തനുശ്രീ പച്ചക്കള്ളം പറയുന്നു : ലൈംഗികാരോപണത്തിന് മറുപടിയുമായി നാന പടേക്കര്‍

ബോളിവുഡിനെ നടുക്കിയ ലൈംഗികാതിക്രമ പരാതിയിൽ പ്രതികരണവുമായി നാന പടേക്കർ രംഗത്തെത്തി. നടിയും മോഡലുമായ തനുശ്രീ ദത്തയുടെ പരാതിയിലാണ് അദ്ദേഹം ഇപ്പോൾ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. നടിയുടെ ആരോപണം നിഷേധിക്കുന്ന നാന പടേക്കര്‍ ഒരു ലൈംഗികാതിക്രമം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും തനുശ്രീ ദത്ത ആരോപണം ഉയര്‍ത്തിയ സിനിമാ സെറ്റില്‍ തനിക്കൊപ്പം 50-100 പേര്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം ദേശീയചാനലിനോട് പ്രതികരിച്ചു. ഒപ്പം ഈ വിഷയത്തില്‍ നിയമപരമായി എന്താണ് ചെയ്യാനാവുക എന്ന കാര്യം പരിശോധിക്കുകയാണെന്നും നാന പടേക്കർ കൂട്ടിച്ചേർത്തു.

2008ല്‍ ഒപ്പമഭിനയിച്ച ഹോണ്‍ ഓകെ പ്ലീസ് എന്ന സിനിമയുടെ സെറ്റില്‍ നാന പടേക്കറില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നായിരുന്നു തനുശ്രീ ദത്തയുടെ വെളിപ്പെടുത്തൽ. ചിത്രത്തിലെ ഒരു ഗാനചിത്രീകരണത്തിനിടെ നാന പടേക്കര്‍ തന്റെ കൈയില്‍ കടന്നുപിടിച്ചെന്നും നൃത്തം ചെയ്യേണ്ട രീതി ഇതാണെന്ന് പറഞ്ഞ് കാണിച്ചുതന്നുവെന്നും തനുശ്രീ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞത്. അഭിനയം പൂര്‍ത്തിയാക്കും മുന്‍പ് പിന്മാറിയ ചിത്രത്തിന് വാങ്ങിയ അഡ്വാന്‍സ് തിരിച്ചുകൊടുത്തതിന് പിന്നാലെ രാജ് താക്കറെയുടെ എംഎന്‍എസ് പാര്‍ട്ടിയില്‍ നിന്നുള്ള ഗുണ്ടകളെ വരുത്തി തന്നെ ഭീഷണിപ്പെടുത്തിയതായും അവര്‍ ആരോപിച്ചിരുന്നു. നാന പടേക്കര്‍ നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സ്വന്തം മോശം പ്രവര്‍ത്തികള്‍ക്ക് മറയാക്കാന്‍ അദ്ദേഹം ചെയ്യുന്നതാണെന്നും തനുശ്രീ ആരോപിച്ചു.

ബോളിവുഡില്‍ നിന്ന് ഈ വിഷയത്തില്‍ ഇതുവരെ പ്രമുഖരാരും പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഹോണ്‍ ഓകെ പ്ലീസിന്റെ നൃത്തസംവിധാനം നിര്‍വ്വഹിച്ച ഗണേഷ് ആചാര്യ നാന പടേക്കറിന് പിന്തുണയുമായെത്തി. തനുശ്രീ ആരോപിക്കുന്നത് പോലെ ഒന്നും നടന്നിട്ടില്ലെന്നും ചില തെറ്റിദ്ധാരണകളാവാം കാരണമെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം. സാജിദ് ഖാന്‍ സംവിധാനം ചെയ്യുന്ന ഹൗസ്ഫുള്‍ 4 ല്‍ അഭിനയിക്കുകയാണ് ഇപ്പോള്‍ നാന പടേക്കര്‍.

Comments are closed.