സംവിധായകൻ തമ്പി കണ്ണന്താനം അന്തരിച്ചു ; വിടവാങ്ങിയത് മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാര്‍ ആക്കിയ മഹാ പ്രതിഭ

ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനും നിർമാതാവുമായ തമ്പി കണ്ണന്താനം (64) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അന്ത്യം. രാജാവിന്റെ മകൻ, വഴിയോരക്കാഴ്ചകൾ, ഭൂമിയിലെ രാജാക്കന്മാർ, ഇന്ദ്രജാലം, നാടോടി, ചുക്കാൻ, മാന്ത്രികം തുടങ്ങി പതിനഞ്ചിലേറെ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഹദ്–ലൈഫ് ഓൺ ദ എഡ്ജ് ഓഫ് ഡെത്ത് (2001) എന്ന ഹിന്ദി ചിത്രവും സംവിധാനം ചെയ്തു. മൂന്നു ചിത്രങ്ങൾക്കു തിരക്കഥ നിർവഹിച്ചു. അട്ടിമറി(1981), ഒലിവർ ട്വിസ്റ്റ് (2007) തുടങ്ങിയ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഭാര്യ കുഞ്ഞുമോള്‍. ഐശ്വര്യ, ഏയ്ഞ്ചല്‍ എന്നിവർ മക്കളാണ്. സംസ്കാരം വ്യാഴാഴ്ച കാഞ്ഞിരപ്പള്ളിയില്‍ നടക്കും. നാളെ എറണാകുളത്ത് പൊതുദര്‍ശനത്തിനു വയ്ക്കും

തമ്പി കണ്ണന്താനം ഭാര്യയോടൊപ്പം

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കില്‍ കണ്ണന്താനത്ത് ബേബിയുടെയും തങ്കമ്മയുടെയും ആറാമത്തെ മകനായി 1953 ഡിസംബര്‍ 11നാണു തമ്പി കണ്ണന്താനം ജനിച്ചത്. കോട്ടയം എംഡി സെമിനാരി ഹയര്‍ സെക്കൻഡറി സ്‌കൂള്‍, സെന്റ് ഡൊമിനിക് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സംവിധായകരായ ശശികുമാറിന്റെയും ജോഷിയുടെ സഹായിയായാണു ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. 1983ല്‍ ‘താവളം’ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടു സ്വതന്ത്ര സംവിധായകനായി. 1986ല്‍ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ‘രാജാവിന്റെ മകൻ‍’ ആണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയ ചിത്രം. മോഹന്‍ലാലിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ഇത്. ചിത്രം നിർമിച്ചതും തമ്പിയായിരുന്നു.

മോഹൻലാൽ എന്ന സൂപ്പർ സ്റ്റാർ ഉണ്ടാകുന്നത് തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകനിലൂടെയാണ്. മോഹൻലാലിന്റെ മകനായ പ്രണവ് മോഹൻലാൽ ആദ്യമായി അഭിനയിച്ച ഒന്നാമൻ സംവിധാനം ചെയ്യുന്നതും അദ്ദേഹം തന്നെയാണ്. രാജാവിന്റെ മകൻ, ഭൂമിയിലെ രാജാക്കന്മാർ, നാടോടി, മാന്ത്രികം, ഇന്ദ്രജാലം അങ്ങനെ നിരവധി ഹിറ്റ് സിനിമകളാണ് അദ്ദേഹം മോഹൻലാലിനെ നായകനാക്കി ഒരുക്കിയത്.

‘ജീവിതത്തിൽ ലാലുമൊത്ത് ഒരുപാട് മറക്കാനാകാത്ത നിമിഷങ്ങളുണ്ട്. ഞാൻ നിർമിച്ച സിനിമയിൽ ലാൽ അഭിനയിച്ചു, ഞാൻ ലാലിനെ സംവിധാനം ചെയ്തു, ലാൽ നിർമിച്ച സിനിമയിൽ ഞാൻ അഭിനയിച്ചു, ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചു. ജീവിതത്തിൽ സന്തോഷമുള്ള ഒരുപാട് മുഹൂർത്തങ്ങൾ ഒന്നിച്ചു കടന്നു പോയി. സങ്കടമുള്ള മുഹൂർത്തങ്ങളിലും ഒരുമിച്ചുണ്ടായിരുന്നു. ജീവൻ തന്നെ കൈവിട്ടു പോകാമായിരുന്ന അവസരങ്ങളിലൂടെ ഞങ്ങൾ കടന്നു പോയിട്ടുണ്ട്. അതൊരു പ്രായം അതൊരു കാലം. മലയാള സിനിമയ്ക്ക് അനുഗ്രഹിച്ചു നൽകിയിരിക്കുന്ന ഒരു വരദാനമാണ് ലാൽ. അദ്ദേഹത്തെക്കുറിച്ച് ആരെയും ധരിപ്പിക്കേണ്ട ആവശ്യമില്ല. ആരാലും അനുകരിക്കാൻ പറ്റാതെ പോയ ഒരു ഫോർമുലയിൽ ഞങ്ങൾ സിനിമകൾ ചെയ്തു. ഇന്നത്തെ തലമുറയും വളരെ ശ്രദ്ധയോടെ കാണുന്ന സിനിമകളായി അതു നിലനിൽക്കുന്നുവെന്ന കാര്യത്തിൽ സന്തോഷമുണ്ട്.’ മോഹന്‍ലാലിനെ കുറിച്ച് ഒരു സ്വകാര്യ ടെലിവിഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്തുകൊണ്ടു അദ്ദേഹം പങ്കുവച്ച വാക്കുകളാണിത്

മറ്റു പലരെയും വച്ച് തമ്പി കണ്ണന്താനം സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും മോഹൻലാൽ മറ്റ് നിരവധി സംവിധായകരുടെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇവരിരുവരും തമ്മിലുള്ള ബന്ധം മറ്റൊരു തലത്തിലുള്ളതാണ്. ഇന്ന് നാം കാണുന്ന മോഹൻലാൽ എന്ന സൂപ്പർ സ്റ്റാറിന് ജനനം നൽ‌കിയ സംവിധായകൻ വിട വാങ്ങുമ്പോൾ മലയാളി ഏറ്റവും കൂടുതൽ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നതും ഇൗയൊരു കാര്യത്തിന്റെ പേരിലായിരിക്കും.

 

1980-90 കാലഘട്ടത്തിൽ ഒട്ടേറെ സൂപ്പർ ഹിറ്റുകൾ തമ്പി കണ്ണന്താനത്തിന്റേതായി പുറത്തുവന്നു. ആ നേരം അല്‍പ നേരം, ജന്മാന്തരം, ഫ്രീഡം എന്നിവയാണു തിരക്കഥ രചിച്ച ചിത്രങ്ങള്‍. 2004ല്‍ പുറത്തിറങ്ങിയ ‘ഫ്രീഡം’ ആണ് ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. അതിനു ശേഷം ചലച്ചിത്രരംഗത്തു സജീവമായിരുന്നില്ല.

സംവിധാനം ചെയ്ത സിനിമകൾ

പാസ്പോർട്ട് (1983), താവളം (1983), ആ നേരം അൽപദൂരം (1985), രാജാവിന്റെ മകൻ (1986), ഭൂമിയിലെ രാജാക്കന്മാർ (1987), വഴിയോരക്കാഴ്ചകൾ (1987), ജന്മാന്തരം (1988), പുതിയ കരുക്കൾ (1989), ഇന്ദ്രജാലം (1990), നാടോടി (1992), ചുക്കാൻ (1994), മാന്ത്രികം (1995), മാസ്മരം (1997), ഹദ്–ലൈഫ് ഓൺ ദ എഡ്ജ് ഓഫ് ഡെത്ത്, ഒന്നാമൻ (2002), ഫ്രീഡം (2004)

Comments are closed.