സിദ്ദിഖിനെ തള്ളി A.M.M.A നേതൃത്വം; വക്താവ് ജഗദീഷ് തന്നെ
സിദ്ദിഖിനെ തള്ളി താരസംഘടനയായ A.M.M.A നേതൃത്വം. അമ്മയുടെ അനുമതിയില്ലാതെയാണ് സിദ്ദിഖ് ഇന്നലെ വാര്‍ത്താസമ്മേളനം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. സിദ്ദിഖിന്റെ നടപടി അമ്മയുടെ പ്രതിഛായ മോശമാക്കിയെന്ന് എഎംഎംഎയില്‍ അഭിപ്രായം ശക്തമായി. ട്രഷറര്‍ ജഗദീഷ് ആണ് എഎംഎംഎയുടെ ഔദ്യോഗിക വക്താവ് എന്നും എക്സിക്യുട്ടീവ് അംഗങ്ങള്‍ വ്യക്തമാക്കുന്നു.
കെ.പി.എ.സി ലളിതയെ ഒപ്പംകൂട്ടി സിദ്ദിഖ് വ്യക്തിതാല്പര്യം സംരക്ഷിക്കാന്‍ ശ്രമിച്ചു. സിദ്ദിഖിന്റെ വാര്‍ത്താസമ്മേളനം അറിഞ്ഞത് ചാനലുകളില്‍ കൂടിയാണെന്നും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ പറയുന്നു. എഎംഎംഎ പ്രസിഡന്റ് മോഹന്‍ലാലിനു പോലും വാര്‍ത്താസമ്മേളനത്തെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ലെന്നാണ് സൂചന.
അതേസമയം, നിലവിലെ സ്ഥിതി ചര്‍ച്ച ചെയ്യാന്‍ മോഹന്‍ലാല്‍ അടിയന്തര എക്സിക്യൂട്ടീവ് യോഗം വിളിച്ചു. 19ന് അവയ്ലബിള് എക്സിക്യുട്ടീവ് ചേരാനാണ് തീരുമാനം. അതിനു ശേഷം മോഹന്‍ലാലിന് വിദേശത്തേക്ക് പോകേണ്ടതുണ്ട്.
ഇന്നലെ അപ്രതീക്ഷിതമായാണ് സിദ്ദിഖ് വാര്‍ത്താസമ്മേളനം വിളിച്ചത്. വാര്‍ത്താസമ്മേളനത്തിനിടെ ജഗദീഷ് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിനെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം ഖജാന്‍ജി ആണെന്നും വക്താവ് ആണോ എന്നറിയില്ലെന്നുമാണ് പറഞ്ഞത്. എഎംഎംഎയുടെ നേതൃത്വത്തിന്റെ അറിവോടെയാണ് അദ്ദേം വാര്‍ത്താക്കുറിപ്പ് ഇറക്കിയതെന്ന് പറയുന്നുണ്ടെങ്കില്‍ താന്‍ പറയുന്നതാണ് ഔദ്യോഗിക നിലപാടെന്നും സിദ്ദിഖ് പറഞ്ഞിരുന്നു.
അതേസമയം, ജഗദീഷ് ഇറക്കിയ വാര്‍ത്തക്കുറിപ്പ് പ്രസിഡന്റ് മോഹന്‍ലാലിന്റെയും മറ്റ് ഭാരവാഹികളുടെയും അറിവോടെയാണെന്നും സൂചനയുണ്ട്. രാവിലെ ഈ വാര്‍ത്താക്കുറിപ്പ് എല്ലാ അംഗങ്ങളുടെയും വാട്സ്ആപ്പില്‍ എത്തിയിരുന്നു. ഇതില്‍ ദിലീപിന്റെ രാജിക്കാര്യം ചര്‍ച്ച ചെയ്യുന്നതിനെ കുറിച്ച് പറയുന്നില്ല. എന്നാല്‍ സിദ്ദിഖ് വിളിച്ചവാര്ത്തസമ്മേളനത്തില് ദിലീപിന്റെ രാജിക്കാര്യം അടുത്ത എക്സിക്യൂട്ടീവില്‍ ചര്‍ച്ച ചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നു.
മാത്രമല്ല, ഡബ്ല്യൂസിസി അംഗങ്ങളെ കടന്നാക്രമിച്ച സിദ്ദീഖ് അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും എഎംഎംഎയില്‍ നിന്ന് രാജിവച്ച അവരെ തിരിച്ചെടുക്കില്ലെന്നും അവര്‍ ക്ഷമ പറഞ്ഞാല്‍ മാത്രമേ തിരിച്ചെടുക്കുന്നതിനെ കുറിച്ച് ആലോചിക്കൂവെന്നും പറഞ്ഞിരുന്നു. നടിമാരെ ഇതുവരെ നേരിടാത്ത വിധത്തിലുള്ള വിമര്‍ശനവുമായാണ് സിദ്ദിഖ് ഇന്നലെ മാധ്യമങ്ങളെ കണ്ടത്
Comments are closed.