ശബരിമലയിൽ പോയ ആദ്യത്തെ പെണ്ണല്ല ഞാൻ ;ശബരിമല അടച്ചു ഇറങ്ങിക്കളയും എന്ന് പറയുന്ന കണ്ഠരര് ഭക്തനുമല്ല, നിയമം അനുസരിക്കുന്ന പൗരനുമല്ല : ലക്ഷമി രാജീവ്

ശബരിമലയില്‍ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് വന്‍ വിവാദങ്ങളും പ്രക്ഷോഭങ്ങളുമാണ് ഉണ്ടാകുന്നത്. ഇതിനിടെ ഇന്ന് തുലാമാസ പൂജയ്ക്കായി തുറന്ന നട അടയ്ക്കും. യുവതികള്‍ സന്നിധാനത്ത് എത്തിയാല്‍ നട അടച്ചിടുമെന്ന് തന്ത്രി കണ്ഠരര് രാജീവര്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ തന്ത്രിയെ വെട്ടിലാക്കിയിരിക്കുകയാണ് എഴുത്തുകാരി ലക്ഷ്മി രാജീവിന്റെ വെളിപ്പെടുത്തലുകള്‍.
താന്‍ മുമ്പ് ശബരിമലയില്‍ പോയിട്ടുണ്ടെന്നും കണ്ഠരര് രാജീവര്‍ക്ക് ഇത് അറിയാമെന്നും ലക്ഷ്മി രാജീവ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഞാന്‍ അന്ന് ആ ശ്രീകോവിലിനു മുന്നില്‍ നിന്ന് കരഞ്ഞു പറഞ്ഞ എല്ലാം അയ്യപ്പന്‍ എനിക്ക് തന്നിട്ടുണ്ട്. മക്കളെ ജനിച്ച അന്ന് മുതല്‍ ഇന്ന് വരെ ഹരിവരാസനം കേള്‍പ്പിച്ചാണ് ഉറക്കുന്നത്. തന്നെപ്പറ്റി അനാവശ്യം പറഞ്ഞാല്‍ താഴമണ്‍ ഇനിയും വല്ലാതെ ഈ സമൂഹത്തില്‍ താഴുമെന്നും ലക്ഷ്മി രാജീവ് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു.
ഫേസ്ബുക്കിൽ ലക്ഷ്മി രാജീവ് ഇങ്ങനെ കുറിച്ചു –
“ഞാന്‍ ശബരി മലയില്‍ പോയിട്ടുണ്ട്, കണ്ഠരര് രാജീവരാണ് മകനെ പതിനെട്ടു പ്രാവിശ്യം മല ചവിട്ടുക്കാമെന്നു നേര്‍ന്നോളാനും പറഞ്ഞത്. ബസന്ത് നഗര്‍ അയ്യപ്പ സ്വാമി ക്ഷേത്രത്തില്‍ വച്ച്. അയാള്‍ അത് നിഷേധിക്കും, എന്നെ കണ്ടിട്ടേ ഇല്ല എന്ന് പറയും എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് അത് തുറന്നു പറയുന്നത്. ഗതികെട്ട ഒരു സമയമായിരുന്നു, അച്ഛനും മരിച്ചു, കുട്ടികള്‍ ആയുമില്ല -ആകെ വലഞ്ഞ വര്‍ഷങ്ങള്‍. ശബരിമലയല്ല, തീയില്‍ ചാടാന്‍ ആരേലും പറഞ്ഞാല്‍ ചാടുന്ന സമയം.

എന്നെ അനാവശ്യം പറഞ്ഞാല്‍ താഴമണ്‍ ഇനിയും വല്ലാതെ ഈ സമൂഹത്തില്‍ താഴും. അതവര്‍ ചെയ്യില്ല. അയ്യപ്പന്റെ നട അടച്ചു അയാള്‍ ഇറങ്ങുമെന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം അയാള്‍ ഇറങ്ങണമെന്നാണ്. അവിടെ യുവതികള്‍ കയറിയിട്ടുണ്ട്. ?

സ്വാമി അയ്യപ്പനറിയാം അവിടെ സ്ഥിരമായി യുവതികള്‍ വന്നിരുന്ന കാലം. അത് എടുത്തുകാട്ടി ആചാര ലംഘനം എന്ന് പറഞ്ഞു ശബരിമല നശിപ്പിക്കുന്നവര്‍ക്കു എതിരെ ഒന്നും പറഞ്ഞില്ലെങ്കില്‍ ഞാന്‍ കൈകൂപ്പിയ ദൈവങ്ങള്‍ക്ക് ഒരു അര്‍ത്ഥവും ഉണ്ടാവില്ല .

നിങ്ങള്‍ എന്നെ എന്ത് പറഞ്ഞാലും എനിക്കൊന്നുമില്ല. ശബരിമലയില്‍ ഇപ്പോള്‍ സ്ത്രീകള്‍ ആരും പോകരുത്. അവിടുത്തെ ഗുണ്ടകളെ സര്‍ക്കാര്‍ കൈകാര്യം ചെയ്യട്ടെ. അവിടെ എല്ലാവര്ക്കും പോകാന്‍ ഉള്ള സമയം വരും. ഞാന്‍ അന്ന് ആ ശ്രീകോവിലിനു മുന്നില്‍ നിന്ന് കരഞ്ഞു പറഞ്ഞ എല്ലാം അയ്യപ്പന്‍ എനിക്ക് തന്നിട്ടുണ്ട്. മക്കളെ ജനിച്ച അന്ന് മുതല്‍ ഇന്ന് വരെ ഹരിവരാസനം കേള്‍പ്പിച്ചാണ് ഉറക്കുന്നത്.

എന്നെ വേണ്ടാത്തവര്‍ ഇവിടെ നിന്നും പോകണം. ശബരിമല മാത്രമല്ല ഞാന്‍ പോകാത്ത അമ്പലങ്ങളില്ല, സൗത്തില്‍. ഏതു കല്ല് കണ്ടാലും വീണു കിടന്നു തൊഴുവുന്ന ഒരാളാണ് ലക്ഷ്മി.? ഇരുപത്തി മൂന്നു വര്‍ഷമായി രാജീവിന്റെ കൂടെ. വീട്ടിലെ ഏറ്റവും പ്രധാന വാക്കാണ് സുരക്ഷ- മുന്നൂറോളം ജീവനുകളെ അങ്ങോട്ടും ഇങ്ങോട്ടും വിമാനത്തില്‍ കൊണ്ട് പോകുന്ന ആ മനുഷ്യന്‍ അനുഷ്ഠിക്കുന്ന കൃത്യമായ ചിട്ടക്ക് നിയമങ്ങള്‍ക്കു മുന്നില്‍ ഞാന്‍ എന്നും വേലക്കാരി മാത്രം ആയിരുന്നു. പരാതി ഉണ്ടായിരുന്നു. ആ മനുഷ്യന്‍ കരഞ്ഞു, മതത്തിന്റെ പേരില്‍ ഗുണ്ടകളെ ഇറക്കി കണ്ഠരരുകള്‍ അയ്യപ്പനെ വ്യഭിചാരിക്കുന്നതു. അയ്യോ അയ്യോ എന്ന് ഞങ്ങള്‍ എല്ലാവരും പറഞ്ഞു. അത് കൊണ്ട് പറയേണ്ടി വന്നു. പ്രാണ പ്രതിഷ്ഠ പഠിച്ച ഒരു ബ്രാഹ്മണനും ഒരു ഉറുമ്പിനെപ്പോലും നോവിക്കില്ല. ഈ കാട്ടാളന്മാര്‍ സമൂഹത്തിനു മുന്നില്‍ തുറന്നു കാട്ടാന്‍ ഒരുത്തന്‍ ഇല്ലാതെ പോയല്ലോ? ?

ആരും ആവേശം മൂത്തു തെളിവുകള്‍ ശേഖരിക്കാന്‍ നില്‍ക്കേണ്ട. കേസ് ആകുകയാണെങ്കില്‍ ഇന്ത്യയിലെ ഏറ്റവും വലിയ വക്കീല്‍ അത് വാദിച്ചോളും. രാജീവിന്റെ വാക്കാണ്. മാറില്ല. ആരും ഉല്‍ക്കണ്ഠപ്പെടേണ്ട.”

ഈ എഫ്.ബി.പോസ്റ്റിന് നേരെ ഉയർന്ന വിമർശനങ്ങൾക്കും മാധ്യമങ്ങൾ വാർത്ത നൽകിയ രീതിയെ കുറിച്ചും പരാമർശിച്ചു ഇപ്പോൾ മറ്റൊരു പോസ്റ്റിലൂടെ കൂടുതൽ വിശദീകരണവുമായി എത്തിയിരിക്കയാണ് എഴുത്തുകാരിയായ ലക്ഷ്മി രാജീവ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

കണ്ഠരര് രാജീവര് എന്നെ നിര്ബന്ധിപ്പിച്ചു മല ചവിട്ടിപ്പിച്ചു എന്നൊക്കെ കണ്ടു. വ്രതമെടുത്തു മലചവിട്ടിക്കോളൂ, മകനുണ്ടായാൽ പതിനെട്ടു വർഷം അവനെയും കൊണ്ട് പോകണം . സ്വാമി അനുഗ്രഹിക്കട്ടെ എന്ന് പറയുമ്പോൾ അദ്ദേഹം മാത്രമല്ല- എന്നോട് അത്തരത്തിലുള്ള കഠിനമായ പലതും ചെയ്യാൻ പറഞ്ഞ പലരും ഉണ്ട്. ചെയ്‌തിട്ടുണ്ട്. നാരായണീയം വിവർത്തനം ചെയ്തത് ഉൾപ്പെടെ.ബാക്കി ഉള്ളത് തിരുപ്പതിയിൽ പോയി തല മൊട്ടയടിക്കാം എന്നുള്ള നേർച്ചയും ആറ്റുകാൽ നൂറു കലം പൊങ്കാല ഇടാമെന്നതും, രാമേശ്വരത്തു പോയി അച്ഛന് ബലി ഇടാമെന്നതും മാത്രമാണ്.

പിന്നെ അതിലൊന്നുമല്ല ഈശ്വരൻ എന്ന് മനസിലാക്കുന്ന മറ്റൊരു അവസ്ഥ വന്നു. അതും ഭക്തിയാണ് . അടുത്ത ഘട്ടം സകലതും ഉപേക്ഷിച്ചുള്ള യാത്രയാണ്. ചിലപ്പോൾ വേറെ എന്തെങ്കിലും ആവും.

ഷൈൻ ചെയ്യാൻ ഞാൻ ജീവിച്ച ചില നിമിഷങ്ങളുടെ കുറച്ചു ഫോട്ടോസ് ഇവിടെ ഇട്ടാൽ മതിയാവും. അതിനൊന്നും മുതിരുന്നില്ല.

പത്തനം തിട്ട കളക്ടർ ആയിരുന്നപ്പോൾ യുവതിയായ താൻ ശബരിമലയിൽ പോയ വിവരം ഒരു IAS ഓഫീസർ പറയുന്നത് കേട്ടു . സ്ത്രീകൾ ഈ അധഃപതനം കണ്ടു സഹിക്കാതെ പറഞ്ഞു പോകുന്നതാണ്. ഞാനുമതെ . കണ്ഠരര് രാജീവര് പോകാം എന്ന് പറഞ്ഞിട്ടുണ്ട്, പോയിട്ടുണ്ട്. പിറ്റേ ദിവസമല്ല- അങ്ങനെ പറഞ്ഞതിന്റെ അടുത്ത വർഷമാണ് .നന്നായി ആലോചിച്ചു, വ്രതം എടുത്തും ശരണം വിളിച്ചും.

ശബരിമല അടച്ചു ഇറങ്ങിക്കളയും എന്ന് കണ്ഠരര് പറയുമ്പോൾ അയാൾ ഭക്തനുമല്ല, നിയമം അനുസരിക്കുന്ന പൗരനുമല്ല. ഇത്രയേ ഉള്ളൂ മെസ്സേജ്. ശബരിമലയിൽ പോയ ആദ്യത്തെ പെണ്ണല്ല ഞാൻ. ആവശ്യമില്ലാതെ അയാളെയും ക്രൂശിക്കേണ്ട. അവിടെ പണവും സ്വാധീനവുമുള്ള നിരവധി പേര് പോയിട്ടുണ്ട്, ഒന്നും അറിയാത്ത പാവങ്ങളും പോയിട്ടുണ്ട്.തമാശക്ക് കയറി ഇറങ്ങാനുള്ള സ്ഥലമല്ല അത്. അതാണ് ഞാൻ ഈ സംഘർഷത്തിനിടയിൽ പോകാൻ കടുത്ത സമ്മർദ്ദം ഉണ്ടായിട്ടും പോകാത്തത്.

വിശ്വാസം ഉള്ളവർ പോകണം. കല്ലിലും മുള്ളിലും പൂവിലും തുരുമ്പിലും അയ്യപ്പനെ കണ്ടു പോകണം. ഞാൻ അങ്ങനെയാണ് പോയത്.

അസംബന്ധങ്ങൾ എഴുതി ഉണ്ടാക്കരുത്.വിശ്വാസത്തിനു മലകളെ ഇളക്കാനുള്ള ശക്തിയുണ്ട് എന്ന് ബൈബിൾ. ഈശ്വരനിൽ അടിയുറച്ച വിശ്വാസം അത്ര എളുപ്പം കൈവരുന്ന ഒന്നല്ല. അതിനു വേണ്ടീ ശ്രമിക്കണം. അതിനു കഴിഞ്ഞാൽ അയ്യപ്പൻ താഴെവന്നു കൈ പിടിച്ചോണ്ട് പോകും.

ലക്ഷ്മി രാജീവിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ് ലിങ്ക്

Comments are closed.