പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കാന്‍ നടത്തുന്ന സ്റ്റേജ് ഷോയ്ക്ക് വേണ്ടി ഷൂട്ടിംഗ് നിര്‍ത്തിവച്ച് താരങ്ങളെ വിട്ടുകൊടുക്കാനാകില്ലെന്ന് നിര്‍മാതാക്കള്‍

മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപ സമാഹരിച്ച്‌ നല്‍കുന്നതിനായി ഡിസംബറില്‍ അമ്മ നടത്താനിരുന്ന സ്റ്റേജ് ഷോയ്ക്ക് താരങ്ങളെ വിട്ട് തരാന്‍ കഴിയില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന. അമ്മയെടുത്ത തീരുമാനം ഏകപക്ഷീയമാണെന്നും സംഘടന കുറ്റപ്പെടുത്തി.സ്റ്റേജ് ഷോയ്ക്ക് വേണ്ടി സിനിമാ ചിത്രീകരണം നിര്‍ത്തിവെച്ച്‌ താരങ്ങളെ നല്‍കണമെന്ന അമ്മയുടെ കത്തിന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നല്‍കിയ മറുപടി കത്തിലാണ് അമ്മയെ വിമര്‍ശിച്ചിരിക്കുന്നത്. നിര്‍മാതാക്കളോട് താരങ്ങള്‍ കാണിക്കുന്ന നിസ്സഹകരണം കൂടി പരാമര്‍ശിച്ചാണ് സെക്രട്ടറി എം.രഞ്ജിത് അമ്മയ്ക്ക് കത്ത് അയച്ചിരിക്കുന്നത്.

ഡിസംബര്‍ ഏഴിന് അബുദാബിയില്‍ വച്ചാണ് അമ്മ സ്‌റ്റേജ് ഷോ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ഒരാഴ്ച ഷൂട്ടിംഗ് നിര്‍ത്തിവച്ച് താരങ്ങളെ വിട്ടുനല്‍കണമെന്ന് അമ്മ സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് നിര്‍മാതാക്കളുടെ സംഘടന രംഗത്തെത്തിയിരിക്കുന്നത്. കോടികളുടെ നഷ്ടമാണ് നിര്‍മാതാക്കള്‍ക്ക് ഇതിലൂടെ ഉണ്ടാകുന്നതെന്ന് എം രഞ്ജിത് പറഞ്ഞു.2017 , 2018 വര്‍ഷങ്ങളിലായി 200 കോടി രൂപയാണ് താരങ്ങള്‍ക്ക് പ്രതിഫലമായി നിര്‍മാതാക്കള്‍ നല്‍കിയിട്ടുളളത്. ഇതില്‍ നിന്ന് അഞ്ചുകോടി കൊടുക്കാന്‍ സംഘടനയ്ക്ക് സാധിക്കും. അസോസിയേഷന്റെ കെട്ടിടം പണിയുന്നതിനായി താരങ്ങളുടെ സ്റ്റേജ് ഷോ സംഘടിപ്പിക്കാമെന്ന് പറഞ്ഞിട്ട് ഇതുവരെ നടന്നില്ലെന്നും നിര്‍മാതാക്കള്‍ പറയുന്നു.അബുദാബില്‍ വച്ച് നടക്കുന്ന സ്റ്റേജ് ഷോയ്ക്ക് ആറ് കോടിയാണ് പ്രതിഫലം. ഇതില്‍ ബാക്കി വരുന്ന ഒരുകോടി സംഘടനയ്ക്ക് കെട്ടിടം പണിയാന്‍ നല്‍കണമെന്ന് നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടു.

Comments are closed.