അനുഷ്ക ഷെട്ടി അഭിനയം നിര്‍ത്തുന്നു ?! പ്രഭാസുമായുള്ള വിവാഹം ഉറപ്പിച്ചിരിക്കുന്നതിനാലാലെന്ന് ഒരു കൂട്ടം ആരാധകര്‍; എന്നാല്‍ യഥാര്‍ഥ കാരണം മറ്റൊന്ന്

ബാഹുബലിയിലെ ദേവസേനയായി ആരാധക ഹൃദയങ്ങളെ ഉള്‍പ്പുളകം കൊള്ളിച്ച അനുഷ്‌ക ഷെട്ടി സിനിമയില്‍ നിന്നും വിരമിക്കുന്നുവെന്ന് സൂചന. ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ ഭാഗമതി സൂപ്പര്‍ഹിറ്റായിട്ടും പിന്നീട് ഒരു ചിത്രവും അനുഷ്‌കയെ തേടിയെത്തിയിരുന്നില്ല. 37കാരിയെ ആര്‍ക്കും നായികയായി വേണ്ടെന്നും യുവതാരങ്ങളുടെ നായികയാകാനുള്ള പ്രായം കടന്നുപോയെന്നുമാണ് സിനിമാരംഗത്തുനിന്നുള്ള സംസാരമെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നടിക്ക് അഭിനയിക്കാന്‍ താല്‍പര്യമുണ്ടെങ്കിലും ആരും സമീപിക്കുന്നില്ലെന്നാണ് വിവരം. കൂടാതെ നായികാ പ്രാധാന്യമുള്ള പ്രമേയങ്ങളുടെ കുറവും അനുഷ്‌കയ്ക്ക് വിനയായി. ചെറിയ വേഷങ്ങളാണെങ്കിലും ലഭിച്ചാല്‍ അത് സ്വീകരിക്കുമെന്ന നിലപാടിലാണ് അനുഷ്‌ക. എന്നിട്ടുപോലും അവസരങ്ങള്‍ നടിയെ തേടിയെത്തുന്നില്ല. തെലുങ്കിലും തമിഴിലും പ്രായംകുറഞ്ഞ യുവനായികമാരാണ് സൂപ്പര്‍താരങ്ങളുെട നായികമാരായി എത്തുന്നത്. നായകന്മാരും പ്രായംകുറഞ്ഞ നായികമാരെയാണ് കൂടുതലായും പരിഗണിക്കുന്നത്. മാത്രമല്ല നായികമാരുടെ അഭിനയത്തില്‍ ആരും കടുംപിടുത്തം പിടിക്കാത്തതും അനുഷ്‌കയ്ക്ക് വിനയായി.

ഭാഗമതിക്ക് ശേഷം ഈ വര്‍ഷം ഒരു സിനിമയില്‍ പോലും അനുഷ്‌ക കരാര്‍ ഒപ്പിട്ടിട്ടില്ല. അനുഷ്‌കയുടെ അഭിനയപ്രകടനം തന്നെയായിരുന്നു ആ ചിത്രത്തിന്റെ വിജയം. ബാഹുബലിയുടെ വലിയ വിജയത്തിന് ശേഷം എത്തിയ അനുഷ്‌ക ചിത്രം കൂടിയായിരുന്നു ഇത്. സൗന്ദര്യവും അഭിനയവൈഭവവും ഉണ്ടായിട്ടും അനുഷ്‌കയ്ക്ക് അവസരം ലഭിക്കാത്തതിന്റെ നിരാശയിലാണ് താരത്തിന്റെ ആരാധകര്‍. ഇതിനിടെ മാധവന്‍ നായകനാകുന്ന ഒരു പ്രോജക്ട് അനൗണ്‍സ് ചെയ്തിട്ടുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകണം ഉണ്ടായിട്ടില്ല.

എന്നാല്‍ പ്രഭാസുമായി നടി വിവാഹം ഉറപ്പിച്ചിരിക്കുകയാണെന്നും ഈ വര്‍ഷം ഇരുവരും വിവാഹിതയാകുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. വിവാഹം ഉറപ്പിച്ചതിനാലാണ് നടി മറ്റൊരു ചിത്രത്തിലും അഭിനയിക്കാത്തതെന്ന് മറ്റുചിലര്‍ പറയുന്നു. പതിമൂന്നു വര്‍ഷം മുമ്പാണ് അനുഷ്‌ക ഷെട്ടി സിനിമാരംഗത്ത് എത്തുന്നത്. പല സൂപ്പര്‍താരങ്ങള്‍ക്കൊപ്പം നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ചെങ്കിലും ബാഹുബലിയിലെ ദേവസേനയിലൂടെ ഇന്ത്യന്‍ യുവത്വത്തിന്റെയാകെ ഹൃദയത്തിലാണ് ചിരപ്രതിഷ്ഠ നേടിയത്. ഈ വാര്‍ത്ത ആരാധകര്‍ക്കാകെ നിരാശപകരുകയാണ്.

Comments are closed.