വെളുത്തുള്ളി ഹൃദ്രോഗം തടയുമോ?വെളുത്തുള്ളിയും ഹൃദ്രോഗവും തമ്മില്‍ ബന്ധമുണ്ടോ?

ഉള്ളിയുടെ വര്‍ഗത്തില്‍പ്പെട്ട വെളുത്തുള്ളിയുടെ ശാസ്ത്രനാമം അല്ലിയം സ്റ്റിവം എന്നാണ്. ധാരാളം ഔഷധഗുണമുള്ള ഒരു സവിശേഷ ചെടിയാണിത്. പണ്ടു കാലം മുതല്‍ ഉള്ളി കറികളില്‍ ധാരാളമായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഈ അടുത്ത കാലത്താണ് അതിന്റെ ഔഷധഗുണങ്ങളെപ്പറ്റി ശാസ്ത്രലോകം അറിഞ്ഞത്. അതോടെ വിപണിയും സജീവമായി.

‘ഗാര്‍ളിക് ഗുളികകള്‍’ ഇന്ന് വിദേശത്ത് ചൂടപ്പം പോലെ വിറ്റുപോകുന്നു. ഇന്ത്യയിലും മറ്റും ധാരാളമായുണ്ടാകുന്ന വെളുത്തുള്ളി ഇറക്കുമതി ചെയ്ത് ജര്‍മിനി തുടങ്ങിയ രാജ്യങ്ങളില്‍ വലിയ തോതില്‍ ഗാര്‍ളിക് ഗുളികകളുണ്ടാക്കി വ്യവസായം ചെയ്യുന്നു. ധാരാളം ആന്റി ഓക്‌സിഡന്റുകളുള്ള ഈ സസ്യം കൊളസ്‌ട്രോള്‍, പ്രഷര്‍, ധമനികളിലെ ജരിതാവസ്ഥ, ഹൃദ്രോഗം, സ്‌ട്രോക്ക്, ആമാശയാന്തര അര്‍ബുദം, സ്തനാര്‍ബുദം തുടങ്ങിയവയെ കുറയ്ക്കുവാന്‍ സഹായിക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

കൊളസ്‌ട്രോളും വെളുത്തുള്ളിയും വഴിയുള്ള ബന്ധത്തെപ്പറ്റി പന്ത്രണ്ടിലധികം ഗവേഷണങ്ങള്‍ നടന്നിട്ടുണ്ട്. ഈ പഠനങ്ങളിലെല്ലാം സ്ഥരമായി വെളുത്തുള്ളിയുടെ സത്ത് ഉപയോഗിക്കുന്നവരില്‍ കൊളസ്‌ട്രോളിന്റെ തോത് കുറഞ്ഞ് കണ്ടു. അതുപോലെ ഹൃദ്രോഗവും മസ്തിഷ്‌ക്കാഘാതവും കുറയ്ക്കുന്നതിനും വെളുത്തുള്ളി സഹായിക്കുമെന്ന് ശാസ്ത്രിയമായി തെളിഞ്ഞിട്ടുണ്ട്.

ശ്വേതരക്താണുക്കളുടെ പറ്റിപ്പിടിക്കലിനെ പ്രതിരോധിച്ചുകൊണ്ട്, ട്രൈഗ്ലിസറൈഡുകളെ കുറച്ചുകൊണ്ട്, എച്ച്.ഡി.എല്‍ വര്‍ധിപ്പിച്ചുകൊണ്ട് ധമനികളെ വികസിപ്പിക്കുന്ന ‘നൈട്രിക് ഓക്‌സൈഡി’ന്റെ ഉല്‍പാദനം ധൃതഗതിയിലാക്കിക്കൊണ്ട് വെളുത്തുള്ളി ഹൃദ്രോഗം ഒരുപരിധിവരെ കുറയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് വെളുത്തുള്ളി മനുഷ്യശരീരത്തിന്റെ ഒരു മിത്രം തന്നെ.

അതു സ്ഥിരമായി പാലിലോ, വാട്ടിയോ, ചുട്ടോ, കറികളിലോ ഉപയോഗിക്കുന്നത് നല്ലതുതന്നെ. എന്നാല്‍ പച്ചയ്ക്ക് കഴിക്കുന്നത് ഒഴിവാക്കണം. വായയില്‍ പൊള്ളലേല്‍ക്കാന്‍ സാധ്യതയുള്ളതിനാലാണിത്. എന്നാല്‍ വെളുത്തുള്ളി കണക്കിലധികം കഴിക്കേണ്ട ആവശ്യവുമില്ല. ഇതിന്റെ ഗന്ധം അത്ര സുഖമുള്ളതല്ല. അതിനാല്‍ വെളുത്തുള്ളിയുടെ രൂക്ഷ ഗന്ധമില്ലാത്ത ഗുളികകള്‍ ഇന്ന് വിപണിയില്‍ സുലഭമാണ്.

Comments are closed.