ചങ്ങനാശേരി ഒറ്റപ്പെട്ടു ; പെട്രോളിനും അവശ്യസാധനങ്ങൾക്കുമായി തിക്കും തിരക്കും

ചങ്ങനാശ്ശേരി : ചങ്ങനാശേരിയിലേക്കുള്ള ചരക്ക് നീക്കം നിലച്ചതോടെ അവശ്യസാധനങ്ങൾക്കും ഇന്ധനത്തിനും ക്ഷാമം നേരിടുകയാണ്.ചങ്ങനാശേരിയിലേക്കുള്ള പ്രധാന പാതകൾ എല്ലാം തന്നെ വെള്ളത്തിൽ മുങ്ങിയതിനാൽ ചങ്ങനാശേരിയിലേക്കും അവിടെ നിന്ന് മറ്റിടങ്ങളിലേക്കും ആർക്കും പോകാൻ കഴിയാത്ത സ്ഥിതിയാണ് 

എം.സി  റോഡിൽ തിരുവല്ല മുതൽ കോട്ടയം വരെ മാത്രമാണ് നിലവിൽ ഗതാഗതം ഉള്ളത്. മറ്റൊരു മാർഗ്ഗമായ ആലപ്പുഴ – ചങ്ങനാശേരി AC റോഡ് പൂർണ്ണമായും വെള്ളത്തിലാണ്. ട്രെയിൽ സർവ്വീസ് കൂടി നിലച്ചതിനാൽ പൂർണ്ണമായും ഒറ്റപ്പെട്ടു.

ചങ്ങനാശേരി മാർക്കറ്റിൽ വെള്ളം കയറിയതുമൂലം ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ധാന്യങ്ങളും പലവ്യഞ്ജനങ്ങളും മുഴുവൻ വെള്ളം കയറി നശിച്ചു. ഇത് അവശ്യസാധനങ്ങളുടെ ക്ഷാമത്തിന് ഇടവരുത്തിയിട്ടുണ്ട്. ജനം ക്ഷാമം മുൻകൂട്ടി കണ്ട് സാധനങ്ങൾ കൂടുതലായി വാങ്ങി ശേഖരിക്കുന്നത് മൂലം കടകൾ പലതും ഇതിനോടകം കാലിയായി കഴിഞ്ഞു.

ഇന്ധനം കൊണ്ടുവരുന്ന ടാങ്കറുകൾ എത്താൻ കഴിയാത്ത വിധം ഗതാഗത തടസ്സം നേരിടുന്നതിനാൽ ഒട്ടുമിക്ക പമ്പുകളിലും ഇന്ധനം തീർന്ന അവസ്ഥയാണ്. ശേഷിക്കുന്നിടത്ത് വലിയ ക്യൂ ആണ് ഇന്ധനം നിറക്കാനും കുപ്പിയിൽ വാങ്ങുന്നതിനുമായി. തിരക്ക് നിയന്ത്രണാധീതമായതിനെ തുടർന്ന് പോലീസ് ഇടപെട്ടാണ് ഇപ്പോൾ ഉപഭോക്താക്കളെ നിയന്ത്രിക്കുന്നത്. ടൗണിൽ ഒരു പമ്പിൽ മാത്രമാണ് നിലവിൽ പെട്രോൾ ലഭ്യതയുള്ളത് എന്നതും തിരക്ക് വർദ്ധിക്കാനിടയായി.

ഗതാഗതം പൂർവ്വസ്ഥിതിയിലെത്തുന്നതുവരേക്കും ഈ ക്ഷാമം തുടരാൻ തന്നെയാകും സാധ്യത.

- Advertisement -

Comments are closed.