മോദിയായി മോഹന്‍ലാല്‍ വെള്ളിത്തിരയില്‍ ? സൂര്യ ചിത്രത്തിലെ ലാല്‍ കഥാപാത്രം ‘പ്രാധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ്മ’

ആരാധകരുടെ ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എന്നാല്‍, കെ.വി. ആനന്ദ് ഒരുക്കുന്ന ചിത്രത്തിന്റെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിരുന്നില്ല. ഒടുവില്‍ പുറത്തുവന്ന ഒരു ഫോട്ടോയുടെ അടിസ്ഥാനത്തില്‍ മോഹന്‍ലാല്‍ പ്രധാനമന്ത്രിയുടെ വേഷമാണ് ചെയ്യുന്നത് എന്നു ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു .

ആദ്യം ഒരു രാഷ്ട്രീയ നേതാവായാണ് മോഹന്‍ലാല്‍ എത്തുന്നത് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും സാക്ഷാല്‍ പ്രധാനമന്ത്രിയായാണ് അഭിനയിക്കുന്നതെന്ന് കരുതിയിരുന്നില്ല. ചന്ദ്രകാന്ത് വര്‍മ്മ എന്ന കഥാപാത്രമായാണ് അദ്ദേഹം എത്തുന്നത്. അതേസമയം, സൂര്യയുടെ വേഷമെന്താണെന്ന് ഇപ്പോഴും വ്യക്തമല്ല.

നരേന്ദ്രമോദിയുടേത് സമാനമായ വേഷമാണോ മോഹന്‍ലാലിന് എന്നാണ് ഇനി കണ്ടറിയേണ്ടത്. സമാനമായ വേഷവുമായാണ് അദ്ദേഹം പോസ്റ്ററുകളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രിയെ കണ്ടതിനെക്കുറിച്ച് നവമാധ്യമങ്ങളിലും ബ്ലോഗിലും അടക്കം അദ്ദേഹം പങ്കുവച്ചിരുന്നു. പ്രധാനമന്ത്രിയില്‍ നിന്നും തനിക്ക് ലഭിച്ച പോസിറ്റീവ് എനര്‍ജി ഇതുവരേക്കും തന്നെവിട്ടു പോകുന്നതേ ഇല്ല എന്നായിരുന്നു അദ്ദേഹം ബ്ലോഗിലൂടെ പങ്കുവച്ചത്. അതിനു തൊട്ട് പിന്നാലെയാണ് പ്രധാനമന്ത്രിയായി അദ്ദേഹം തിരശ്ശീലയില്‍ എത്തുന്നു എന്ന വാര്‍ത്തകള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് .

ചിത്രത്തിന്റെ കുളു, മണാലി ലൊക്കേഷനില്‍ നിന്നുള്ള ഒരു സ്റ്റില്ലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സൂര്യയ്ക്കും മോഹന്‍ലാലിനുമൊപ്പം ആര്യയും സമുദ്രക്കനിയും ബൊമാന്‍ ഇറാനിയുമൊക്കെ ഒന്നിക്കുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലര്‍ ആയിരിക്കുമെന്നാണ് സൂചനകള്‍.

ലണ്ടനില്‍ ചിത്രീകരണം ആരംഭിച്ച സിനിമ നിര്‍മ്മിക്കുന്നത് ലൈക പ്രൊഡക്ഷന്‍സാണ്. ഉയര്‍ന്ന ബജറ്റിലാണ് നിര്‍മ്മാണം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേനിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായ അഭിനന്ദന്‍ രാമാനുജമാണ് ചിത്രത്തിന്റെ ക്യാമറ. സൂര്യയുടെ കരിയറിലെ 37-ാം ചിത്രമാണിത്. സയ്യേഷയാണ് നായിക.

Comments are closed.