തനുശ്രീ പറഞ്ഞത് സത്യം; നാനാ പടേക്കറിനെതിരായ പീഡനാരോപണത്തില്‍ പിന്തുണയുമായി കജോള്‍

നടന്‍ നാനാ പടേക്കറില്‍ നിന്ന് തനിക്ക് നേരിട്ട പീഡനം വെളിപ്പെടുത്തിയ നടി തനുശ്രീ ദത്തയ്ക്ക് പിന്തുണയുമായി നടി കജോള്‍. സിനിമ ഇന്‍ഡസ്ട്രിയിലെ യാഥാര്‍ത്ഥ്യമാണ് തനുശ്രീ പറഞ്ഞതെന്ന് കജോള്‍ അഭിമുഖത്തില്‍ പറഞ്ഞു. തനിക്ക് ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ലെന്നും എന്നാല്‍ ഇത്തരം സംഭവങ്ങള്‍ തനിക്ക് നേരെ വരുകയോ അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് നേരെ നടക്കുന്നതിന് സാക്ഷിയാവുകയോ ചെയ്തിരുന്നെങ്കില്‍ താന്‍ ഇതിനെതിരെ പ്രതികരിക്കുമായിരുന്നു എന്നും കാജോള്‍ വ്യക്തമാക്കി. നടന്മാരായ അമിതാഭ് ബച്ചനും സല്‍മാന്‍ ഖാനും ആമിര്‍ ഖാനും തനുശ്രീയുടെ ആരോപണങ്ങളില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചിരുന്നു. അതേസമയം പ്രിയങ്ക ചോപ്ര, ഫറാന്‍ അക്തര്‍, സോനം കപൂര്‍, പരിണീതി ചോപ്ര, ട്വിങ്കിള്‍ ഖന്ന തുടങ്ങിയവര്‍ അവര്‍ക്ക് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

ബോളിവുഡിലെ ലൈംഗികാതിക്രമങ്ങള്‍ സംബന്ധിച്ച നിരവധി അനുഭവങ്ങളും കഥകളും താന്‍ കേട്ടിട്ടുണ്ടെന്ന് നടി തനൂജയുടെ മകളും സിനിമ കുടുംബത്തിലെ അംഗവും കൂടിയായ കാജോള്‍ പറഞ്ഞു. ഇത്തരം കഥകള്‍ എല്ലാം സത്യമാണോ എന്നറിയില്ല. എന്നാല്‍ ഞാന്‍ ഇങ്ങനെ ചെയ്തു എന്ന് ആരും നിങ്ങളോട് വന്ന് പറയില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. സിനിമയടക്കം ഒരു മേഖലയും ലൈംഗികാതിക്രമങ്ങളില്‍ നിന്ന് മുക്തമല്ല. ഒരു ലിംഗത്തില്‍ പെട്ട ആളുകള്‍ മാത്രമല്ല ഇതിന് ഇരകളാക്കപ്പെടുന്നത്. തെറ്റായ കാര്യങ്ങളേയും പീഡനങ്ങളേയും തുറന്നെതിര്‍ക്കാനും വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കാനും ബോളിവുഡിലും മീ ടൂ കാംപെയിന്‍ ആവശ്യമാണ് എന്ന് കാജോള്‍ അഭിപ്രായപ്പെട്ടു.

10 വര്‍ഷം മുമ്പ് താന്‍ ഒരു ഗാനചിത്രീകരണത്തിനിടെ ഒരു നടനില്‍ നിന്ന് നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ബോളിവുഡില്‍ ആരും തന്നെ പിന്തുണച്ചില്ലെന്നും ആ നടന്‍ നാന പടേക്കര്‍ ആണെന്നും തനുശ്രീ ദത്ത പറഞ്ഞത് വലിയ സ്‌ഫോടനമാണ് ഇന്‍ഡസ്ട്രിയിലുണ്ടാക്കിയിരിക്കുന്നത്. ബോളിവുഡില്‍ മുഴുവന്‍ കാപട്യക്കാരാണ് എന്നും ലൈംഗിക പീഡനവും ചൂഷണവും തുറന്നുപറയുന്ന മീ ടൂ കാംപെയിന്‍ ഇവിടെ സാധ്യമല്ലെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു. സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചതായും നടന്മാരായ ഇര്‍ഫാന്‍ ഖാനും സുനില്‍ ഷെട്ടിയുമാണ് രക്ഷിച്ചതെന്നും അവര്‍ പറഞ്ഞിരുന്നു. നാന പടേക്കറിന്റെ ആവശ്യപ്രകാരം എംഎന്‍എസ് ഗുണ്ടകള്‍ തന്നേയും കുടുംബത്തേയും ആക്രമിച്ചതായും തനുശ്രീ ദത്ത ആരോപിച്ചിരുന്നു.

Comments are closed.