ഒന്നുമില്ലാതിരുന്നപ്പോള്‍ ഒപ്പംനിന്ന് എന്നെ ഞാനാക്കിയവള്‍; മലയാളിയായ ഭാര്യയെക്കുറിച്ച് വിജയ് സേതുപതി

സിനിമയിലെത്തുന്നതിനും ഏറെ മുന്‍പ് വിവാഹിതനായ താരമാണ് വിജയ് സേതുപതി. ദുബായില്‍ ജോലി ചെയ്യുന്നതിനിടെ സുഹൃത്ത് വഴി കേട്ട മലയാളിയായ ജെസ്സിയെ പിന്നീട് ഇന്റര്‍നെറ്റ് ചാറ്റിലൂടെ പരിചയപ്പെടുകയായിരുന്നു. കൊല്ലം സ്വദേശിനിയായ ജെസ്സി ചെന്നൈയിലാണ് വളര്‍ന്നത്. ഈ ബന്ധം പ്രണയമായി. ഏറെ നാളത്തെ പ്രണയത്തിനുശേഷം സേതുപതി മലയാളി പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. നിശ്ചയത്തിന്റെ അന്നു മാത്രമാണ് ഇരുവരും നേരില്‍ കണ്ടത്. ഒരു അഭിമുഖത്തില്‍ ജെസ്സിയുമായുള്ള പ്രണയത്തെക്കുറിച്ച് സേതുപതി മനസ്സു തുറന്നു. 23-ാമത്തെ വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ വിവാഹം.

സിനിമയിലെത്താനും നല്ല കഥാപാത്രങ്ങള്‍ കിട്ടാതെ കഷ്ടപ്പെട്ട കാലത്ത് എല്ലാ പിന്തുണയും തന്ന് ഒപ്പം നിന്നത് ജെസ്സിയാണെന്ന് സേതുപതി പറയുന്നു. ഒന്നുമില്ലാതിരുന്നപ്പോഴും ഒരു പരാതിയും പറയാതെ അവള്‍ ഒപ്പം നിന്നു. എന്റെ സ്വപ്നത്തിനുവേണ്ടിയായിരുന്നു അവളുടെ പിന്തുണ മുഴുവന്‍. ആ പിന്തുണയില്ലായിരുന്നു എങ്കില്‍ എനിക്കിവിടെയെത്താന്‍ സാധിക്കുമെന്ന് കരുതുന്നില്ല, സേതുപതി പറഞ്ഞു.

‘പരസ്പരം കാണുന്നതിനുമുന്‍പാണ് പരിചയപ്പെടുന്നത്. ദുബായില്‍ ജോലി ചെയ്യുമ്പോള്‍ ജെസിയും അവിടെയുണ്ടായിരുന്നു. ഓണ്‍ലൈന്‍ ചാറ്റിങ്ങിലൂടെയാണ് പരസ്പരം സംസാരിക്കുന്നതും അടുക്കുന്നതും”, സേതുപതി പറഞ്ഞു.

പ്രണയം വീട്ടില്‍ പറഞ്ഞപ്പോള്‍ ആദ്യം കുറച്ചുപ്രശ്‌നങ്ങളുണ്ടായി. ഒടുവില്‍ വിവാഹത്തിന് അവര്‍ സമ്മതം നല്‍കി. വിവാഹനിശ്ചയത്തിന്റെ അന്നാണ് ജെസിയെ ആദ്യമായി നേരില്‍ക്കാണുന്നത്, സേതുപതി പറഞ്ഞു. ഇപ്പോള്‍ തമിഴിലെ തിരക്കുള്ള നടന്മാരില്‍ ഒരാളാണ് വിജയ് സേതുപതി. മണിരത്‌നം സംവിധാനം ചെയ്യുന്ന ചെക്ക ചിവന്ത വാസമാണ് സേതുപതിയുടെ പുതിയ ചിത്രം.

Comments are closed.