ദിലീപിന് ആശംസ ട്വീറ്റ് ചെയ്ത മാധ്യമ പ്രവർത്തകക്കെതിരെ കടുത്ത വിമർശനവുമായി തെന്നിന്ത്യൻ നായികമാർ

കഴിഞ്ഞ ദിവസം പെൺകുഞ്ഞിന് ജന്മം നൽകിയ കാവ്യ മാധവനെയും ഭർത്താവ് ദിലീപിനെയും അഭിനന്ദിച്ച മാധ്യമപ്രവർത്തകയെ നിശിതമായി വിമർശിച്ച് തെന്നിന്ത്യൻ നടിമാർ. തമിഴിലെ സിനിമാ മാധ്യമപ്രവർത്തകയാണ് ദിലീപിനും കാവ്യയ്ക്കും കുഞ്ഞ് ജനിച്ചതില്‍ ആശംസകൾ നേര്‍ന്ന് ട്വീറ്റ് ചെയ്തത്. എന്നാല്‍ ട്വീറ്റിന് താഴെ വിമർശനവുമായി തെന്നിന്ത്യൻ നടിമാരായ ലക്ഷ്മി മഞ്ജു, റായി ലക്ഷ്മി, തപ്സി പന്നു, ശ്രീയ സരൺ, രാകുല്‍ പ്രീത് എന്നിവര്‍ എത്തി.

‘ഒരു നടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താൻ ശ്രമിച്ച് ക്രിമിനൽ റെക്കോർഡുള്ള ആളുടെ ചിത്രമാണ് ഇവർ പോസറ്റ് ചെയ്തത്. എനിക്ക് ഇപ്പോഴും ഇത് വിശ്വസിക്കാനാകുന്നില്ല. മലയാളം ഇൻഡസ്ട്രിയിലെ നടിമാർ ഇയാൾക്കൊപ്പം അഭിയിക്കാൻ പോലും കൂട്ടാക്കുന്നില്ല. അങ്ങനെയുള്ളപ്പോഴാണ് ഇതുപോലൊരു ട്വീറ്റ്. വലിയ നാണക്കേട് തന്നെയാണ്.’ ലക്ഷ്മി മഞ്ജുവിന്റെ പ്രതികരണം ഇതായിരുന്നു.

ലക്ഷ്മിയെ പിന്തുണച്ച് റായി ലക്ഷ്മിയും രംഗത്തെത്തി. ഒരിക്കലും സ്വീകാര്യമല്ലാത്ത കാര്യമാണിത്. ഈ ട്വീറ്റ് ചെയ്തതോടെ അവരുടെ യഥാർത്ഥ സ്വഭാവം എന്താണെന്ന് വ്യക്തമാകുകയാണ് ചെയ്തത്. ലക്ഷ്മി പറഞ്ഞതിനോട് പൂർണമായും പിന്തുണയ്ക്കുന്നു.

‘ഇയാളൊരു നടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ആളാണ്. ഒരു സ്ത്രീ ആയിട്ട് കൂടി നിങ്ങൾ ഇയാളെ അഭിനന്ദിക്കാൻ ശ്രമിക്കുന്നു. പിന്തുണയ്ക്കുന്നു. എനിക്ക് നിങ്ങളോട് ബഹുമാനം ഉണ്ടായിരുന്നു. എന്നാൽ ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ല.’ ശ്രീയ സരൺ കുറിച്ചു.

‘കുഞ്ഞ് ജനിച്ചതിലുള്ള എന്റെ സന്തോഷവും നിങ്ങളുടെ സുഹൃത്തിനെ അറിയിക്കൂ. ഒരു പുരുഷനും താൻ ചെയ്തതു പോലെ മറ്റൊരു സ്ത്രീയോടും ചെയ്യാൻ അനുവദിക്കില്ല എന്ന് തന്റെ മകളോട് അയാൾ സത്യം ചെയ്യണം.’ കടുത്ത ഭാഷയിൽ തപ്സി കുറിച്ചു.

‘മാധ്യമങ്ങൾ ഒരിക്കലും ഇത്തരം ആളുകളെ പുക്ഴത്തരുത്. നമ്മൾ ഒരു നിലപാടെടുത്തില്ലെങ്കിൽ പിന്നെ ആരാണ് എടുക്കുക ? നിങ്ങൾ ഇങ്ങനെ ഒരു ട്വീറ്റ് ചെയ്തെന്ന് വിശ്വസിക്കാനാവുന്നില്ല.’ രാകുൽ പ്രീത് പ്രതികരിച്ചു.

Comments are closed.