കാടിന്റെ മക്കള്‍ക്കു സാന്ത്വനമേകി മെഗാസ്റ്റാര്‍ ; ആദിവാസികള്‍ക്കു മികച്ച വിദ്യാഭ്യാസം നല്‍കാനുള്ള നടപടികളെടുക്കണമെന്നും മമ്മൂട്ടി

കാടിന്റെ മക്കള്‍ക്കു സാന്ത്വനമേകി മലയാളത്തിന്റെ പ്രിയനടന്‍. മമ്മൂട്ടി നേതൃത്വം നല്‍കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ എന്ന സംഘടന അംഗപരിമിതരായ ആദിവാസികള്‍ക്കു മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം കാസര്‍കോട് മുള്ളേരിയയില്‍ വച്ച് മമ്മൂട്ടി തന്നെ നിര്‍വഹിച്ചു. പുതിയ ചിത്രമായ ഉണ്ടയുടെ ലൊക്കേഷനിലായിരുന്നു പരിപാടി.

തൊണ്ണൂറിന്റെ അവശതകള്‍ മറന്നാണ് അലമി മൂപ്പന്‍ കാടിറങ്ങി മുള്ളേരിയ പാര്‍ഥക്കൊച്ചിയില്‍ എത്തിയത്. മൂപ്പനു നല്‍കാന്‍ നിറയെ സ്‌നേഹവുമായി മമ്മൂട്ടി അവിടെ കാത്തു നിന്നു. ഒപ്പം ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത് ബാബുവും. തനതു സംഗീതോപകരണങ്ങളും കരകൗശല വസ്തുക്കളും മൂപ്പനും സംഘവും മമ്മൂട്ടിക്കു സമ്മാനിച്ചു, ഒപ്പം ബി.ആര്‍.അബേദ്കറുടെ ഛായാചിത്രവും. തുടര്‍ന്ന് കാസര്‍കോടിന്റെ തനതുകലാരൂപമായ മംഗലംകളിയുടെ പാട്ടുകള്‍ പാടി. ഒരുവേള താളമിട്ട് താരവും ഒപ്പം കൂടി.

കാടിന്റെ മക്കളുടെ പ്രശ്‌നങ്ങള്‍ അദ്ദേഹം ചോദിച്ചറിഞ്ഞു. ആദിവാസികള്‍ക്കു മികച്ച വിദ്യാഭ്യാസം നല്‍കാനുള്ള നടപടികളാണു വേണ്ടതെന്നായിരുന്നു താരത്തിന്റെ പ്രതികരണം.

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയര്‍ ആന്‍ഡ് ഷെയര്‍ എന്ന സംഘടന അംഗപരിമിതരായ ആദിവാസികള്‍ക്ക് നല്‍കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ ജില്ലാ കലക്ടര്‍ക്ക് കൈമാറി. അര്‍ഹരായ മുഴുവന്‍ ആദിവാസികള്‍ക്കും ജില്ലാ ഭരണകൂടം മുഖേന സഹായം എത്തിക്കും. ആദിവാസികള്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കുന്ന ക്ഷേമ പദ്ധതികളെക്കുറിച്ച് കലക്ടര്‍ വിശദീകരിച്ചു നല്‍കി. അടുത്ത സാമ്പത്തിക വര്‍ഷം കൂടുതല്‍ സഹായം ജില്ലയില്‍ എത്തിക്കാന്‍ കെയര്‍ ആന്‍ഡ് ഷെയര്‍ സംഘടനയുടെ മാനേജിങ് ഡയറക്ടര്‍ ഫാ.തോമസ് കുര്യന്‍ മരോട്ടിപ്പുഴയെ മമ്മൂട്ടി ചുമതലപ്പെടുത്തി. കാസര്‍ഗോഡ് ജില്ലയില്‍ സഹായം ആവശ്യമുള്ളവര്‍ 0484 2377369 എന്ന നമ്പറില്‍ പ്രൊമോട്ടര്‍മാര്‍ മുഖേന ബന്ധപ്പെടണമെന്ന് ഫാ തോമസ് കുര്യന്‍ അറിയിച്ചു.

Comments are closed.