മീ ടൂ വമ്പൻമാരിലേക്കും ; സൽമാൻ ഖാനെതിരെ വെളിപ്പെടുത്തലുമായി നടി പൂജ

മീ ടു കാമ്പയിൻ ചെറുമീനുകളിൽ നിന്ന് വമ്പൻ സ്രാവുകളെ ലക്ഷ്യം വച്ച് തുടങ്ങിയിരിക്കുന്നു. ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനെതിരെ ലൈംഗിക പീഡനാരോപണവുമായി നടി രംഗത്ത്. നടിയും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായിരുന്ന പൂജ മിശ്രയാണ് സല്‍മാന്‍ ഖാനും അദ്ദേഹത്തിന്റെ സഹോദരന്‍മാരും തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. സുല്‍ത്താൻ സിനിമയുടെ ഷൂട്ടിങിനിടെയാണ് സംഭവം നടന്നതെന്നും പൂജ പറയുന്നു.

 കൂടാതെ നടന്‍ ശത്രുഘ‌്‌നന്‍ സിന്‍ഹ തന്നെ ബ്ലാക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്നും പൂജ ട്വീറ്ററില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ പറയുന്നു. ശത്രുഘ‌്‌നന്‍ സിന്‍ഹ തന്റെ ഫോണും ലാപ്‌ടോപും ഹാക്ക് ചെയ്തെന്നും നടി ആരോപിക്കുന്നുണ്ട്.

ശത്രുഘ‌്‌നന്‍ സിന്‍ഹയും ഭാര്യയും ചേർന്ന് ദുര്‍മന്ത്രവാദം നടത്തി തന്റെ വീട്ടില്‍ പ്രേതങ്ങളെ തുറന്നുവിട്ടെന്നും പൂജ ആരോപിക്കുന്നു. മകള്‍ സൊനാക്ഷിയെ ബോളിവുഡിലെത്തിക്കാനാണ് ശത്രുഘ്‌നന്‍ സിന്‍ഹ ഇതെല്ലം ചെയ്തതെന്നും സല്‍മാനും സഹോദരങ്ങളായ സൊഹൈല്‍ ഖാന്‍, അര്‍ബാസ് ഖാന്‍ എന്നിവര്‍ക്ക് കാഴ്ചവച്ചുവെന്നും അവര്‍ പല അവസരങ്ങളിലായി തന്നെ പീഡിപ്പിച്ചുവെന്നും പൂജ മിശ്ര പറയുന്നു.

Comments are closed.