ശബരിമല: നിലയ്ക്കലില്‍ വാഹനങ്ങള്‍ തടയുന്നു; പ്രതിഷേധക്കാര്‍ ബസില്‍കയറി സ്ത്രീകളെ ഇറക്കിവിടുന്നു; 18നു സംസ്ഥാനത്ത് ഹര്‍ത്താല്‍ ; പ്രതിഷേധക്കാരെ ശക്തമായി നേരിടാന്‍ വനിതാ പൊലീസ് സംഘം നിലയ്ക്കലിലേക്ക്

തുലാമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കാനിരിക്കേ ഏതു വിധേനയും വനിതാപ്രവേശനം തടയുക എന്ന ലക്ഷ്യത്തോടെ ഒരു വിഭാഗം പ്രതിഷേധക്കാര്‍ രംഗത്ത്. ശബരിമല സംരക്ഷണസമിതിയുടെ പേരില്‍ പ്രതിഷേധക്കാര്‍ നിലയ്ക്കലില്‍ ബസുകള്‍ തടഞ്ഞ് സ്ത്രീകളെ ഇറക്കി വിട്ടു. മാധ്യമപ്രവര്‍ത്തകരടക്കമുള്ള യുവതികളെയാണ് നിലയ്ക്കലില്‍ ബസ് തടഞ്ഞ് ഇറക്കിവിട്ടത്. എല്ലാ ബസുകളും തടഞ്ഞ് അകത്ത് കയറി പരിശോധിക്കുന്ന സ്ത്രീകള്‍ ഉള്‍പ്പടെയുള്ള പ്രതിഷേധക്കാരുടെ സംഘം പത്തിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ള എല്ലാ സ്ത്രീകളേയും നടുറോഡില്‍ ഇറക്കിവിടുകയാണ്.ഇതിനിടെ 1000-ഓളം ബൈക്കുകളിലായി കൂടുതല്‍ പ്രതിഷേധക്കാര്‍ പന്തളത്ത് നിന്നും നിലക്കലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ മുതല്‍ ഒരു സംഘം സ്ത്രീകള്‍ നിലയ്ക്കലില്‍ വാഹനങ്ങള്‍ തടയുകയും പരിശോധിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. തങ്ങള്‍ വാഹനങ്ങള്‍ തടഞ്ഞ് യാത്രക്കാരെ ബോധവത്കരിക്കുകയാണ് ചെയ്യുന്നതെന്നാണ് ആദ്യം പറഞ്ഞതെങ്കിലും മണിക്കൂറുകള്‍ പിന്നിട്ടതോടെ സകലവാഹനങ്ങളും നിര്‍ത്തി അരിച്ചു പെറുക്കാന്‍ തുടങ്ങി. കെഎസ്ആര്‍ടിസി ബസുകളും മറ്റും നടുറോഡില്‍ നിര്‍ത്തി അകത്ത് കയറിയാണ് യാത്രക്കാരായ പെണ്‍കുട്ടികളെ ഇറക്കിവിടുന്നത്. ‘ഇറങ്ങിവാടീ ഇറങ്ങി പോടീ’ എന്നൊക്കെയുള്ള ആക്രോശങ്ങള്‍ കേട്ട് വിദ്യാര്‍ത്ഥിനികള്‍ അടക്കമുള്ളവര്‍ ഭയന്ന് ഇറങ്ങി പോകുകയായിരുന്നു.

ആചാരസംരക്ഷണസമിതിയുടെ സമരം ഇവിടെ പത്ത് ദിവസം പിന്നിടുകയാണ്. വിധി ഉണ്ടെങ്കിലും പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള ആരേയും ശബരിമലയിലേക്ക് കയറ്റി വിടില്ല എന്ന നിലപാടിലാണ് ഇവര്‍. ഇവരാണ് ഇന്ന് പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുള്ളവരെ മല കയറ്റാന്‍ സമ്മതിക്കില്ല എന്ന് പ്രഖ്യാപിച്ച് ഇവര്‍ സ്ത്രീ യാത്രക്കാരെ ഇറക്കിവിട്ടത്.

നാളെ വൈകുന്നേരം നട തുറക്കുന്നത് കണക്കിലെടുത്ത് രാവിലെ മുതല്‍ നിലയ്ക്കല്‍, എരുമേലി തുടങ്ങി ശബരിമലയിലേക്കുള്ള പ്രധാന പാതകളില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ രക്ഷാകവചം എന്ന പേരില്‍ പ്രതിരോധം ഒരുക്കുന്നുണ്ട്. ശബരിമലയിലേക്കുള്ള എല്ലാ വാഹനങ്ങളും പരിശോധിച്ച് സ്ത്രീകള്‍ പമ്പയില്‍ എത്തില്ലെന്ന് ഉറപ്പാക്കാനാണ് ഇവരുടെ ശ്രമം.

മറുവശത്ത് പൊലീസ് ശക്തമായ തയ്യാറെടുപ്പുകളാണ് നടത്തുന്നത്. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ കൂടുതല്‍ വനിതാ പൊലീസുകാര്‍ നിലയ്ക്കലിലേക്ക് നീങ്ങുന്നു. കൂടാതെ നിലയക്കലിലും പമ്പയിലും വനിതാ പൊലീസ് സംഘത്തെ സജ്ജരാക്കി നിര്‍ത്തിയിട്ടുണ്ട്.നാളെ രാവിലെയോടെ നിലയ്ക്കലിലും പന്പയിലും വനിതാ പൊലീസിനെ വിന്യസിക്കാനായിരുന്നു ആദ്യം ഉദ്ദേശിച്ചതെങ്കിലും ഒരു വിഭാഗം ഭക്തര്‍ നിലയ്ക്കലില്‍ ബസ് തടഞ്ഞ് പെണ്‍കുട്ടികളെ ഇറക്കി വിടാന്‍ തുടങ്ങിയതിനെ തുടര്‍ന്നാണ് രണ്ട് കന്പനി വനിതാ ബറ്റാലിയനെ അവിടെ വിന്യസിക്കാന്‍ തീരുമാനിച്ചത്.ശബരിമലയിൽ പ്രതിഷേധം ശക്തമായി നേരിടാനാണ് പൊലീസ് തീരുമാനം. വനിതാഭക്തര്‍ കൂടുതലായി മല കയറാന്‍ എത്തിയാല്‍ വനിതാ പൊലീസുകാര്‍ സന്നിധാനത്തേക്ക് നീങ്ങും. സന്നിധാനത്തും പമ്പയിലും ഒരുതരത്തിലുള്ള സംഘര്‍ഷത്തിനും ഇടം കൊടുക്കരതെന്നും കാര്യങ്ങള്‍ കൈവിട്ടു പോകാതെ നോക്കണമെന്നുമാണ് പൊലീസിന് കിട്ടിയിരിക്കുന്ന നിര്‍ദേശം. തീർത്ഥാടകരെ തടയാനോ വാഹനപരിശോധന നടത്താനോ ആരേയും അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. പ്രത്യേക സുരക്ഷ മേഖലയില്‍ പ്രതിഷേധം നടത്തിയാല്‍ ശക്തമായ നടപടിയുണ്ടാവുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ പ്രത്യേക പട്രോളിംഗും നടത്തും.

ഇതിനിടെ വിശ്വ ഹിന്ദു പരിഷദ് വിമതപക്ഷമായ AHPയുടെ നാഷണൽ സെക്രട്ടറി പ്രതീഷ് വിശ്വനാഥ് ഒക്ടോബര്‍ 18നു സംസ്ഥാനത്ത് 24 മണിക്കൂര്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു രംഗത്ത് വന്നിട്ടുണ്ട്. പരമാവധി അയ്യപ്പ ഭക്തർ അഞ്ചു ദിവസം താമസിക്കാൻ തയ്യാറായി നിലക്കൽ എത്താനും എന്ത് വിലകൊടുത്തും വേണ്ടി വന്നാൽ ജീവൻ കൊടുത്തും,നിയമം കയ്യിലെടുത്തും ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന സ്ത്രീകളെ തടയും എന്നും പ്രതീഷ് fb പോസ്റ്റിലൂടെ അറിയിയ്ക്കുന്നു. എല്ലായിടത്തും മുഖ്യമന്ത്രിയുടെ കോലംകത്തിക്കാനും അദ്ദേഹം ആഹ്വാനം നല്കിയിട്ടുണ്ട്.

Comments are closed.