തേജസ്വിനിയുടെ വിയോഗം ഏല്‍പ്പിച്ച സങ്കടത്തിലും ബാലഭാസ്‌കറിനും കുടുംബത്തിനുമായി പ്രാര്‍ത്ഥനകളോടെ സിനിമാലോകം

വയലനിസ്റ്റ് ബാലഭാസ്കറും കുടുംബവും കാറപകടത്തില്‍ പെട്ടു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് സിനിമാലോകവും മലയാളികളും കേട്ടത്. ബാലഭാസ്കറിന്റെ മകള്‍ രണ്ടു വയസ്സുകാരി തേജസ്വിനിയുടെ വിയോഗം ഏല്‍പ്പിച്ച സങ്കടത്തിലും ബാലഭാസ്കറിന്റെയും ഭാര്യ ലക്ഷ്മിയുടെയും തിരിച്ചുവരവിനായി പ്രാര്‍ത്ഥിക്കുകയാണ് സിനിമാപ്രവര്‍ത്തകരും സുഹൃത്തുക്കളും ആരാധകരുമെല്ലാം. നട്ടെല്ലിനു പരുക്കേറ്റ ബാലഭാസ്കറിനെയും ഭാര്യയേയും ഡ്രൈവറെയും അടിയന്തര ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇന്ന് പുലര്‍ച്ചെ 4.30 ഓടെ തിരുവനന്തപുരം പളളിപ്പുറത്ത് വച്ചായിരുന്നു അപകടം. തൃശ്ശൂരില്‍നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. നിയന്ത്രണം വിട്ട ഇന്നോവ മരത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകട കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ബാലഭാസ്‌കറിന്റെയും ലക്ഷ്മിയുടെയും വിവാഹം കഴിഞ്ഞ് പതിനാറു വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കണ്‍മണിയാണ് അവര്‍ക്ക് നഷ്ടമായത്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. യൂണിവേഴ്സിറ്റി കോളജില്‍ എം.എ സംസ്‌കൃതം അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കെ ലക്ഷമിയെ ജീവിത സഖിയാക്കിയ അദ്ദേഹത്തിന് അന്ന് 22ാം വയസ്സായിരുന്നു പ്രായം.നീണ്ട പതിനാറു വര്‍ഷത്തെ പ്രാര്‍ത്ഥനകള്‍ക്കും ചികിത്സയ്ക്കും ശേഷം 2016 ലാണ് ആ കുഞ്ഞു മാലാഖ എത്തിയത്. സ്‌നേഹിച്ചും കണ്ടും കൊതി തീരും മുമ്പേയാണ് വിധി ആ കുഞ്ഞിന്റെ പ്രാണനെടുത്തത്.

ഇടിയില്‍ നെഞ്ചിലും മറ്റും ക്ഷതമേറ്റ ബാലഭാസ്‌കറെയും കാലിന് ഗുരുതരമായി പരിക്കേറ്റ ലക്ഷ്മിയെയും അര്‍ജുനെയും മൂന്ന് ആംബുലന്‍സുകളിലായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് അനന്തപുരി ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത ഇവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അപകടത്തില്‍പെട്ട കാര്‍ മംഗലപുരം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.തന്റെ പന്ത്രണ്ടാം വയസില്‍ വയലിന്‍ ഫ്യൂഷനൊരുക്കി സംഗീത ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിയാണ് ബാലഭാസ്‌കര്‍. മലയാള സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകനെന്ന റെക്കോഡും ബാലഭാസ്‌കറിന്റെ പേരിലാണ്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, സംസ്‌കൃതം ഭാഷകളിലെ ആല്‍ബങ്ങളിലൂടെയും സിനിമകളിലൂടെയും പ്രശസ്തനാണ്.

Comments are closed.