‘തല’യുടെ ഫോൺ കണ്ട് പ്രൊഡക്ഷൻ മനേജർ മുതൽ ബൃന്ദ മാസ്റ്റർ വരെ ഞെട്ടി.

തമിഴ് സൂപ്പർതാരം അജിത്തിന്റെ ലാളിത്യം സിനിമാക്കാർക്കിടയിൽ മാത്രമല്ല, സാധാരണക്കാർക്കിടയിലും ഏറെ പ്രശസ്തമാണ്. താരജാഡകളില്ലാത്ത താരത്തെ തമിഴ് മക്കൾ ‘തല’ എന്നു വിളിക്കുന്നതിനു കാരണവും മറ്റൊന്നല്ല. എന്നാൽ ആരാധകരെ ഞെട്ടിക്കുന്ന മറ്റൊരു രസികൻ വർത്തമാനമാണ് ഇപ്പോൾ തമിഴകത്ത് ചർച്ചയാകുന്നത്.

  സാധാരണക്കാർ പോലും അതിനൂതന സ്മാർട്ട്ഫോണുകളിലേക്ക് മാറുന്ന കാലത്ത് സൂപ്പർതാരം അജിത് ഉപയോഗിക്കുന്നത് നോക്കിയയുടെ സാധാരണ ഫോണാണത്രേ! മറ്റുള്ളവരോട് ഫോണിൽ സംസാരിക്കാൻ ഈ ബേസിക് സെറ്റു തന്നെ ധാരാളം എന്ന നിലപാടിലാണ് തല അജിത്.  സൂപ്പർതാരം, നോക്കിയ സെറ്റ് കൊണ്ടു നടക്കുന്നതു കണ്ട് വിഷമവൃത്തത്തിലായത് വിശ്വാസം എന്ന സിനിമയുടെ പ്രൊഡക്​ഷൻ മാനേജരാണ്. ഐഫോണിന്റെ കൂടിയ സെറ്റാണ് പ്രൊഡക്​ഷൻ മാനേജർ ഉപയോയോഗിക്കുന്നത്. എന്തുകൊണ്ടാണ് പഴയ ഫോൺ കൊണ്ടുനടക്കുന്നതെന്ന് ചോദിച്ചപ്പോൾ അജിത്തിന് പൊട്ടിച്ചിരി. പ്രൊഡക്​ഷന്റെ ജോലികൾ ഏകോപിപ്പിക്കാൻ സ്മാർട്ട്ഫോൺ ആവശ്യമാണെന്നും എന്നാൽ തനിക്കതിന്റെ ആവശ്യമില്ലെന്നും പറഞ്ഞാണ് അജിത് പ്രൊഡക്‌ഷൻ മാനേജരെ സമാധാനപ്പെടുത്തിയത്.

അജിത് ഉപയോഗിക്കുന്ന നോക്കിയ ഫോണിനെക്കുറിച്ച് കൊറിയോഗ്രാഫർ ബൃന്ദ മാസ്റ്ററും ഒരു അഭിമുഖത്തിൽ പരാമർശിച്ചിരുന്നു. ‘നമ്മൾ ഐ ഫോൺ 10 ഒക്കെ കൊണ്ടു നടക്കുമ്പോഴാണ് അജിത്, നോക്കിയ മൊബൈൽ പിടിച്ചു നടക്കുന്നത്. ആരും അതിശയിച്ചു പോകുന്ന ലാളിത്യമാണ് അദ്ദേഹത്തിന്റേത്,’ ബൃന്ദ മാസ്റ്റർ പറയുന്നു. 

സ്മാർട്ട്ഫോൺ ഇല്ലെന്നു മാത്രമല്ല വാട്ട്സ്ആപ്പ്, ഫെയ്സ്ബുക്ക് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലും അജിത്തിന് താൽപര്യമില്ല.വിപണിയിൽ ഇറങ്ങുന്ന ഏറ്റവും പുതിയ ഗാഡ്ജറ്റുകൾ വാങ്ങിക്കൂട്ടാൻ മത്സരിക്കുന്ന താരങ്ങളിൽ നിന്ന് വ്യത്യസ്തനാവുകയാണ് അജിത്. ഇത്രയും ലളിതമായി ജീവിക്കുന്ന സൂപ്പർതാരത്തെ തമിഴ് മക്കൾ നെഞ്ചോടു ചേർത്തുനിറുത്തുന്നതിൽ അത്ഭുതപ്പെടാനില്ലെന്ന് ചുരുക്കം.

Comments are closed.