ജാതകത്തില്‍ രണ്ടു വിവാഹം ഉണ്ട്; ഭാര്യ സമ്മതിച്ചാല്‍ ഇനിയും വിവാഹം കഴിക്കും : ശ്രീശാന്ത്

ഭുവനേശ്വരി സമ്മതിച്ചാല്‍ വീണ്ടുമൊരു വിവാഹത്തിന് ഒരുക്കമാണെന്ന് ശ്രീശാന്ത്. ഹിന്ദി ചാനലിലെ റിയാലിറ്റി ഷോയിലാണ് ശ്രീശാന്തിന്റെ തുറന്നുപറച്ചില്‍. തന്റെ ജീവിതത്തില്‍ രണ്ടു വിവാഹത്തിന് യോഗമുണ്ടെന്നും അതിനാല്‍ ഈ തീരുമാനത്തിന് ഭാര്യയും സമ്മതം മൂളുമെന്നാണ് പ്രതീക്ഷയെന്നും ശ്രീശാന്ത് പറഞ്ഞു.എന്നാല്‍ രണ്ടാമതും വിവാഹം കഴിക്കുകയാണെങ്കില്‍ അത് ഭുവനേശ്വരിയെ തന്നെയായിരിക്കുമെന്നു പറഞ്ഞതോടെ മറ്റു മത്സരാര്‍ഥികള്‍ക്കു ചിരിപൊട്ടി. 75ാമത്തെ വയസ്സിലാണ് രണ്ടാം വിവാഹമെന്നും ഭാര്യ സമ്മതിച്ചാല്‍ മാത്രമേ അത് നടക്കൂവെന്നും താരം പറയുന്നു.

ജാതകപ്രകാരം താന്‍ മൂന്ന് വിവാഹം കഴിക്കുമെന്നു റിയാലിറ്റി ഷോയിലെ മറ്റൊരു മത്സരാര്‍ഥി പറഞ്ഞു. തുടര്‍ന്നുനടന്ന സംഭാഷണത്തിലാണ് തന്റെ വിവാഹക്കാര്യത്തെക്കുറിച്ചു ഹാസ്യം കലർത്തി ശ്രീയും പറഞ്ഞത്. റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നതിനാല്‍ ഭാര്യയേയും മകളേയും മിസ്സ് ചെയ്യുന്നുവെന്ന് ശ്രീശാന്ത് പറഞ്ഞിരുന്നു. ഭാര്യയുമായുള്ള ഏഴുവര്‍ഷത്തെ പ്രണയം ഷോയില്‍ പങ്കുവെച്ചതിനു പിന്നാലെ ശ്രീശാന്തിനെതിരെ ആരോപണവുമായി മുന്‍കാമുകി രംഗത്തെത്തിയതു വലിയ വാര്‍ത്തയായിരുന്നു.

Comments are closed.