തിരക്കഥകൾ എനിക്കായി തിരുത്താറില്ല: ടൊവീനോ

കഥാപാത്രങ്ങൾക്ക് കൂടുതൽ പ്രധാന്യം ലഭിക്കാനായി തിരക്കഥകൾ തിരുത്താറില്ലെന്ന് ടൊവീനോ. നായകൻ–നായിക എന്ന സങ്കൽപ്പങ്ങൾക്കപ്പുറം കഥാപാത്രങ്ങളാണ് സിനിമയിലുള്ളത്. അല്ലാത്ത തരത്തിലുള്ള കീഴ്‌വഴക്കങ്ങൾ മാറ്റി പിടിക്കണം. നമ്മുടെ സിനിമാ സംസ്കാരം അത്തരത്തിൽ മാറുന്നുണ്ടെന്നും ടൊവീനോ പറഞ്ഞു. ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ടൊവീനോ നിലപാട് വ്യക്തമാക്കിയത്.

‘സ്വാഭാവികമായി വരുന്ന കഥാപാത്രങ്ങളെ ഞാനായി മാറ്റില്ല എന്നത് ബോധപൂർവമായി എടുത്ത തീരുമാനമാണ്. തിരക്കഥയുമായി ഒരു സംവിധായകൻ വരുമ്പോൾ അതിൽ എനിക്ക് പ്രാധാന്യം വേണമെന്ന് ആവശ്യപ്പെടാൻ എനിക്ക് കഴിയില്ല. തിരക്കഥ ഇഷ്ടപ്പെട്ടില്ല എന്നു പറയാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. അല്ലാതെ, എനിക്ക് പ്രധാന്യം കുറഞ്ഞു പോയി, അത് കൂട്ടണം. എന്നാൽ ഞാൻ ചെയ്യാം എന്ന് ഞാൻ പറയില്ല,’ ടൊവീനോ പറഞ്ഞു.

‘മറ്റ് താരങ്ങൾക്ക് പറഞ്ഞു വച്ചിട്ടുള്ള രംഗങ്ങൾ കുറയ്ക്കുന്നതിന് ഞാൻ ശ്രമിക്കാറില്ല. അതിന് താൽപര്യവുമില്ല. കാരണം, ഞാനും അത്തരം കഥാപാത്രങ്ങൾ ചെയ്തു വന്ന വ്യക്തിയാണ്. ചെറിയ സീനുകളിൽ നിന്നാണ് ഞാനും തുടങ്ങിയത്,’ താരം വ്യക്തമാക്കി.

‘കാര്യങ്ങൾ ഇപ്പോൾ അങ്ങനെയല്ല. നമ്മുടെ സിനിമാ സംസ്കാരവും മാറിക്കൊണ്ടിരിക്കുകയാണ്. നായകൻ, വില്ലൻ എന്നിങ്ങനെയുള്ള സങ്കൽപങ്ങൾക്കപ്പുറത്ത് കഥാപാത്രങ്ങളാണ് സിനിമയിലുള്ളത്. ആസ്വാദകരുടെ യുക്തി അനുസരിച്ച് ഒരാൾ നായകനോ വില്ലനോ സഹനടനോ ആകാം. നമ്മുടെ സിനിമയിൽ നായകനോ നായികയോ എന്നല്ലാതെ മുഴുവൻ കഥാപാത്രങ്ങൾ എന്ന രീതിയിലുള്ള അവസ്ഥ വന്നാൽ എങ്ങനെയിരിക്കും? ഒരു കഥ പറയാൻ കേന്ദ്ര കഥാപാത്രങ്ങളെ ആവശ്യമായി വരും. അല്ലാതെ മറ്റു തരത്തിലുള്ള കീഴ്വഴക്കങ്ങള്‍ നമ്മളായിട്ടെങ്കിലും മാറ്റി പിടിക്കണ്ടേ, ടൊവീനോ ചോദിക്കുന്നു.

- Advertisement -

Comments are closed.