നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇരയ്ക്ക് നീതി ലഭിക്കുന്നതുവരെ പോരാടും;മുംബൈ ഫിലിം ഫെസ്റ്റിവല്‍ വേദിയിൽ ദിലീപ് വിഷയം പരാമർശിച്ച് പാർവ്വതി

ദേശീയ തലത്തില്‍ മലയാള സിനിമയിലെ പ്രശ്‌നങ്ങളും ഡബ്ല്യൂസിസി പ്രവര്‍ത്തനങ്ങളും പരിചയപ്പെടുത്തി നടി പാര്‍വ്വതി. ഇരുപതാമത് മുംബൈ ഫിലിം ഫെസ്റ്റിവലില്‍ സംസാരിക്കവെയാണ് മലയാളത്തില്‍ നിന്നു നേരിടുന്ന അവഗണനയെക്കുറിച്ച് പാര്‍വ്വതി തുറന്നു പറഞ്ഞത്. ഷോര്‍ട് ഫിലിം വിഭാഗത്തില്‍ ജൂറിയംഗം കൂടിയായിരുന്നു പാര്‍വ്വതി.

‘സത്യങ്ങള്‍ തുറന്നു പറയുന്നതുകൊണ്ടാണ് എനിക്ക് സിനിമയില്‍ അവസരങ്ങള്‍ നഷ്ടമാകുന്നത്. എങ്കിലും നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇരയ്ക്ക് നീതി ലഭിക്കുന്നതുവരെ പോരാടും. മീടു പോലുള്ള വിഷയങ്ങളില്‍ മലയാളത്തില്‍ ആരോഗ്യകരമായ ചര്‍ച്ചയ്ക്കുള്ള അന്തരീക്ഷം നിലനില്‍ക്കുന്നുണ്ട്’ പാര്‍വ്വതി പറഞ്ഞു.

‘പ്രശ്‌നമുണ്ടെങ്കില്‍ ആദ്യം അത് അംഗീകരിക്കുക തന്നെയാണ് വേണ്ടത്. ജോലി സ്ഥലങ്ങളില്‍ പ്രശ്‌നം സാധാരണമാണ്. അതുപോലെ തന്നെയാണ് സിനിമയിലും ഒരു വ്യക്തിയുടെ മൗലികാവകാശം സംരക്ഷിക്കണം എന്നു മാത്രമേ ഡബ്ല്യൂസിസി ആവശ്യപ്പെടുന്നുള്ളൂ. പ്രവര്‍ത്തിയിലാണ് വിശ്വാസമെന്നതിനാല്‍ ദിലീപ് വിഷയത്തിലും മറ്റും കൂടുതല്‍ പ്രതികരിക്കാനില്ല’ പാര്‍വ്വതി കൂട്ടിച്ചേര്‍ത്തു.

ഇപ്പോഴത്തെ പോരാട്ടങ്ങളില്‍ പ്രതീക്ഷയുണ്ടെന്ന് അഞ്ജലി മേനോന്‍ പറഞ്ഞു. സിനിമയെ ഒരു വ്യവസായം എന്ന നിലയില്‍ കാണേണ്ടിയിരിക്കുന്നു. ഇപ്പോഴും അസംഘടിതമായ സിനിമാ മേഖലയെ സംഘടിപ്പിക്കുക എന്നതു തന്നെയാണ് ഡബ്ല്യൂസിസി മുന്നോട്ട് വയ്ക്കുന്നത്. അതിന്റെ മുന്നൊരുക്കങ്ങളുമായി ഒരുപാടു കാര്യങ്ങള്‍ ഇനിയും ചെയ്തു തീര്‍ക്കാനുണ്ട്’ അഞ്ജലി പറഞ്ഞു.

Comments are closed.