ചതിച്ചത് കൂടെനിന്നവര്‍ , ആരെയും കണ്ണടച്ചു വിശ്വസിക്കരുത് ; ആ ജയില്‍വാസം എന്നെ പലതും പഠിപ്പിച്ചു : ജയില്‍വാസക്കാലത്തെപ്പറ്റി നടി ധന്യ മേരി വര്‍ഗീസ് പറയുന്നു

ടെലിവിഷന്‍ ഷോയിലൂടെ സിനിമയിലെത്തിയ നടിയാണ് ധന്യ മേരി വര്‍ഗീസ്. പിന്നീട് നടനും ബിസിനസുകാരനുമായി ജോണിനെ വിവാഹം കഴിച്ചതോടെ കുടുംബജീവിതത്തിലേക്ക് ഒതുങ്ങി. ഇതിനിടെ ഇവരുടെ ബിസിനസ് തകരുകയും ഇരുവരും അറസ്റ്റിലാകുകയും ചെയ്തു. കേസ് നടക്കുന്നുണ്ടെങ്കിലും സീരിയലില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് ധന്യ.

ജയില്‍വാസക്കാലത്തെപ്പറ്റി ധന്യ പറയുന്നതിങ്ങനെ- രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ആ സംഭവം തന്റെ ജീവിതത്തെ മാറ്റി മറിച്ചതായി ധന്യ പറയുന്നു. എങ്ങനെ ഒറ്റ രാത്രികൊണ്ട് എല്ലാം മാറിമറിയുമെന്ന് എന്റെ ജീവിതം എന്നെ പഠിപ്പിച്ചു. ഞാന്‍ എല്ലാവരെയും പെട്ടെന്ന് വിശ്വസിക്കുന്ന കൂട്ടത്തിലാണ്. പക്ഷെ ഇപ്പോള്‍ ഞാന്‍ ഓരോരുത്തരെയും അടുത്തറിഞ്ഞു അവരുടെ സമീപനവും പെരുമാറ്റവും മനസിലാക്കാന്‍ ശ്രമിക്കുന്നു.

രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന കാര്യങ്ങളുമായി പൊരുത്തപ്പെടാന്‍ എനിക്ക് ബുദ്ധിമുട്ടായിരുന്നു. പക്ഷെ ആ അനുഭവം എന്നെ വലിയൊരു പാഠം പഠിപ്പിച്ചു. എന്റേത് ഒരു സാധാരണ കുടുംബമാണ്. ഭര്‍ത്താവിന്റേത് ബിസിനസ് കുടുംബവും. എനിക്ക് ബിസിനസിനെ പറ്റി ഒന്നും അറിയില്ല, ഞാന്‍ എന്റെ ഭര്‍ത്താവിനെ സഹായിക്കാന്‍ ശ്രമിച്ചു, ആരെയും കണ്ണുമടച്ചു വിശ്വസിക്കരുത് എന്ന് പഠിച്ചു. എന്നെപോലെ എന്റെ ഭര്‍ത്താവും പഠിച്ചു- ധന്യ പറയുന്നു.

ധന്യയുടെ ഭര്‍തൃപിതാവിന്റെ കമ്പനിയുടെ പേരിലാണ് തട്ടിപ്പു നടന്നത്. ധന്യയുടെ ഭര്‍തൃപിതാവ് ജേക്കബ് സാംസണ്‍ നേരത്തേ അറസ്റ്റിലായിരുന്നു. സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്‌സ് ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് പണം തട്ടിയത്.

പണി പൂര്‍ത്തിയാക്കി 2014 ഡിസംബറില്‍ ഫ്ളാറ്റ് കൈമാറാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ പറഞ്ഞ തീയതി കഴിഞ്ഞിട്ടും ഫ്ളാറ്റ് നല്‍കാതിരുന്നതിനെ തുടര്‍ന്നു പണം നല്‍കിയവര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. ഭര്‍തൃപിതാവിന്റെ കമ്പനിയില്‍ ഫ്ളാറ്റുകളുടെ സെയില്‍സ് വിഭാഗത്തിലായിരുന്നു ധന്യ മേരി വര്‍ഗീസ് പ്രവര്‍ത്തിച്ചിരുന്നത്. ചലച്ചിത്ര താരമെന്ന ഇമേജ് ഉപയോഗിച്ചു ധന്യ തട്ടിപ്പിനു കൂട്ടു നിന്നതായും പരാതിക്കാര്‍ ആരോപിക്കുന്നു. ഇപ്പോഴും കേസ് നടക്കുന്നുണ്ട്.

Comments are closed.