‘സ്ഫടികം 2’ വിനെതിരെ സോഷ്യല്‍ മീഡിയയില്‍ എതിര്‍പ്പുമായി ‘ആടുതോമ’ആരാധകര്‍

മലയാളത്തിലെ എക്കാലത്തെയും ജനപ്രിയചിത്രങ്ങളില്‍ ഒന്നായ, ഭദ്രന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ സ്ഫടികത്തിന് രണ്ടാംഭാഗം ഒരുക്കുകയാണെന്ന് യുവസംവിധായകന്‍. നേരത്തേ യുവേഴ്സ് ലൗവിംഗ്‍ലി എന്ന ചിത്രമൊരുക്കിയ ബിജു ജെ കട്ടയ്ക്കലാണ് താന്‍ സ്ഫടികം 2 സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണെന്ന് ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചത്. ചില ഫേസ്ബുക്ക് സിനിമാ ഗ്രൂപ്പുകളില്‍ ബിജു തന്നെ ഈ വിവരം പങ്കുവച്ചു. എന്നാല്‍ സ്ഫടികം ആരാധകര്‍ ഈ പ്രഖ്യാപനത്തില്‍ കടുത്ത എതിര്‍പ്പുയര്‍ത്തുകയാണ് സോഷ്യല്‍ മീഡിയയില്‍. 

സ്ഫടികത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ആടുതോമയുടെ മകന്‍, ഇരുമ്പന്‍ സണ്ണി എന്ന കഥാപാത്രത്തിന്‍റെ കഥയാണ് സ്ഫടികം 2ലൂടെ പറയുന്നതെന്ന് സംവിധായകന്‍. ബോളിവുഡ് താരം സണ്ണി ലിയോണ്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നും സ്ഫടികത്തില്‍ സില്‍ക്ക് സ്മിത അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ മകളായാണ് അവര്‍ എത്തുന്നതെന്നും അണിയറക്കാര്‍ അവകാശപ്പെടുന്നു. ഹോളിവുഡ് നിര്‍മ്മാണക്കമ്പനിയായ മൊമന്‍റം പിക്ചേഴ്സ് നിര്‍മ്മാണത്തില്‍ സഹകരിക്കുന്നുണ്ടെന്നും സംവിധായകന്‍ പറയുന്നു.

ബിജു ജെ കട്ടയ്ക്കലിന്‍റെ പേജിലും ഇതിനെ കുറിച്ച് വാർത്തകൾ പങ്കുവെച്ച മറ്റു പേജുകളിലും ഈ പോസ്റ്റുകള്‍ക്ക് താഴെ സ്ഫടികം ആരാധകരുടെ വ്യാപക പ്രതിഷേധമുണ്ട്. കള്‍ട്ട് പദവി നേടിയ തങ്ങളുടെ പ്രിയ ചിത്രത്തിന് രണ്ടാംഭാഗം വേണ്ടെന്ന അഭിപ്രായം പങ്കുവെക്കുന്ന ചില കമന്‍റുകള്‍ മോശം ഭാഷയില്‍ ഉള്ളതാണ്.

ആകെ 12 സിനിമകള്‍ സംവിധാനം ചെയ്ത ഭദ്രന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയമാണ് 1995ല്‍ പുറത്തിറങ്ങിയ സ്ഫടികം. ചിത്രം വലിയ സാമ്പത്തിക വിജയം നേടിയതിന് ശേഷം രണ്ടാംഭാഗമൊരുക്കാന്‍ ഓഫര്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ സാമ്പത്തികലാഭം മുന്‍നിര്‍ത്തി ഒരു രണ്ടാംഭാഗത്തിന് താന്‍ തയ്യാറായിരുന്നില്ലെന്നും ഭദ്രന്‍ നേരത്തേ പറഞ്ഞിട്ടുണ്ട്. അത്തരത്തിലൊരു തുടര്‍ച്ച സ്ഫടികം ആവശ്യപ്പെടുന്നില്ലെന്നും.

Comments are closed.