പ്രണവും കല്ല്യാണിയും ഒന്നിക്കുന്നു

മോഹന്‍ലാലും പ്രിയദര്‍ശനും തമ്മിലുള്ള സൗഹൃദം പ്രശസ്തമാണ്. ആ ആത്മബന്ധം ഇരുകുടുംബങ്ങള്‍ തമ്മിലുമുണ്ട്. അച്ഛന്മാരുടെ പാതയില്‍ സിനിമയിലേയ്‌ക്കെത്തിയ മക്കള്‍ തമ്മിലും ചെറുപ്പം മുതല്‍ ആ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ്. തന്റെ ഏറ്റവും അടുത്ത സുഹൃത്ത് അപ്പു ചേട്ടനാണെന്ന് കല്ല്യാണി പറഞ്ഞിട്ടുണ്ട്. പ്രണവും കല്ല്യാണിയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചപ്പോള്‍ ചിരിച്ചു കൊണ്ടാണ് ഇരുകുടുംബവും അതിനെ തള്ളിയത്. ഇപ്പോള്‍ ആരാധകരുടെ കാത്തിരിപ്പു പോലെ ഇരുവരും ഒന്നിക്കുകയാണ്. ജീവിതത്തിലല്ല, സിനിമയില്‍.

പ്രിയദര്‍ശനും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രത്തിലൂടെയാണ് പ്രണവും കല്ല്യാണിയും നായിക-നായകന്മാരാകുന്നതെന്നതും യാദൃശ്ചികം. ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലാണ് പ്രണവിന് കല്ല്യാണി നായികയാകുന്നത്. നേരത്തേ തന്നെ അപ്പുവിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ ചെയ്യാനാഗ്രഹമുണ്ടെന്ന് കല്ല്യാണി പറഞ്ഞിരുന്നു. തെലുങ്ക് സിനിമ ഹലോയില്‍ നാഗാര്‍ജുനയുടെ മകന്‍ അഖിലിനൊപ്പമായിരുന്നു കല്ല്യാണിയുടെ അരങ്ങേറ്റം. പ്രണവിന്റെ ആദിയും വന്‍ വിജയമായിരുന്നു. ഇപ്പോള്‍ അരുണ്‍ ഗോപിയുടെ 21-ാം നൂറ്റാണ്ടിലാണ് പ്രണവ് അഭിനയിക്കുന്നത്.

നവംബറില്‍ ഷൂട്ടിങ് ആരംഭിക്കുന്ന മരയ്ക്കാറില്‍ മഞ്ജു വാര്യരാണ് നായിക. നാലാം മരയ്ക്കാറുടെ കഥ പറയുന്ന ചിത്രത്തില്‍ ഒന്നാം മരയ്ക്കാറായി മധുവും രണ്ടും മൂന്നും മരയ്ക്കാറായി മറ്റു രണ്ടു സൂപ്പര്‍ താരങ്ങളും എത്തും. തമിഴ് താരം അര്‍ജുന്‍, സുനില്‍ ഷെട്ടി, കീര്‍ത്തി സുരേഷ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്.

Comments are closed.