1000 കിലോ പട്ടിയിറച്ചി പിടികൂടി ; മട്ടന്‍ബിരിയാണിയെന്നു കരുതി നിങ്ങള്‍ കഴിക്കുന്നത് നല്ല ഒന്നാന്തരം പട്ടിബിരിയാണിയാവാം…!

മട്ടനെന്ന പേരില്‍ പട്ടിയിറച്ചിയുടെ വില്‍പ്പന വ്യാപകമാവുന്നു. കഴിഞ്ഞ ദിവസം ജോധ്പൂരില്‍ നിന്നു തീവണ്ടിയില്‍ എത്തിച്ച 1000 കിലോ പട്ടിയിറച്ചി ചെന്നൈ എഗ് മോര്‍ റെയില്‍വേ സ്‌റ്റേഷനില്‍ പിടിച്ചു.

ജോധ്പൂര്‍ എക്‌സ്പ്രസില്‍ കൊണ്ടുവന്ന ഇറച്ചി പായ്ക്കുചെയ്ത നിലയിലായിരുന്നു. തീവണ്ടിയില്‍ നിന്ന് ഇറക്കിയ പാഴ്‌സലില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ തുറന്നു പരിശോധിച്ചപ്പോഴാണ് സംഗതി പട്ടിയിറച്ചിയാണെന്ന് മനസ്സിലായത്.

തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിനെ വിളിച്ചു വരുത്തുകയായിരുന്നു. ഇറച്ചിയുടെ സാമ്പിളുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ലാബിലേക്ക് കൊണ്ടുപോയി. ബാക്കി ഇറച്ചി ചെന്നൈ കോര്‍പ്പറേഷന്‍ അധികൃതര്‍ കൊടുങ്ങയ്യൂരിലെ മാലിന്യകേന്ദ്രത്തില്‍ കൊണ്ടുപോയി നശിപ്പിച്ചു. ആട്ടിറച്ചിയെന്ന വ്യാജേന വില്‍പ്പന നടത്താനാണ് കുറഞ്ഞ വിലയ്ക്കു കിട്ടുന്ന പട്ടിയിറച്ചി കൊണ്ടുവന്നതെന്ന് കരുതുന്നു.

പുതുപ്പേട്ടയില്‍ ഇറച്ചിക്കട നടത്തുന്ന അബ്ദുള്‍ റഫീക്ക്,മുഹമ്മദ് റബി, ഉസ്മാന്‍ ഭാഷ, അല്‍ത്താഫ് എന്നിവരുടെ പേരിലായിരുന്നു ജോധ്പൂരില്‍ നിന്ന് ഇറച്ചി അയച്ചത്. കോര്‍പ്പറേഷന്‍ അധികൃതര്‍ ഇറച്ചി നശിപ്പിച്ചതറിയാതെ നാലുപേരും ഇറച്ചിയ്ക്കായി റെയില്‍വേസ്റ്റേഷനില്‍ എത്തിയിരുന്നു.

പട്ടിയിറച്ചിയല്ല ആട്ടിറച്ചിയാണ് കൊണ്ടുവന്നതെന്ന് അവകാശപ്പെട്ട് മറ്റൊരു പാക്കറ്റില്‍ നിന്നും ആട്ടിറച്ചിയെടുത്ത് കാട്ടുകയും ചെയ്തു. എന്നാല്‍ വന്നത് പട്ടിയിറച്ചിയാണെന്നും കൂടുതല്‍ സ്ഥിരീകരണത്തിനായാണ് ലാബിലേക്ക് അയച്ചതെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ജോധ്പൂരില്‍ പട്ടികളെ കൊന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് അയയ്ക്കുന്ന മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതെന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കഴിഞ്ഞ ജനുവരിയില്‍ ആട്ടിറച്ചിയെന്നു പറഞ്ഞ് പൂച്ചയിറച്ചി വില്‍പ്പന നടത്തിയ സംഭവത്തില്‍ തിരുമുല്ല വായലില്‍ തട്ടുകട നടത്തിയവരെയും പോലീസ് പിടികൂടിയിരുന്നു. അന്ന് 12 പൂച്ചകളെയാണ് പോലീസുകാര്‍ രക്ഷപ്പെടുത്തിയത്. കേരളത്തിലും മുമ്പ് ചില ഹോട്ടലുകളില്‍ നിന്ന് പട്ടിയിറച്ചി പിടിച്ചിട്ടുണ്ട്. അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ 1000 കിലോ പട്ടിയിറച്ചി പിടികൂടിയതോടെ ഇറച്ചി കേരളത്തിലേക്കും കടന്നിട്ടുണ്ടോയെന്ന സംശയം ബലപ്പെടുകയാണ്.

Comments are closed.