ആഷിഖ് അബുവിന്റെ ‘വൈറസി’ൽ നിന്നും കാളിദാസ് ജയറാം പിന്മാറി
നിപ്പ വൈറസ് പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘വൈറസി’ൽ നിന്നും കാളിദാസ് ജയറാം പിൻമാറിയെന്നും പകരം ശ്രീനാഥ് ഭാസിയാണ് ആ കഥാപാത്രം ചെയ്യുകയെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. മറുപടിയുമായി ഇപ്പോള്‍ കാളിദാസ് തന്നെ രംഗത്തു വന്നിരിക്കുകയാണ് .
ചിത്രത്തിൽ നിന്നും പിൻമാറിയെന്നും ഇതേക്കുറിച്ച് കൂടുതലൊന്നും പറയാൻ ആഗ്രഹിക്കുന്നില്ലെന്നും കാളിദാസ് ഒരു ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. പിന്മാറാനുള്ള കാരണം ഡേറ്റ് സംബന്ധിച്ച പ്രശ്നമാണെന്ന് കേള്‍ക്കുന്നുണ്ടെങ്കിലും യഥാര്‍ത്ഥ കാരണങ്ങള്‍ ഇതുവരേക്കും വെളിയില്‍ വന്നിട്ടില്ല.
രേവതി, ആസിഫ് അലി, പാര്‍വതി, റിമ കല്ലിങ്കല്‍, ടോവിനോ തോമസ്, രമ്യാ നമ്പീശന്, സൗബിന് ഷാഹിര്‍, ദിലീഷ് പോത്തന്, ചെമ്പന്‍ വിനോദ് തുടങ്ങി വന്‍ താരനിരയാണ് വൈറസില്‍ അണിനിരക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ആഷിഖ് അബുവിന്റെ നിര്‍മ്മാണ കമ്പനിയായ ഒപിഎം ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കാളിദാസ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മിഥുൻ മാനുവലിന്റെ പുതിയ ചിത്രം അർജന്റീന ഫാൻസ്, അൽഫോൻസ് പുത്രന്റെ പ്രോജക്ട്, മഞ്ജു വാരിയർ എത്തുന്ന സന്തോഷ് ശിവന്റെ സിനിമ എന്നിവയാണ് കാളിദാസന്റെ മറ്റു പ്രോജക്ടുകൾ.
Comments are closed.