സിനിമകളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന പണത്തിന്റെ ഉറവിടങ്ങള്‍ ചോദ്യം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പളനിസാമി ; എംപിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം കൊണ്ട് നിങ്ങളെങ്ങനെ ചാനല്‍ തുടങ്ങുന്നു എന്ന് തിരിച്ചടിച്ച് വിശാല്‍

വിജയ് നായകനായ സര്‍ക്കാര്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദം അവസാനിക്കുന്നില്ല. സംസ്ഥാനം ഭരിക്കുന്ന എ ഐ എ ഡി എം കെയും സിനിമ മേഖലയും തമ്മില്‍ വിജയ് ചിത്രത്തിന്റെ പേരില്‍ നടക്കുന്ന വാഗ്‌വാദങ്ങള്‍ ഓരോ ദിവസവും മുറുകി വരികയാണ്. പൊതു തെരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ പ്രധാന രാഷ്ര്ടീയ വിഷയമായി ഇത് മാറിയിട്ടുമുണ്ട്. എ ഐ എ ഡി എം കെ സര്‍ക്കാരിനെതിരേ നടനും നിര്‍മാതാവുമായ വിശാല്‍ രംഗത്തുവന്നതാണ് സര്‍ക്കാര്‍ വിവാദത്തിലെ പുതിയ രംഗം.

തമിഴ് സിനിമകളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന പണത്തിന്റെ ഉറവിടങ്ങള്‍ ചോദ്യം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പളനിസാമി വിമര്‍ശനം ഉയര്‍ത്തിയതിനു പിന്നാലെയാണ് വിശാലിന്റെ രംഗപ്രവേശം. കഴിഞ്ഞ ദിവസം എ ഐ എ ഡി എം കെ ‘ന്യൂസ് ജെ’ എന്ന പേരില്‍ ആരംഭിച്ച മുഴുവന്‍ സമയ വാര്‍ത്ത ചാനലിനെ ചോദ്യം ചെയ്തുകൊണ്ടാണ് വിശാല്‍ പളനിസാമിക്ക് തിരിച്ചടി കൊടുത്തത്. എംഎല്‍എമാരും എംപിമാരുമൊക്കെ അവരുടെ ശമ്പളം വച്ച് ന്യൂസ് ചാനല്‍ പോലെയുള്ള വന്‍കിട സംരഭങ്ങള്‍ എങ്ങനെ ആരംഭിക്കുന്നുവെന്നായിരുന്നു വിശാലിന്റെ ചോദ്യം.

ഒരു വാര്‍ത്ത ചാനല്‍ ആരംഭിക്കുന്നതിനാവശ്യമായ മുതല്‍മുടക്കിനെ കുറിച്ച് ഞാന്‍ കേട്ടിരുന്നു. നിങ്ങള്‍ എംഎല്‍എമാരും എംപിമാരും മാസശമ്പളം വച്ച് എങ്ങനെയാണ് ഇതുപോലൊരു സംരഭം ആരംഭിക്കുന്നത്; എന്നായിരുന്നു നേരിട്ട് പേരെടുത്ത് ആരെയും പറയാതെ വിശാല്‍ തന്റെ ട്വിറ്ററില്‍ കുറിച്ചത്. 2019 നായി കാത്തിരിക്കുന്നു എന്നൊരു രാഷ്ര്ടീയസൂചനയും ട്വീറ്റില്‍ വിശാല്‍ നല്‍കിയിട്ടുണ്ട്.

Comments are closed.