മീ ടൂ ആരോപണം തമിഴ് താരം അർജ്ജുനിലേക്കും ; ആരോപണവുമായി ദുൽഖർ ചിത്രം സോളോയിലെ നായിക

സിനിമാലോകത്ത് വീണ്ടും മീ ടൂ വെളിപ്പെടുത്തലിലൂടെ ലൈംഗികാരോപണം. തമിഴ് നടൻ അർജുനെതിരേയാണ് ഇത്തവണ ആരോപണം ഉയർന്നിരിക്കുന്നത്. അർജുൻ തന്നോട് മോശമായി പെരുമാറിയെന്ന് തെന്നിന്ത്യൻ യുവതാരം ശ്രുതി ഹരിഹരനാണ് വെളിപ്പെടുത്തിയത്. ദുൽഖർ സൽമാൻ നായകനായ മലയാള ചിത്രം സോളോയിലെ നായികമാരിൽ ഒരാളായിരുന്നു ശ്രുതി.

ദ്വിഭാഷ സിനിമയായ വിസ്മയയുടെ ചിത്രീകരണത്തിനിടെയാണ് സംഭവമെന്ന് ശ്രുതി ഫേസ്ബുക്കിൽ പറയുന്നു. ചിത്രത്തിലെ ഒരു പ്രണയ രംഗം ചിത്രീകരിക്കുന്നതിന് മുൻപ് സംവിധായകൻ റിഹേഴ്സലിന് നിർദ്ദേശിച്ചു. ഇതിനിടെ അർജുൻ തന്‍റെ പിൻഭാഗത്ത് മോശമായി സ്പർശിച്ചുവെന്നും അയാളുടെ ശരീരത്തേക്ക് തന്നെ വലിച്ചടുപ്പിച്ചുവെന്നുമാണ് ശ്രുതിയുടെ ആരോപണം.

ചിത്രത്തിൽ ഭാര്യാഭർത്താക്കന്മാരുടെ വേഷമായിരുന്നു ഞങ്ങൾ ചെയ്തത്. നിരവധി പ്രണയ രംഗങ്ങൾ അതിനാൽ അഭിനയിക്കേണ്ടി വന്നു. ചിത്രീകരണത്തിന്‍റെ ആദ്യ രണ്ടു ദിവസങ്ങളിൽ പ്രശ്നങ്ങളുണ്ടായിരുന്നില്ല. പിന്നീടാണ് ദുരനുഭവമുണ്ടായതെന്ന് ശ്രുതി പറയുന്നു.

അർജുനൊപ്പം സിനിമ ചെയ്യാൻ അവസരം കിട്ടിയപ്പോൾ തനിക്ക് സന്തോഷമായിരുന്നു. അദ്ദേഹത്തിന്‍റെ ചിത്രങ്ങൾ കണ്ടാണ് വളർന്നുവന്നത്. പക്ഷേ, ഇത്തരമൊരു പെരുമാറ്റമുണ്ടായപ്പോൾ ദേഷ്യം തോന്നിയെന്നും പെട്ടന്ന് പ്രതികരിക്കാൻ കഴിഞ്ഞില്ലെന്നും ശ്രുതി പറഞ്ഞു.

മറ്റ് സ്ത്രീകളെ പോലെ നിരവധി തവണ ഇത്തരത്തിൽ മോശം പെരുമാറ്റത്തിന് വിധേയയാകേണ്ടി വന്നിട്ടുണ്ടെന്നും ഇനി ഇത്തരമൊരു അനുഭവമുണ്ടാകാതിരിക്കാനാണ് തുറന്നു പറയുന്നതെന്നും ശ്രുതി കൂട്ടിച്ചേർത്തു.

Comments are closed.