത്തുടങ്ങിയതായും പുഴപോലെയാണ് വീടിനു സമീപം വെള്ളമെന്നും ജോജു അറിയിച്ചു.മറ്റുചില താരങ്ങളും വെള്ളപ്പൊക്കത്തിന്റെ ദുരിതത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Comments are closed.