അലന്‍സിയര്‍ക്കെതിരേ ഗുരുതര ലൈംഗിക ആരോപണവുമായി സഹനടി രംഗത്ത് ; നടിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ

മലയാള സിനിമയിലെ ശ്രദ്ധേയ താരങ്ങളിലൊരാളായ അലന്‍സിയറിനെതിരേയും മീ ടു കാംപെയ്‌നില്‍ വെളിപ്പെടുത്തല്‍. പേരു വെളിപ്പെടുത്താത്ത യുവനടി ശക്തമായ ആരോപണങ്ങളാണ് പ്രൊട്ടെസ്റ്റിംഗ് ഇന്ത്യഎന്ന വെബ്‌സൈറ്റിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളും അലന്‍സിയര്‍ക്കെതിരായ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. മീടു കാംപെയ്‌നില്‍ പല പ്രമുഖര്‍ക്കെതിരേയുള്ള വെളിപ്പെടുത്തലും ആദ്യം വന്നത് പ്രൊട്ടസ്റ്റിംഗ് ഇന്ത്യ എന്ന വെബ്‌സൈറ്റിലായിരുന്നു.

യുവതി പറയുന്നതിങ്ങനെ- അലന്‍സിയറുടെ മുഖംമൂടി എനിക്ക് വലിച്ചുകീറണം. തുടക്കക്കാരിയായതു കൊണ്ടാണ് പേരു വെളിപ്പെടുത്താതെ ഞാന്‍ എഴുതുന്നത്. അലന്‍സിയറിനെ പരിചയപ്പെടുന്നതുവരെ എനിക്ക് അദ്ദേഹത്തോട് ആരാധനയായിരുന്നു. സമൂഹത്തില്‍ നടക്കുന്ന കൊള്ളരുതായ്മകള്‍ക്കെതിരെ അദ്ദേഹം പ്രതികരിക്കുന്നതു കണ്ട് എനിക്ക് അദ്ദേഹത്തോട് ബഹുമാനം തോന്നിയിരുന്നു. പക്ഷേ, വളരെ വൈകിയാണ് ഇതൊക്കെ അയാളുടെ മുഖംമൂടിയാണെന്ന് മനസിലായത്.

തനിക്ക് പലതവണ അലന്‍സിയറില്‍ നിന്ന് മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്. ആദ്യത്തെ സംഭവം നടക്കുമ്പോള്‍ ഞാനും സഹനടനും അയാളും ഒരുമിച്ച് ഭക്ഷണം കഴിക്കുകയായിരുന്നു. ഭക്ഷണത്തിന് മുന്നില്‍ ഇരിക്കുമ്പോഴും അയാളുടെ നോട്ടം എന്റെ മാറിടത്തിലേക്ക് ആയിരുന്നു. അത് എന്നെ അസ്വസ്ഥയാക്കി. പക്ഷേ ആ സമയത്ത് എനിക്കൊന്നും ചെയ്യാനായില്ല. മിണ്ടാതെ അവിടെ ഇരിക്കാനേ കഴിഞ്ഞുള്ളൂ.. പീന്നീട് എന്റെ മുറിയിലേക്ക് കൂട്ടുകാരിയുമായെത്തിയ അയാള്‍ ഒരു അഭിനേതാവിന് തന്റെ ശരീരത്തെക്കുറിച്ച് അറിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു സംസാരം തുടങ്ങി.

ആര്‍ത്തവ സമയത്ത് ക്ഷീണിച്ച് റൂമില്‍ കിടന്ന സമയത്ത് മദ്യപിച്ച് റൂമില്‍ വരികയും ബലം പ്രയോഗിച്ച് വാതില്‍ തുറന്ന് അകത്ത് കടന്ന് ബെഡില്‍ കിടക്കുകയും ചെയ്തു. പിന്നീട് സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ അവിടെയെത്തി തന്നെ രക്ഷിക്കുകയുമായിരുന്നുവെന്നും നടി പറയുന്നു. ഞാനിതെഴുതുമ്പോഴും ആ സിനിമയില്‍ അഭിനയിച്ചതും അയാളോടൊപ്പം മറ്റ് സിനിമകളില്‍ അഭിനയിച്ചതുമായ മറ്റ് പല നടിമാര്‍ക്കും അയാളെക്കുറിച്ച് പറയാന്‍ കാണുമെന്നും നടി പറയുന്നു. നടിയുടെ വെളിപ്പെടുത്തലുകള്‍ വന്നതോടെ അലന്‍സിയറിനെ മൊബൈല്‍ ഫോണില്‍ ലഭിക്കുന്നില്ല. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളില്‍ തെരുവു പ്രകടനങ്ങള്‍ നടത്തി ശ്രദ്ധേയനായ അലന്‍സിയര്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികരിച്ചിരുന്നില്ല.

Comments are closed.