മി ടൂ ആരോപണത്തില്‍ മലയാളത്തില്‍ നിന്നു ആദ്യ നടപടി ; അർച്ചന പദ്‍മിനിയുടെ വെളിപ്പെടുത്തലിലെ ആരോപണവിധേയനായ പ്രൊഡക്ഷന്‍ അസിസ്റ്റന്‍റിനെ ഫെഫ്ക സസ്പെന്‍റ് ചെയ്തു

നടിയും ഡബ്ല്യുസിസി അംഗവുമായ അർച്ചന പദ്മിനിയുടെ മി ടൂ ആരോപണത്തിൽ തുടർ നടപടിയുമായി ഫെഫ്ക. സംഭവത്തില്‍ ആരോപണവിധേയനായ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷെറിൻ സ്റ്റാൻലിയെ അനിശ്ചിത കാലത്തേക്ക് സസ്പെൻസ് ചെയ്തു. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ പ്രെസിഡന്റിനേയും സെക്രട്ടറിയേയും ഫെഫ്ക വിളിച്ചു വരുത്തി വിശദീകരണം ചോദിച്ചു. പരാതിയുണ്ടായിട്ടും ഷെറിനെ ജോലിയിൽ തിരികെ പ്രവേശിപ്പിച്ച പ്രൊഡക്ഷൻ കൺട്രോളർ ബാദുഷാക്കെതിരെയും നടപടിക്ക് സാധ്യതയുണ്ട്.

കഴിഞ്ഞ ദിവസം ഡബ്ല്യൂസിസി നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ അര്‍ച്ചന താന്‍ നേരിട്ട അപമാനത്തെയും നീതി നിഷേധത്തെപ്പറ്റി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഫെഫ്കയുടെ നടപടി. മമ്മൂട്ടി ചിത്രമായ ‘പുള്ളിക്കാരാന്‍ സ്റ്റാറാ’ ചിത്രത്തി‍ന്‍റെ ലൊക്കേഷനില്‍ നിന്നാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളറിൽനിന്ന് തനിക്ക് ദുരനുഭവം ഉണ്ടായെന്നാണ് അര്‍ച്ചന പദ്മിനി വെളിപ്പെടുത്തിയത്. പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ബാദുഷായുടെ അസിസ്റ്റൻറ് ഷെറിന്‍ സ്റ്റാന്‍ലി തന്നോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ഇതേക്കുറിച്ച് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് നേരിട്ട് പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും അര്‍ച്ചന ആരോപിച്ചിരുന്നു.

Comments are closed.