മാധ്യമങ്ങള്‍ക്ക് നീതിബോധം വേണം ; ഒരു ഗോസിപ്പ് പറയുന്ന ലാഘവത്തോടെ കേസിന്റെ ഭാഗമാണെന്ന് പറയുന്നത് ശരിയല്ല : നമിത പ്രമോദ്

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിനു പിന്നാലെ ഒപ്പം അഭിനയിച്ചതും സുഹൃത്തുക്കളായതുമായ പല നടിമാരുടെയും പേര് കേസിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെട്ടു. അതില്‍ ഏറെ വ്യാജ വാര്‍ത്തകള്‍ക്ക് ഇരയായത് യുവ നടി നമിത പ്രമോദാണ്. ഇതേക്കുറിച്ച് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ നമിത മനസ്സു തുറന്നു.

‘സിനിമാ രംഗത്ത് ചില പ്രശ്‌നങ്ങള്‍ വന്നപ്പോള്‍ എന്റെ പേരും വാര്‍ത്തകളിലേയ്ക്ക് വലിച്ചിഴച്ചു. ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും ജനങ്ങളിലേയ്ക്ക് എത്തിക്കുന്നത് മാധ്യമങ്ങളാണ്. അവര്‍ക്ക് തീര്‍ച്ചയായും നീതിബോധം വേണം. ഒരാളെക്കുറിച്ച് വാര്‍ത്ത കൊടുക്കും മുന്‍പ് അതിന്റെ കൃത്യതയെക്കുറിച്ച് അന്വേഷിക്കണം. ഒരു ഗോസിപ്പ് പറയുന്ന ലാഘവത്തോടെ കേസിന്റെ ഭാഗമാണെന്ന് പറയുന്നത് ശരിയല്ല. ആദ്യമൊക്കെ ടെന്‍ഷനുണ്ടായിരുന്നു. ഈശ്വരാ എന്തിനാ എന്നെ ഇതിലേക്കൊക്കെ വലിച്ചിഴയ്ക്കുന്നതെന്ന് ആലോചിച്ചിട്ടുണ്ട്. പക്ഷേ എന്റെ കുടുംബവും ബന്ധുക്കളും തന്ന പിന്തുണ വലുതാണ്’ നമിത പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ നായികയായ യുവനടിയുടെ അക്കൗണ്ടിലേയ്ക്ക് കോടികള്‍ വന്നെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനു പിന്നാലെ ഇത് നമിതയാണെന്ന തരത്തില്‍ പ്രചരണങ്ങളുണ്ടായി. സൗണ്ട് തോമ, കമ്മാരസംഭവം, ചന്ദ്രേട്ടന്‍ എവിടെയാ, വില്ലാളി വീരന്‍ എന്നീ ചിത്രങ്ങളില്‍ നമിതയും ദിലീപുമായിരുന്നു താരങ്ങള്‍. റിലീസിനൊരുങ്ങുന്ന ‘പ്രഫസര്‍ ഡിങ്കന്‍’ എന്ന ചിത്രമാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം.

- Advertisement -

Comments are closed.