തിരുവിതാംകൂർ ദേവസ്വം ബോർഡ് മലക്കം മറിയുന്നു; യുവതി പ്രവേശനമാകാം എന്ന് സുപ്രീം കോടതിയിൽ നിലപാടറിയിക്കും ; നിലപാട് മാറ്റത്തെ തുടർന്ന് ആദ്യം മുതൽ ഹാജരായിരുന്ന അഭിഭാഷക പിൻമാറി

ശബരിമലയിൽ യുവതീപ്രവേശം പാടില്ലെന്ന മുൻനിലപാടിൽ നിന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് മലക്കം മറിയുന്നു. സർക്കാർ നിലപാടിനെ പിന്തുണച്ചു സുപ്രീം കോടതിയിൽ പുതിയ നിലപാട് അറിയിക്കാനാണു നീക്കം. ചൊവ്വാഴ്ചയാണു യുവതീപ്രവേശം സംബന്ധിച്ച പുനഃപരിശോധനാ ഹർജികൾ കോടതി പരിഗണിക്കുന്നത്.

മനു അഭിഷേക് സിങ്‌വിക്കു പകരം കണ്ടെത്തിയ മുതിർന്ന അഭിഭാഷകൻ ആര്യാമ സുന്ദരം ബോർഡിന്റെ ഭാഗം വിശദീകരിക്കും. കേസ് സുപ്രീം കോടതിയിൽ വന്ന കാലം മുതൽ ഹാജരായിരുന്ന അഭിഭാഷക ബീന മാധവൻ ബോർഡിന്റെ മലക്കംമറിച്ചിലിനെ തുടർന്നു പിന്മാറി. പകരം പി.എസ്. സുധീറിനെ നിയമിച്ചു.

യുവതീപ്രവേശ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികളും റിട്ട് ഹർജികളും പരിഗണിക്കുമ്പോൾ ബോർഡ് നിലപാട് വ്യക്തമാക്കേണ്ടി വരും. വിധി നടപ്പാക്കുന്നതിൽ നേരിട്ട വൈഷമ്യങ്ങൾ സംബന്ധിച്ച റിപ്പോർട്ടും ശബരിമലയിലെ തൽസ്ഥിതി റിപ്പോർട്ടും തയാറാക്കിയിട്ടുണ്ട്. ബോർഡിന്റെ മുതിർന്ന അഭിഭാഷകരുമായി കമ്മിഷണർ എൻ.വാസു നാളെ ഡൽഹിയിൽ ചർച്ച നടത്തും.

യുവതീപ്രവേശം സംബന്ധിച്ച് രണ്ടു പതിറ്റാണ്ടിലേറെയായി ദേവസ്വം ബോർഡ് സ്വീകരിച്ചുവന്ന നിലപാടിൽ നിന്നുള്ള വലിയ മാറ്റമാണ് ഇപ്പോഴത്തേത്. യുവതീപ്രവേശം അനുവദിച്ചു വിധി വന്നപ്പോൾ ദേവസ്വം ബോർഡ് അതിനെതിരായ നിലപാടാണു സ്വീകരിച്ചത്. ആചാരം സംരക്ഷിക്കുമെന്ന നിലപാടും സ്വീകരിച്ചു. പുനഃപരിശോധനാ ഹർജി സംബന്ധിച്ച തർക്കങ്ങളിലും കക്ഷി ചേർന്നിരുന്നില്ല. സർക്കാരിന്റെ നിലപാടാകട്ടെ, ഭരണമാറ്റം അനുസരിച്ചു മാറിയിരുന്നു. യുവതീപ്രവേശം അരുതെന്ന യുഡിഎഫ്
സർക്കാരിന്റെ സത്യവാങ്മൂലം പിൻവലിച്ചു പുതിയ സത്യവാങ്മൂലം സമർപ്പിച്ചു കൊണ്ടാണ് എൽഡിഎഫ് സർക്കാർ യുവതി പ്രവേശനത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചത്.

Comments are closed.