ആ കുട്ടി പറയുന്ന ഹോട്ടലിൽ തന്നെയാണ് അന്ന് താമസിച്ചത്. പക്ഷേ ശല്യപ്പെടുത്തിയെന്ന് പറയുന്നത് ഞാനല്ല : മുകേഷ്

ടെലിവിഷൻ സംവിധായികയുടെ ആരോപണത്തിൽ മറുപടിയുമായി നടന്‍ മുകേഷ്. പെൺകുട്ടിയെ പരിചയമല്ലെന്നും തെറ്റിദ്ധാരണയാകാമെന്നും മുകേഷ് പ്രതികരിച്ചു. ഫോണിൽ വിളിച്ചത് താനാണെന്ന് എങ്ങനെ ഉറപ്പുപറയാനാകുമെന്നും അങ്ങനെയൊരു പെൺകുട്ടിയെ ഫോണിൽ വിളിച്ചിട്ടില്ലെന്നും മുകേഷ് പറഞ്ഞു.

‘ആ കുട്ടി പറയുന്ന ഹോട്ടലിൽ തന്നെയാണ് അന്ന് താമസിച്ചത്. എന്നാൽ അവരെ അവിടെ വച്ച് കണ്ടതായി ഓർമയില്ല. ഫോണിൽ കൂടി ശല്യപ്പെടുത്തിയെന്ന് പറയുന്നത് ഞാൻ ആയിരിക്കില്ല. ബോസ് എന്നു പറയുന്ന ഡെറിക് ഒബ്രയാൻ എന്റെ അടുത്ത സുഹൃത്തും ഗുരുവുമാണ്. ഈ കുട്ടിയുടെ ഫോട്ടോ കണ്ടിട്ട് കൂടി എനിക്ക് മനസ്സിലാകുന്നില്ല. ഈ വിഷയം െഡറിക്കിന് നേരത്തെ അറിയാമെങ്കിൽ അദ്ദേഹം എന്നോട് ഇതുപറയുമായിരുന്നു. അദ്ദേഹവുമായി ഇപ്പോഴും സൗഹൃദമുണ്ട്. ഞാൻ അത് ചെയ്തിട്ടില്ല. മുകേഷ് എന്നോ മുകേഷ് കുമാറെന്നോ പേരിൽ മറ്റാരെങ്കിലും വിളിച്ചെങ്കിൽ ഞാൻ ഉത്തരവാദിയില്ല.’

‘മീ ടു ക്യാംപെയ്ന് എന്റെ പൂർണ പിന്തുണ ഉണ്ട്. ഇങ്ങനെയുള്ള അനുഭവങ്ങൾ നേരിട്ടിട്ടുണ്ടെങ്കിൽ അത് തുറന്നുപറയണം. ഞാനും കലാരംഗത്തുള്ള ആളാണ്. എന്റെ വീട്ടിലും പെൺകുട്ടികളുണ്ട്.’–മുകേഷ് പറഞ്ഞു.

ഈ ആരോപണം അടിസ്ഥാനരഹിതമാണെങ്കിൽ മാനനഷ്ടകേസ് കൊടുക്കുമോ എന്ന ചോദ്യത്തിന് പാർട്ടിയുമായി ആലോചിച്ച് വേണ്ടത് ചെയ്യുമെന്നും മുകേഷ് പറഞ്ഞു.

ബോളിവുഡ് കാസ്റ്റിങ് ഡയറക്ടറും ടെലിവിഷൻ സംവിധായികയുമായി ടെസ് ജോസഫ് ആണ് മുകേഷിനെതിരെ രംഗത്തുവന്നത്. പത്തൊൻപത് വർഷം മുമ്പ് നടന്ന സംഭവമാണ് ടെസ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. മീ ടു ഇന്ത്യ, ടൈസ് അപ്, മീ ടു എന്നീ ഹാഷ് ടാഗുകൾ ചേർത്ത് , ഇതാണ് തനിക്ക് പറയാനുള്ളതെന്ന് എഴുതിയായിരുന്നു ടെസിന്റെ വെളിപ്പെടുത്തൽ. കോടീശ്വരൻ എന്ന പരിപാടിയുടെ അണിയറപ്രവർത്തകയായിരുന്നുടെസ്. തന്നെ ഹോട്ടൽ റൂമിലെ ഫോണിൽ വിളിച്ച് മുകേഷ് നിരന്തരം ശല്യപ്പെടുത്തുമായിരുന്നെന്നും തന്റെ റൂം മാറ്റിയിരുന്നതായും ടെസ് ആരോപിക്കുന്നു.

Comments are closed.