ശബരിമല തമിഴ്നാട്ടിൽ ആയിരുന്നെങ്കിൽ കാണാമായിരുന്നു എന്ന് വീമ്പു പറഞ്ഞവർക്ക് തിരച്ചടി : ശബരിമല സ്ത്രീ പ്രവേശന വിധി സ്വാഗതം ചെയ്ത് തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍

ചെന്നൈ: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും. ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍, സഹോദരിയും എം.പിയുമായ കനിമൊഴി, കോണ്‍ഗ്രസ് നേതാവും നടിയുമായ ഖുശ്ബു, ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി, സി.പി.ഐ സംസ്ഥാന സെക്രട്ടറി ആര്‍. മുത്തരശന്‍, നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍ തുടങ്ങിയവര്‍ വിധിയെ സ്വാഗതം ചെയ്തു.

സ്ത്രീകളും പുരുഷന്‍മാരും തുല്യരാണെന്ന് ഈ വിധിയോടെ തെളിഞ്ഞു. സാമൂഹ്യനീതി, ലിംഗസമത്വം, സ്ത്രീ ശാക്തീകരണം എന്നിവയിലേക്കുള്ള വഴിയില്‍ ഒരു നാഴികക്കല്ലായിരിക്കും ഈ വിധിയെന്നും സ്റ്റാലിന്‍ പറഞ്ഞു. ഓരോ അമ്പത് വര്‍ഷവും രാജ്യത്തെ സാംസ്‌കാരിക പാരമ്പര്യം മാറുന്നതിന്റെ സൂചനയാണ് സുപ്രീം കോടതി വിധിയെന്ന് കമല്‍ഹാസന്‍ പറഞ്ഞു. ക്ഷേത്രത്തില്‍ പോകാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് ശബരിമലയില്‍ പോകാനും ആരാധനയ്ക്കും സ്വാതന്ത്ര്യമുണ്ടെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നതാണ് വിധിയെന്ന് നടിയും കോണ്‍ഗ്രസ് നേതാവുമായ ഖുശ്ബു പറഞ്ഞു. സുപ്രീം കോടതി നീതി നടപ്പിലാക്കി. നിയമങ്ങള്‍ ഉണ്ടാക്കാനുള്ള അവകാശം പുരുഷനാണെന്ന് ഒരിക്കലും ദൈവം പറഞ്ഞിട്ടില്ലെന്നും ഖുശ്ബു പറഞ്ഞു. ശബരിമലയെ സംബന്ധിച്ച സുപ്രീം കോടതി വിധി അമ്പലങ്ങളില്‍ മാത്രം ഒതുക്കരുതെന്ന് കനിമൊഴി എം.പി പറഞ്ഞു. പാര്‍ലമെന്റ് പോലുള്ള സുപ്രധാന സ്ഥലങ്ങളില്‍ സ്ത്രീകളെ ഒഴിവാക്കാന്‍ പാടില്ല. എതിര്‍പ്പുകള്‍ വകവയ്ക്കാതെ ഈ തീരുമാനത്തിനായി മുന്നിട്ടിറങ്ങിയ എല്ലാവരേയും അഭിനന്ദിക്കണമെന്നും കനിമൊഴി പറഞ്ഞു.

ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും സുപ്രീം കോടതി വിധി സ്വാഗതം ചെയ്തു. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നും അതിനായി വേണ്ടി വന്നാല്‍ പട്ടാളത്തെ വിളിക്കണമെന്നും സ്വാമി ആവശ്യപ്പെട്ടു. ആര്‍ത്തവം അശുദ്ധമല്ലെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു. സുപ്രീം കോടതി വിധിക്കെതിരെ ബി.ജെ.പി കേരളഘടകം പരസ്യ പ്രതിഷേധം നടത്തുന്നതിനിടെയാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ വ്യത്യസ്ത നിലപാട്.

Comments are closed.