ക്യാപ്റ്റൻ രാജു അന്തരിച്ചു

നടൻ ക്യാപ്റ്റൻ രാജു അന്തരിച്ചു. 68 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. അഞ്ഞൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, ഇം‌ഗ്ലീഷ് എന്നീ ഭാഷകളിൽ അദ്ദേഹം തന്റെ സാനിധ്യം അറിയിച്ചു.

ഭാര്യയും മകനുമൊത്തു കൊച്ചിയിൽ നിന്നു ന്യൂയോർക്കിലേക്കുള്ള യാത്രയ്ക്കിടെ മസ്തിഷ്കാഘാതം ഉണ്ടായതിനെ തുടർന്ന് ഏറെ നാൾ ചികിത്സയിലായിരുന്നു.

സ്വഭാവ നടനായും വില്ലനായും ഹാസ്യ താരമായും ക്യാപ്റ്റൻ രാജു മലയാളികളുടെ പ്രിയതാരമായി മാറി. പത്തനംതിട്ട ജില്ലയിലെ ഒാമല്ലൂർ സ്വദേശിയായ രാജു പട്ടാളസേവനത്തിനു ശേഷമാണു ചലച്ചിത്രരംഗത്തെത്തിയത്. 1981ൽ പുറത്തിറങ്ങിയ ‘രക്തം’ ആദ്യ ചിത്രം. രതിലയം, ആവനാഴി, ആഗസ്റ്റ് ഒന്ന്, നാടോടിക്കാറ്റ്, കാബൂളിവാല, സിെഎഡി മൂസ, പഴശ്ശിരാജ, മുംബൈ പൊലീസ്, സാമ്രാജ്യം തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയവേഷമിട്ടു. ‘ഇതാ ഒരു സ്നേഹ ഗാഥ’, ‘മിസ്റ്റർ പവനായി 99.99’ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഭാര്യ: പ്രമീള. രവിരാജ് ഏക മകൻ.

1950 ജൂണ്‍ 27-ന് കെ.ജി.ഡാനിയലിന്റെയും അന്നമ്മയുടെയും ഏഴു മക്കളില്‍ ഒരാളായി ജനനം. ഓമല്ലൂര്‍ സര്‍ക്കാര്‍ യുപി സ്‌കൂളില്‍ അധ്യാപകരായിരുന്നു മാതാപിതാക്കള്‍. ഓമല്ലൂര്‍ യുപി സ്‌കൂളിലും എന്‍എസ്എസ് ഇംഗ്ലിഷ് മീഡിയം സ്‌കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്നു പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍നിന്നു സുവോളജി ബിരുദം നേടിയ രാജു, 21–ാം വയസില്‍ ഇന്ത്യന്‍ സൈന്യത്തില്‍ കമ്മിഷന്‍ഡ് ഓഫിസറായി ജോലിയില്‍ പ്രവേശിച്ചു.

പട്ടാളത്തില്‍നിന്നു വിരമിച്ച ശേഷം കുറച്ചുകാലം മുംബൈയിലെ ‘ലക്ഷ്മി സ്റ്റാര്‍ച്ച്’ എന്ന കമ്പനിയിലും ജോലി ചെയ്തിട്ടുണ്ട്. ഇവിടെ ജോലി ചെയ്യുന്നതിനിടെ പ്രതിഭാ തിയറ്റേഴ്‌സ് ഉള്‍പ്പെടെ മുംബൈയിലെ അമച്വര്‍ നാടക ട്രൂപ്പുകളില്‍ ക്യാപ്റ്റന്‍ രാജു സഹകരിച്ചിരുന്നു. പിന്നീടാണു ചലച്ചിത്രരംഗത്തേയ്ക്കു കടന്നത്.

1981ൽ രക്തം എന്ന സിനിമയിലൂടെ അരങ്ങേറ്റം നടത്തി. എൺപതുകളുടെ കാലത്ത് മലയാളസിനിമയിലെ ശക്തമായ വില്ലൻ സാനിധ്യമായിരുന്നു ക്യാപ്റ്റൻ രാജു. ജോൺ ജാഫർ ജനാർദ്ദനൻ, മോർച്ചറി, അസുരൻ, ചങ്ങാത്തം, പാസ്പോർട്ട്, കൂലി, തിരകൾ, ഉണ്ണിവന്ന ദിവസം, അതിരാത്രം, പാവം ക്രൂരൻ,ആഴി, ഭഗവാൻ, ആവനാഴി, കരിമ്പിൻ പൂവിനക്കരെ, നിമിഷങ്ങൾ, ഒരു വടക്കൻ വീരഗാഥ, നാടോടിക്കാറ്റ്, യാഗാന്നി, മഹാൻ, ഉപ്പുകണ്ടം ബ്രദേഴ്സ്, കാബൂളിവാല, തക്ഷശില, പുതുക്കോട്ടയിലെ പുതുമണവാളൻ, അഗ്നിദേവന്‍, ഉദയപുരം സുല്‍ത്താൻ, കേരളവർമ പഴശ്ശിരാജ, താന്തോന്നി എന്നിവ പ്രധാനചിത്രങ്ങൾ.

മമ്മൂട്ടി ചിത്രം മാസ്റ്റർപീസിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. ക്യാപ്റ്റൻ രാജുവായി തന്നെയാണ് ചിത്രത്തിൽ അദ്ദേഹം എത്തിയതും

Comments are closed.