മലയാളത്തില്‍ അഭിനയിക്കുന്നെങ്കില്‍ അത് മോഹന്‍ലാലിനൊപ്പം എന്നു മുന്‍പേ തീര്‍ച്ചപ്പെടുത്തിയിരുന്നു : വിവേക് ഒബ്റോയി

മലയാള സിനിമയിലേക്കുള്ള തന്റെ അരങ്ങേറ്റം ഒരു മോഹന്‍ലാല്‍ ചിത്രത്തിലൂടെയായിരിക്കും എന്നു തീര്‍ച്ചപ്പെടുത്തിയിരുന്നുവെന്ന് ബോളിവുഡ് താരം വിവേക് ഒബ്റോയി. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് വിവേക് ഒബ്റോയി ഇക്കാര്യം തുറന്നുപറഞ്ഞത്. പൃഥ്വിരാജ് സംവിധായകനാകുന്ന ലൂസിഫറില്‍ മോഹന്‍ലാലിന്റെ വില്ലനായി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുകയാണ് താരം.
16 വർഷത്തിനു ശേഷമാണ് മോഹൻലാലും വിവേകും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്. രാംഗോപാൽ വർമ സംവിധാനം ചെയ്ത് 2002 ൽ പുറത്തിറങ്ങിയ കമ്പനിയിലാണ് ഇരുവരും ഒന്നിച്ചെത്തിയത്. ബോളിവുഡിലെ വിവേകിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു കമ്പനി.

‘ഒരുപാടു കാലം മുമ്പുതന്നെ ധാരാളം മലയാള ചിത്രങ്ങളില്‍നിന്ന് എനിക്ക് ഓഫറുകള്‍ വന്നിട്ടുണ്ട്. പക്ഷേ അപ്പോഴെല്ലാം ഞാന്‍ അവ ഒഴിവാക്കി വിട്ടു. എന്റെ ആഗ്രഹം മോഹന്‍ലാലുമൊന്നിച്ച് മലയാള ചിത്രം ചെയ്യണമെന്നായിരുന്നു. അതൊക്കെ അവരോടു തുറന്നുപറയുകയും ചെയ്തു. കാരണം ആരെങ്കിലുമൊക്കെയായി മലയാളി ബന്ധം എനിക്കുണ്ടാകും. കഴിഞ്ഞ പതിനെട്ടു വർഷമായി ശബരിമലയിൽ ദർശനം നടത്താറുണ്ട്.

ഇങ്ങനെ ഒരു ഓഫറുമായി എന്നെ വിളിക്കുന്നത് പൃഥ്വിരാജാണ്. മോഹൻലാലും ടൊവീനോയും മഞ്ജു വാരിയരുമാണ് പ്രധാനവേഷങ്ങളിൽ എത്തുന്നതെന്നു കേട്ടപ്പോഴേ ഞാൻ എക്സൈറ്റഡ് ആയി. കാരണം മലയാള സിനിമ പതിവായി കാണുന്ന ഒരാളെന്ന നിലയിൽ ‘ലൂസിഫർ’ ആദ്യം തന്നെ എന്നെ ആകർഷിച്ചിരുന്നു. അതിനു ശേഷമാണ് എന്റെ കഥാപാത്രത്തെക്കുറിച്ചു പൃഥ്വി പറയുന്നത്. മോഹൻലാലിന്റെ വില്ലനാണ് കഥാപാത്രം. കേട്ടപ്പോൾത്തന്നെ താൽപര്യമായി. പക്ഷേ ആ സമയത്തു പൃഥ്വി മണാലിയിലും ഞാൻ മുംബൈയിൽ ഷൂട്ടിലുമായിരുന്നു. നേരിട്ടു കണ്ടു സംസാരിക്കാനുള്ള അവസരം ലഭിച്ചില്ല’.

‘അതിനു ശേഷം ഫോണിലൂടെ ലൂസിഫറിന്റെ തിരക്കഥ പൃഥ്വി എന്നെ പറഞ്ഞു കേൾപ്പിച്ചു. ഉടൻ തന്നെ പൃഥ്വിയോടു മറുപടി നൽകി: ‘തീർച്ചയായും ഈ ചിത്രം ഞാൻ ചെയ്യും.’ ഇത് ഗംഭീര പ്രോജക്ട് ആണെന്നും ഹിന്ദിയിൽപോലും ഇങ്ങനെയൊരു വേഷം ലഭിക്കുമോ എന്ന് അറിയില്ലെന്നും ഞാൻ പൃഥ്വിയോടു പറഞ്ഞു.

ലൂസിഫറിൽ ഒരുമിക്കുന്നതിനു മുമ്പുതന്നെ മോഹൻലാലുമായി ആത്മബന്ധമുണ്ടെന്നും വിവേക് വ്യക്തമാക്കി. ‘ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മോഹൻലാൽ. അങ്ങനെയൊരാളുടെ കൂടെ പ്രവർത്തിക്കാനാകുക വലിയൊരു അംഗീകാരമാണ്. കൂടാതെ അദ്ദേഹവുമായി ആത്മബന്ധവുമുണ്ട്. കേരളത്തിൽ വരുമ്പോഴൊക്കെ ലാലേട്ടനെ കാണാൻ പോകാറുണ്ട്.

കമ്പനി എന്ന സിനിമയുടെ സെറ്റിൽവെച്ചാണ് ഞാൻ ശബരിമലയില്‍ മുടങ്ങാതെ പോകുമെന്ന കാര്യം അദ്ദേഹം അറിയുന്നത്. അതിനു ശേഷമുള്ള എന്റെ സന്ദർശനങ്ങളിലെല്ലാം ലാലേട്ടൻ എന്നെ നേരിട്ടു സഹായിച്ചു. സൂപ്പർസ്റ്റാർ എന്ന വിശേഷണത്തിൽ ഒതുങ്ങാത്ത തികച്ചും സാധാരണ വ്യക്തിത്വമാണ് ലാലേട്ടന്റേത്.

ലാലേട്ടന്റെ ദൃശ്യം, ഒപ്പം എന്നീ സിനിമകൾ അടുത്തിടെ കണ്ടിരുന്നു. മമ്മൂക്കയുടെ ബെസ്റ്റ് ആക്ടർ സിനിമയും കണ്ടിട്ടുണ്ട്. അതിൽ എന്റെ സിനിമാ കരിയറിനെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. പൃഥ്വിയുടെ ‘മുംബൈ പൊലീസ്’, നിവിൻ പോളിയുടെ ‘നേരം’, മഞ്ജു വാരിയരുടെ ‘ഹൗ ഓൾഡ് ആർയു’ ഇതൊക്കെ ഏറെ ഇഷ്ടപ്പെട്ട സിനിമകളാണ്.’

പൃഥ്വി എനിക്ക് വേണ്ടി തിരഞ്ഞെടുത്ത കുറച്ച് ക്ലാസിക് സിനിമകളുണ്ട്. കന്മദം എന്ന സിനിമ അടുത്തിടെ കണ്ടു. സബ്ടൈറ്റിൽ ഉപയോഗിച്ചു കാണുമ്പോൾ വളരെ എളുപ്പത്തിൽ മലയാളസിനിമയെ മനസ്സിലാക്കാനാകും. ലൂസിഫറിൽ എനിക്ക് താരങ്ങളായ അധ്യാപകരാണ് കൂടെയുള്ളത്. ലാലേട്ടൻ, മഞ്ജു, പ‍ൃഥ്വി. എനിക്ക് അറിയില്ലാത്ത വാക്കുകളാണെങ്കിൽ അവരോടു ചോദിച്ച് അർഥം മനസ്സിലാക്കും. അതിന്റെ ഉച്ചാരണവും ഗ്രാമറും താളവുമൊക്കെ ചോദിക്കും. അവരെന്നെ ഒരുപാട് സഹായിക്കുന്നുണ്ട്.

ലൂസിഫറിലെ കഥാപാത്രത്തെക്കുറിച്ച് ഇപ്പോൾ ഒന്നും വെളിപ്പെടുത്താനാകില്ല. വെല്ലുവിളി നിറഞ്ഞ വേഷമാണ്. എന്റെ കരിയറിൽ ഇങ്ങനെയൊരു കഥാപാത്രം ചെയ്തിട്ടില്ല. പൃഥ്വി മികച്ചൊരു സംവിധായകൻ കൂടിയാണെന്ന് ഉറപ്പിച്ച് പറയാൻ കഴിയും. അദ്ദേഹത്തിന്റെ ഷോട്ടുകൾക്കെല്ലാം രാജ്യാന്തര മികവുണ്ട്. കമ്പനി, സർക്കാർ എന്നീ സിനിമകളിൽ രാം ഗോപാൽ വർമ ചെയ്ത കാര്യങ്ങളാണ് പൃഥ്വിയെ കാണുമ്പോൾ ഓർമ വരുന്നത്’: വിവേക് പറയുന്നു.

മുരളി ഗോപി തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് വാസുദേവാണ്. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്ന സിനിമയുടെ സംഗീതം ദീപക് ദേവ് ആണ്. രണ്ടു വര്‍ഷം മുമ്പാണ് മോഹന്‍ലാല്‍ നായകനായി താന്‍ സിനിമ സംവിധാനം ചെയ്യുന്നുവെന്നു പൃഥ്വിരാജ് പ്രഖ്യാപിച്ചത്. സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഇരുവരുടെയും തിരക്കുകള്‍ കാരണം നീണ്ടു പോകുകയായിരുന്നു.

- Advertisement -

Comments are closed.