കന്യാസ്ത്രീകൾക്ക് പിന്തുണയുമായി റിമയും ആഷിക്ക് അബുവും

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ നടക്കുന്ന സമരത്തിന് പിന്തുണയുമായി സിനിമയിലെ വനിതാസംഘടനയായ ഡബ്ലൂസിസി. പി.സി. ജോർജിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനകളെ ശക്തമായ ഭാഷയിൽ അപലപിക്കുന്നുവെന്നും ഇരയോട് എപ്പോഴും അനാദരവ് കാണിക്കുന്ന മനുഷ്യത്വരഹിതമായ നിലപാടുകൾക്കെതിരെ നിയമനടപടികൾ എടുക്കണമെന്നും ഡബ്യൂസിസി ആവശ്യപ്പെട്ടു. നടി റിമ അടക്കമുള്ളവർ സമരപ്പന്തലിൽ നേരിട്ടെത്തിയാണ് പിന്തുണ അറിയിച്ചത്. സംവിധായകന്‍ ആഷിക്ക് അബുവും ഒപ്പമുണ്ടായിരുന്നു.

കേരളത്തിലെ കന്യാസ്ത്രീകള്‍ മുന്നോട്ടുവയ്ക്കുന്ന ചരിത്രപ്രധാനമായ ഈ സമരത്തില്‍ തങ്ങളും പങ്കുചേരുന്നു. ഇതു സ്ത്രീകളുടെ തുറന്നുപറച്ചിലിന്റെ കാലമാണ്. അതിനെ അവഗണിക്കാന്‍ ഒരു ശക്തിക്കുമാവില്ലയെന്ന് സമരത്തിനു പിന്‍തുണ പ്രഖ്യാപിച്ച് റിമ പറഞ്ഞു.

ഭരണപക്ഷ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ഇത്രയും ഗൗരവമായ ഒരു പരാതി സമര്‍പ്പിച്ചിട്ടും യുവജനങ്ങളടക്കം വളരെ അപകടകരമായ നിശ്ശബ്ദത പാലിക്കുന്നത് അത്യധികം അശ്രദ്ധയോടെയാണ് നാമേവരും കണ്ടു കൊണ്ടിരിക്കുന്നത്. പുരോഗമനം പറയുന്ന സര്‍ക്കാരടക്കമുള്ള ഇടതുപക്ഷ പാര്‍ട്ടികളടക്കം അവഗണിക്കുന്ന ഇവരുടെ സമരത്തിനു നീതി കിട്ടും വരെ പിന്തുണ പ്രഖ്യാപിക്കുന്നുവെന്നാണ് ആഷിഖ് അബു പ്രതികരിച്ചത്.

ഡബ്യൂസിസിയുടെ കുറിപ്പ് വായിക്കാം–

നമ്മുടെ സമൂഹവ്യവസ്ഥയിലെ പുരുഷാധിപത്യപരമായ സമീപനങ്ങൾക്കെതിരെയും , അനീതികൾക്കെതിരെയും പോരാടുന്ന ഓരോ സ്ത്രീയുടെയും കൂടെ ആണ് ഞങ്ങൾ.

അധികാരവും പദവികളും ഒരിക്കലും നിസ്സഹായരെ ചൂഷണത്തിന് ഇരയാക്കാൻ വേണ്ടി ദുരുപയോഗം ചെയ്യേണ്ടേ ഉപാധികളല്ല എന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു ! കേരള ഗവൺമെന്റും വനിതാ കമ്മീഷനും നീതിക്കു വേണ്ടി പോരാടാനും ശബ്ദം ഉയർത്താനും ധൈര്യം കാണിച്ചവരോടൊപ്പം ഉറച്ചുനിൽക്കണം എന്ന് ഞങ്ങൾ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നു.

പി.സി. ജോർജിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനകളെ ശക്തമായ ഭാഷയിൽ അപലപിക്കുന്നതിനോടൊപ്പം , ഇരയോട് എപ്പോഴും അനാദരവ് കാണിക്കുന്ന മനുഷ്യത്വരഹിതമായ നിലപാടുകൾക്കെതിരെ നിയമനടപടികൾ എടുക്കണം എന്നും ഞങ്ങൾ ആവശ്യപ്പെടുന്നു.

കേരളം പ്രളയത്തെ അത്ഭുതകരമായി അതിജീവിച്ച് പുനർനിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സമയമാണിത് ! #377 ന്റെ മതിൽക്കെട്ടുകൾ തകർത്ത, LGBTQ കമ്മ്യൂണിറ്റിയുടെ ഭാഗമായ നമ്മുടെ സഹോദരി സഹോദരന്മാർക്ക് സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വഴി തുറന്ന ചരിത്രപരമായ വിധി ന്യായങ്ങളുടെയും സമയവും! അനീതിയെയും, അസമത്വത്തെയും ഇല്ലാതാക്കി, പുരോഗതിയിലേക്ക്, വളർച്ചയിലേക്ക്, പുനരുദ്ധാരണത്തിലേക്ക് ഉള്ളതാവട്ടെ നമ്മുടെ ചുവടുവെപ്പുകൾ.

കേരളത്തിലെ കന്യാസ്ത്രീകൾ മുന്നോട്ടു വെക്കുന്ന ചരിത്രപ്രധാനമായ ഈ സമരത്തിൽ ഞങ്ങളും പങ്കു ചേരുന്നു. ഇത് സ്ത്രീകളുടെ തുറന്നു പറച്ചിലിന്റെ കാലമാണ്. അതിനെ അവഗണിക്കാൻ ഒരു ശക്തിക്കുമാവില്ല.

#അവൾക്കൊപ്പം

Comments are closed.