മാപ്പു പറയാൻ ഉദ്ദേശമില്ലെന്ന് രമ്യാ നമ്പീശൻ ; ‘ഗോ ടു ഹെൽ’ എന്ന് റിമ കല്ലിങ്കൽ

ഡബ്ല്യൂസിസി വാര്‍ത്താ സമ്മേളനത്തിന് മറുപടിയായി അമ്മയ്ക്കു വേണ്ടി സിദ്ധിഖ് നടത്തിയ വാര്‍ത്താ സമ്മേളനത്തെ വിമര്‍ശിച്ച് നടിമാരായ രമ്യാ നമ്പീശനും റിമ കല്ലിങ്കലും. കടുത്ത ഭാഷയിലാണ് ഇരുവരുടേയും പ്രതികരണം.

മാപ്പ് പറയാനോ സംഘടനയിലേക്ക് തിരിച്ചുപോകാനോ ഉദ്ദേശമില്ല. കെപിഎസി ലളിത സ്വീകരിച്ച നിലപാടില്‍ സ്ത്രീവിരുദ്ധതയുണ്ടെന്നും രമ്യ പ്രതികരിച്ചു.എല്ലാം സഹിച്ചാല്‍ മാത്രമെ അമ്മയ്ക്കുള്ളില്‍ നിലനില്‍ക്കാന്‍ സാധിക്കൂ എന്നാണവര്‍ പറയുന്നത്. പക്ഷേ ഞങ്ങള്‍ക്കതിന് സാധിക്കില്ല. ഞങ്ങള്‍ പുറത്തുവന്ന് കഴിഞ്ഞു. എല്ലാം സഹിച്ച് നില്‍ക്കുന്നവരുടെ യുക്തി എന്തെന്ന് അറിയില്ല. കെപിഎസി ലളിത പറഞ്ഞ കാര്യങ്ങള്‍ ഏറെ സങ്കടപ്പെടുത്തി.

സംഘടന ആര്‍ക്കൊപ്പം നില്‍ക്കുന്നു എന്നത് വ്യക്തമാണ്. ഇങ്ങനെ ഒരു നിലപാട് കൈക്കൊള്ളാന്‍ എങ്ങനെ കഴിഞ്ഞു എന്നതും അത്ഭുതപ്പെടുത്തി. ഡബ്ല്യുസിസി പുരുഷവിരുദ്ധവും ‘അമ്മ’ വിരുദ്ധവും ആണെന്നാണ് അവര്‍ പ്രചരിപ്പിക്കുന്നത്. ഈ സംഘടനക്ക് അങ്ങനെയൊരു ലക്ഷ്യമില്ല. എല്ലാവരും കൈകോര്‍ത്ത് മുന്നോട്ടുപോകണമെന്ന് തന്നെയാണ് ആഗ്രഹം. പക്ഷേ ആവശ്യമായ സമയത്ത് പ്രതികരിക്കണ്ടേയെന്നും രമ്യ ചോദിക്കുന്നു.

ഡബ്ല്യുസിസി എന്ന സംഘടന സിനിമാമേഖലയെയും മറ്റ് സംഘടനകളെയും തകര്‍ക്കാന്‍ വേണ്ടി രൂപം കൊണ്ടതാണെന്നുമുള്ള പ്രചാരണങ്ങള്‍ മനപ്പൂര്‍വ്വമാണ്. ശബ്ദമുയര്‍ത്തുന്നവരെ അടിച്ചമര്‍ത്തുന്നതാണ് പൊതുവെയുള്ള രീതി. സോഷ്യല്‍ മീഡിയയിലെ ആക്രമണങ്ങള്‍ അതിന്റെ തെളിവാണ്. ആ അക്രമങ്ങള്‍ പെയ്ഡാണ് എന്നത് ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകും. സിനിമാ വ്യവസായത്തില്‍ ശുദ്ധീകരണം വേണമെന്നും ഉറച്ചുവിശ്വസിക്കുന്നു. രമ്യാ നമ്പീശൻ പറഞ്ഞു.

സിനിമാ സംഘടന ‘അമ്മ’ക്കെതിരെ റിമയും കടുത്ത പ്രതികരണവുമായി രംഗത്തെത്തി. ഡബ്ല്യുസിസിക്ക് നേരേ ആക്രോശിക്കുന്നവര്‍ ‘അമ്മ’യുടെ വാര്‍ത്താ സമ്മേളനത്തില്‍ മിണ്ടാതെ ഇരുന്നത് എന്തുകൊണ്ടെന്നു റിമ.

ദിലീപ് ശരിക്കും രാജി വെച്ചു എന്നതിനെ പറ്റി ‘അമ്മ ചിന്തിച്ചു കൊണ്ടിരിക്കുകയാവും എന്നും, ഏറ്റവും വലിയ തമാശ! ഞങ്ങള്‍ രാജി സമര്‍പ്പിച്ചപ്പോള്‍ രണ്ടാമതൊന്ന് അവര്‍ക്ക് ആലോചിക്കേണ്ടി വന്നില്ലെന്നതാണെന്നും റിമ പറയുന്നു. ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു റിമ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

‘സിനിമാ സംഘടയ്ക്കും സിനിമയിലെ പ്രമുഖര്‍ക്കുമെതിരെ പ്രതികരിക്കുന്നതിന്റെ പേരില്‍ ഇന്‍ഡസ്ട്രിയിലും സോഷ്യല്‍മീഡിയയിലും ഒരു വിഭാഗം ആളുകള്‍ ഡബ്യുസിസിക്ക് നേരെ അധിക്ഷേപം ചൊരിയുകയാണ്. നടിമാര്‍ പൊതു സ്വത്താണെന്നാണ് ചിലരുടെ ധാരണ, അവരോട് എന്തുവേണമെങ്കിലും ചോദിക്കാം എന്തും പറയാമെന്നാണ് അവര്‍ കരുതുന്നത്.

ഡബ്യുസിസിയുടെ വാര്‍ത്താസമ്മേളനത്തില്‍ ആക്രോശിച്ചതുപോലെ എഎംഎംഎ നടത്തിയ വാര്‍ത്താ സമ്മേളത്തിന്‍ എന്തുകൊണ്ടാണ് ആരും ആക്രോശിക്കാതിരുന്നത്. പ്രസിഡന്റ് മോഹന്‍ലാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തപ്പോള്‍ ആരും ഒന്നും ചോദിച്ചില്ല. ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ നിലപാട് എന്താണെന്ന് ആരും ചോദിച്ചില്ല.

പീഡനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി മൂന്നുമാസം ജയിലിലായ ഒരാളെ എന്തുകൊണ്ട് പുറത്താക്കിയില്ല എന്ന് ചോദിച്ചില്ല. എ.എം.എം.എ പ്രസിഡന്റ് മോഹന്‍ലാല്‍ ഇതെല്ലാം അടുത്ത യോഗത്തില്‍ തീരുമാനിക്കും എന്ന് പറഞ്ഞപ്പോള്‍ എല്ലാവരും മിണ്ടാതെ സ്ഥലം വിട്ടു’. റിമ പറഞ്ഞു.

എഎംഎംഎ നേതൃത്വത്തില്‍ നിന്നും നിരന്തരം നേരിടുന്ന നീതി നിഷേധത്തിലും അവഗണനയിലും ഡബ്ലൂസിസി ദുഖിതരും നിരാശരുമാണ്. ഗൗരവതരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാല്‍ പോലും അവര്‍ താല്‍പര്യം പ്രകടിപ്പിക്കുന്നില്ല. ദിലീപ് രാജി വച്ചോയെന്ന് എനിക്ക് ഇപ്പോഴും വ്യക്തമല്ല. രാജി സമര്‍പ്പിച്ചെന്നും എന്നാല്‍ നേതൃത്വം ഇപ്പോഴും അതേക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് താന്‍ കരുതുന്നത്. പക്ഷെ ഞങ്ങളുടെ രാജി സ്വീകരിക്കാന്‍ അവര്‍ക്ക് രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല എന്നതാണ് രസകരം റിമ പറയുന്നു.

ഇവര്‍ക്ക് അഭിനയിക്കാന്‍ സിനിമകളുണ്ട്, നിര്‍മാതാക്കളുണ്ട് ടിവി ചാനലുകളില്‍ നിന്നും ഫാന്‍ ക്ലബുകളില്‍ നിന്നും പിന്തുണയുണ്ട്. അതുകൊണ്ടാണ് ഇക്കൂട്ടരെ വെളിച്ചത്തുകൊണ്ടുവരാന്‍ തീരുമാനിച്ചത്. സിനിമാ ഇന്‍ഡസ്ട്രിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് ആളുകളും അറിയണം. അവര്‍ കാണിക്കുന്നതുപോലെ പരസ്പര സ്‌നേഹമോ കുടുംബബന്ധമോ അല്ല, പൊട്ടിത്തെറിക്കാറായി നില്‍ക്കുന്ന പ്രഷര്‍ കുക്കറിന്റെ അവസ്ഥയാണ് അവിടെ.

ഞങ്ങള്‍ക്ക് ജോലി നഷ്ടപ്പെട്ടു, സമൂഹമാധ്യമങ്ങളില്‍ ഓരോ മിനിറ്റിലും അസഭ്യവര്‍ഷങ്ങള്‍ നേരിടുകയാണ്. തുറന്നുപറയുകയല്ലാതെ മറ്റൊരു മാര്‍ഗം ഞങ്ങള്‍ക്ക് ഇല്ല. ഇപ്പോഴാണ് പ്രവര്‍ത്തിക്കാന്‍ സാധിക്കൂ. കുറെ കാലം കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോള്‍ നമ്മള്‍ എന്തുചെയ്തു എന്നതിന് ഉത്തരമാകും ഇത്.

വര്‍ഷങ്ങള്‍ക്ക് മുന്നേ അടൂര്‍ഭാസിയില്‍ നിന്നും തനിക്ക് നേരിട്ട അതിക്രമങ്ങളെ കുറിച്ച് തുറന്നെഴുതിയ വ്യക്തിയാണ് ലളിതാമ്മ. ഇന്‍ഡസ്ട്രിയില്‍ നിന്നും നേരിടേണ്ടി വരുന്ന ലൈംഗിക അതിക്രമങ്ങള്‍ ചിലര്‍ മൂടിവെയ്ക്കുന്നതെന്തിനാണെന്ന് ലളിതാമ്മയ്ക്കും അറിയാവുന്ന കാര്യമാണ്. അതൊന്നു ചിന്തിച്ച് കഴിഞ്ഞാല്‍ മനസ്സിലാകും വര്‍ഷങ്ങളോളം ചില സ്ത്രീകള്‍ നിശബ്ദരായി ഇരുന്നതിന്റെ കാരണം.

എനിക്ക് അവരോട് സഹതാപം മാത്രമാണ്. കാരണം അവര്‍ക്ക് അവിടെ തുടരുകയല്ലാതെ മറ്റ് വഴികളില്ല. ഇനി തിരിച്ചുവരാന്‍ ഞങ്ങള്‍ മാപ്പ് അപേക്ഷിക്കണമെന്നാണ് അവര്‍ പറയുന്നതെങ്കില്‍ ‘ഗോ ടു ഹെല്‍’ എന്നേ പറയാനൊള്ളൂ.

എന്താണ് അമ്മ അംഗങ്ങള്‍ അവിടെയുള്ള വനിതാഅംഗങ്ങള്‍ക്ക് ചെയ്തുകൊടുക്കുന്നത്. എല്ലാവര്‍ഷവും ഉള്ള അമ്മ ഷോയില്‍ പുരുഷന്മാരെ പുകഴ്ത്തി പരിപാടി അവതരിപ്പിക്കുന്നു. പെണ്‍കുട്ടികള്‍ അവിടെ വെറും വസ്തുക്കള്‍ മാത്രം. അഞ്ചു ഗാനങ്ങളില്‍ ഏതെങ്കിലും നടന്‍ വന്ന് അഞ്ച് നടിമാര്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്നു. എവിടെപ്പോയി പണ്ട് ഉണ്ടായിരുന്ന മികച്ച നടിമാര്‍. ആര് അവര്‍ക്കൊപ്പം അഭിനയിക്കാന്‍ എത്തും. അവരൊക്കെ ഇന്‍ഡസ്ട്രിയില്‍ നിന്നു തന്നെ മാഞ്ഞുപോയി.

സുരക്ഷിതമായ കൂടുതല്‍ മെച്ചപ്പെട്ട തൊഴിലിടമാണ് ഡബ്ലുസിസിയുടെ ലക്ഷ്യം. പക്ഷെ ശുചീകരണത്തിന് ഒരുപാട് കഠിനാധ്യാനം ആവശ്യമാണ്. മറ്റു സിനിമ വ്യവസായങ്ങളില്‍ നിന്നും മലയാള സിനിമയ്ക്ക് പഠിക്കാനുണ്ട്. ആമിര്‍ ഖാന്‍, അക്ഷയ് കുമാര്‍, ഗൗരി ഷിന്‍ഡെ, കിരണ്‍ റാവു തുടങ്ങിയ പ്രമുഖര്‍ ആരോപണ വിധേയര്‍ക്കൊപ്പം ജോലി ചെയ്യില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടെ കുറ്റാരോപിതനൊപ്പം പ്രമുഖര്‍ സിനിമ ചെയ്തുകൊണ്ടിരിക്കുകയാണ്.

നേരത്തെ കെപിഎസി ലളിതയോടൊപ്പം ചേര്‍ന്ന് സിദ്ദിഖ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഡബ്ല്യുസിസിക്കെതിരെയും അംഗങ്ങള്‍ക്കെതിരെയും രൂക്ഷമായ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് രമ്യയുടേയും റിമയുടെയും പ്രതികരണം.

Comments are closed.