ആര്യനും ചിത്രവും വിജയിച്ചതോടെ പിന്നെ വന്നതെല്ലാം പരാജയ ചിത്രങ്ങള്‍, അപ്പോള്‍ മോഹന്‍ലാല്‍ നല്കിയ ഉപദേശം കരിയറില്‍ വഴിത്തിരിവായി : പ്രിയദര്‍ശന്‍

മലയാള സിനിമയിലെ ഏറ്റവും മികച്ച കൂട്ടുകെട്ട് ഏതാണെന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളു, മോഹന്‍ലാല്‍-പ്രിയദര്‍ശന്‍. ഇവര്‍ ഒരുമിച്ച സിനിമകളെല്ലാം ഹിറ്റുകള്‍. പ്രിയദര്‍ശന്‍ ലാലിനായി ഒരുക്കിയ കഥാപാത്രങ്ങളെല്ലാം ആരാധകരുടെ മനസില്‍ ഇന്നും നിറഞ്ഞു നില്ക്കുന്നു. പ്രിയന്റെ കുടുംബജീവിതത്തിലും കരിയറിലും താളപ്പിഴകള്‍ ഉണ്ടായപ്പോള്‍ രക്ഷയ്‌ക്കെത്തിയത് ലാല്‍ ആയിരുന്നു. അത്തരത്തിലൊരു സംഭവം അദേഹം അടുത്തിടെ നല്കിയ അഭിമുഖത്തില്‍ ഓര്‍ത്തെടുത്തപ്പോള്‍.

ലാലുമായി എനിക്ക് വല്ലാത്തൊരു ആത്മബന്ധമാണ്. കഴിഞ്ഞ 34 വര്‍ഷത്തിനിടെ കുറഞ്ഞത് മൂന്ന് തവണയെങ്കിലും കരിയറില്‍ എനിക്ക് മോശം കാലം ഉണ്ടായിട്ടുണ്ട്. ലാല്‍ ആയിരുന്നു അക്കാലത്തെല്ലാം എന്റെ ഏറ്റവും വലിയ ബലം. എണ്‍പതുകളുടെ അവസാനം എനിക്കൊരു ഹാട്രിക് വിജയം ലഭിച്ചു. വെള്ളാനകളുടെ നാട് 150 ദിവസം ഓടി. തുടര്‍ന്നുവന്ന ആര്യന്‍ 200 ദിവസവും ചിത്രം 366 ദിവസവും തീയേറ്ററില്‍ കളിച്ചു.

പക്ഷേ അതിനുശേഷം ചില പരാജയങ്ങള്‍ സംഭവിച്ചു. അക്കരെ അക്കരെ അക്കരെയും കടത്തനാടന്‍ അമ്പാടിയും ബോക്സ് ഓഫീസില്‍ കാര്യമായ പ്രതികരണം ഉണ്ടാക്കിയില്ല. ലാല്‍ എന്നോട് അക്കാലത്ത് പറഞ്ഞു, ‘അടുത്ത ആറ് മാസത്തേക്ക് സിനിമകളൊന്നും ചെയ്യേണ്ടെന്ന്’. അത് കേട്ടപ്പോള്‍ ഒരു വിഷമം തോന്നിയെങ്കിലും അതൊരു നല്ല ഉപദേശമായിരുന്നെന്ന് പിന്നീട് തോന്നി.

ഞാന്‍ സിനിമയില്‍ നിന്നൊരു ഇടവേളയെടുത്തു. അതിനുശേഷം ലാലുമൊത്ത് ചെയ്യുന്ന സിനിമയാണ് കിലുക്കം. ഞാന്‍ പിന്നീട് ലാലിനോട് ചോദിച്ചിട്ടുണ്ട്, എന്തുകൊണ്ടാണ് എന്നോട് അന്നങ്ങനെ പറഞ്ഞതെന്ന്. തുടര്‍ വിജയങ്ങള്‍ അമിത ആത്മവിശ്വാസത്തിലേക്ക് നയിക്കുമെന്നായിരുന്നു ലാല്‍ പറഞ്ഞത്

Comments are closed.