പ്രധാനമന്ത്രിയുമായുള്ള കൂടികാഴ്ചയുടെ വിശദാംശംങ്ങള്‍ പങ്കുവച്ചു മോഹന്‍ലാലിന്‍റെ ബ്ലോഗ് ‘മുഖാമുഖം മോദി’

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ചയുടെ വിശദാംശങ്ങള്‍ വിവരിച്ച് നടന്‍ മോഹന്‍ലാല്‍. പുതിയ ബ്ലോഗിലൂടെയായിരുന്നു മോഹൻലാൽ ഇക്കാര്യങ്ങൾ പ്രേക്ഷകരുമായി പങ്കുവച്ചത്.

തങ്ങളുടെ കൂടിക്കാഴ്ച്ചയില്‍ ഒരു വാക്ക് പോലും രാഷ്ട്രീയം സംസാരിച്ചില്ലെന്നും വിശ്വശാന്തി ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രളയാനന്തര കേരളത്തെക്കുറിച്ചുമൊക്കെയാണ് സംസാരിച്ചതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ബ്ലോഗിൽ നിന്നുള്ള പ്രസക്തഭാഗങ്ങള്‍ താഴെ കൊടുക്കുന്നു.

ഇക്കഴിഞ്ഞ സെപ്റ്റംബർ 3 വ്യക്തിപരമായി എനിക്ക് ഏറെ വിശേഷപ്പെട്ട ഒരു ദിവസമായിരുന്നു. അന്ന് ഞാൻ പ്രധാനമന്ത്രിയെ നേരിൽച്ചെന്ന് കണ്ട് സന്ദർശിച്ചു. ഡല്‍ഹിയിൽ അദ്ദേഹത്തിന്റെ വീട്ടിൽവച്ചായിരുന്നു സന്ദർശനം. രാവിലെ 11ന്.

ഏകദേശം അരമണിക്കൂറോളം അദ്ദേഹവുമായി സംസാരിക്കാനുളള അവസരവും ലഭിച്ചു. ആ ദിവസം എന്റെ സിനിമാ പ്രവേശത്തിന്റെ 41ാം വർഷവുമായിരുന്നു. അന്ന് അഷ്ടമി രോഹിണിയുമായിരുന്നു.

നേരത്തെ അപേക്ഷിച്ചതിനനുസരിച്ചാണ് എനിക്ക് പ്രധാനമന്ത്രിയെ കാണാൻ അനുവാദം ലഭിച്ചത്. അത്ഭുതകരമായി അദ്ദേഹം എന്നെ വന്ന് സ്വീകരിച്ചു. ‘മോഹൻലാൽ ജീ’ എന്നുവിളിച്ച് എന്നെ കെട്ടിപ്പിടിച്ച് മൂന്നുതവണ എന്റെ തോളിൽ തട്ടി. എന്നെ അദ്ദേഹത്തിന് അറിയുമായിരുന്നു. വിശദമായിട്ടല്ലെങ്കിലും നേരിയ തോതിൽ.

വ്യക്തിപരമായ കാര്യങ്ങൾ അന്വേഷിച്ചു. നാൽപത് വർഷമായി ഞാൻ സിനിമയിൽ അഭിനയിക്കുന്നു എന്നു പറഞ്ഞപ്പോൾ നിഷ്കളങ്കമായി അദ്ദേഹം വിസ്മയിച്ചു. ‘കർണഭാരം’ എന്ന സംസ്കൃത നാടകം ചെയ്തിട്ടുണ്ട് എന്നു പറഞ്ഞപ്പോൾ അദ്ദേഹം ആദരവോടെ ആ ഭാഷയെ വണങ്ങി. അതേക്കുറിച്ച് സംസാരിച്ചു. ഞാൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണൽ ആണെന്നു പറഞ്ഞപ്പോൾ അദ്ദേഹം ഏറെ താൽപര്യത്തോടെ അതേക്കുറിച്ച് കേട്ടു.

എന്റെ അച്ഛനായ വിശ്വനാഥൻ നായരുടെയും ശാന്തകുമാരിയുടെയും പേരിൽ ആരംഭിച്ച മനുഷ്യസേവന മേഖലയിൽ പ്രവർത്തിക്കുന്ന വിശ്വശാന്തി ട്രസ്റ്റിനെക്കുറിച്ച് സംസാരിച്ചു. പിന്നീട് നാല് കാര്യങ്ങളാണ് നരേന്ദ്ര മോദിയുമായി ചര്‍ച്ച ചെയ്തത്. കേരളത്തിലെ ആദിവാസികളുടെ ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ വിശ്വശാന്തി ട്രസ്റ്റ നടത്താന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍, ട്രസ്റ്റിന്റെ പേരില്‍ തുടങ്ങാന്‍ താല്‍പര്യപ്പെടുന്ന ക്യാന്‍സര്‍ കെയര്‍ സെന്ററിനെക്കുറിച്ച്, കേരള പുനര്‍നിര്‍മ്മാണം ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ പദ്ധതിയിടുന്ന ഗ്ലോബല്‍ മലയാളി റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ്, ഭാവി പദ്ധതിയായ യോഗ റീഹാബിലിറ്റേഷന്‍ സെന്റര്‍ എന്നിവയാണ് ചര്‍ച്ച ചെയ്തത്.

നരേന്ദ്രമോദിയെ ഞാൻ സന്ദർശിച്ചതിനെ തുടർന്ന് പലപല ഊഹാപോഹങ്ങളോടെയും വാർത്തകൾ പ്രചരിച്ചു. അത് സ്വാഭാവികമാണ്. അതുകൊണ്ട് ഞാനതിനൊന്നും മറുപടി പറഞ്ഞില്ല. ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ അനുവാദമുണ്ടെങ്കിൽ എനിക്കെപ്പോഴും പ്രധാനമന്ത്രിയെ കാണാം. അത്ഭുതകരമായ കാര്യം പ്രധാനമന്ത്രി എന്നോട് ഒരു വാക്ക് പോലും രാഷ്ട്രീയം പറഞ്ഞില്ല എന്നതാണ്. ഞാൻ തിരിച്ചു ചോദിച്ചതുമില്ല. പക്ഷേ വിശ്വശാന്തിയെക്കുറിച്ചുള്ള സംസാരത്തിനു ശേഷം രാജ്യത്തെക്കുറിച്ച് അദ്ദേഹം എന്നോട് സംസാരിച്ചു. രാഷ്ട്രീയവും രാഷ്ട്രനിർമാണവും വേറേവറേയാണല്ലോ. അത് അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.

കൂടിക്കാഴ്ച അവസാനിപ്പിച്ച് പുറത്തേക്ക് ഇറങ്ങുമ്പോൾ അദ്ദേഹം എന്റെ കരം ചേർത്തുപറഞ്ഞു, ‘എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് എന്നെ വന്നുകാണാം.’ ആ പറച്ചിൽ വിട പറയുമ്പോഴുള്ള ഒരു വെറും ഉപചാരവാക്കല്ലായിരുന്നു. അതിന്റെ ആത്മാർത്ഥത ഞാൻ അനുഭവിച്ചതാണ്.

ബ്ലോഗിന്‍റെ പൂര്‍ണ്ണ രൂപം വായിക്കാം/കേള്‍ക്കാം:
ഇവിടെ ക്ലിക് ചെയ്യുക മുഖാമുഖം മോദി

ഓഡിയോ കേള്‍ക്കാം

Comments are closed.