‘ദിലീപിനെതിരെ ഉടന്‍ നടപടി വേണം’; ‘അമ്മ’ ക്ക് വീണ്ടും നടിമാരുടെ കത്ത്

ദിലീപിനെതിരായ അച്ചടക്ക നടപടിയിൽ ഉടൻ തീരുമാനം വേണമെന്നാവശ്യപ്പെട്ട് മൂന്ന് നടിമാർ അമ്മ നേതൃത്വത്തിന് വീണ്ടും കത്ത് നൽകിയെന്ന് മലയാളത്തിലെ ഒരു പ്രമുഖ മാദ്ധ്യമം റിപ്പോര്‍ട് ചെയ്തു. അമ്മയുമായി നേരത്തെ ചർച്ച നടത്തിയ രേവതിയും പാർവ്വതിയും പത്മപ്രിയയുമാണ് സമ്മർദ്ദം ശക്തമാക്കിയത് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ഒരിടവേളക്ക് ശേഷം വീണ്ടും ദിലീപ് പ്രശ്നം സജീവമാക്കുകയാണ് ഡബ്ള്യുസിസി അംഗങ്ങൾ കൂടിയായ നടിമാർ. ഓഗസ്റ്റ് ഏഴിനായിരുന്നു അമ്മ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ രേവതിയും പാർവ്വതിയും പത്മപ്രിയയുമായി ചർച്ച നടത്തിയത്. നടിയെ ആക്രമിച്ച കേസിൽ വിധി വരും വരെ ദിലീപിനെ സംഘടനയിൽ നിന്നും സസ്പെൻഡ് ചെയ്യണമെന്നതടക്കമുളള ആവശ്യങ്ങളാണ് നടിമാർ അന്ന് ഉന്നയിച്ചത്. സംഘടനയിലേക്കില്ലെന്ന് ദിലീപ് വ്യക്തമാക്കിയ കാര്യമായിരുന്നു അമ്മ ഭാരവാഹികൾ ഉന്നയിച്ചതെങ്കിലും നടപടി തന്നെ വേണമെന്നായിരുന്നു നടിമാരുടെ ആവശ്യം.

നിയമവിദഗ്ധരുമായി ആലോചിച്ച് മറുപടി നൽകാമെന്ന് അറിയിച്ച് ഒരു മാസത്തിലേറെ ആയിട്ടും ഒരു പ്രതികരണവും ഇല്ലാത്ത സാഹചര്യത്തിലാണ് നടിമാരുടെ പുതിയ നീക്കം. നേരത്തെ ഓഗസ്റ്റ് 13 ന് തീരുമാനം വൈകരുതെന്ന് കാണിച്ച് നടിമാർ അമ്മക്ക് കത്ത് നൽകിയിരുന്നു. വീണ്ടും ചർച്ച നടത്താമെന്നും ഒരുമിച്ച് വാർത്താസമ്മേളനം വിളിക്കാമെന്നുമൊക്കെയുള്ള കൊച്ചി ചർച്ചയിലെ ധാരണയും ഇതുവരെ ഉണ്ടായില്ല.

Comments are closed.