ഇന്ത്യയിൽ ഏറ്റവും പ്രതീക്ഷയുണര്‍ത്തുന്ന ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയില്‍ ഒന്നാമതായി ഒടിയന്‍

രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ മൂവി റേറ്റിങ് വെബ്‌സൈറ്റായ ഐഎംഡിബിയുടെ ട്രെൻഡിങ് പട്ടികയിൽ ഒന്നാമതായി ഒടിയൻ. ഇന്ത്യയിൽ ഏറ്റവും പ്രതീക്ഷയുണര്‍ത്തുന്ന ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയിലാണ് ഒടിയൻ ഒന്നാമത്.

ശങ്കർ–രജനി ബ്രഹ്മാണ്ഡചിത്രം 2.0യെയും ഷാരൂഖ് ചിത്രം സീറോയെയും പിന്നിലാക്കിയാണ് ഒടിയൻ അപൂർവനേട്ടം കൈവരിച്ചിരിക്കുന്നത്. മലയാളികളെ സംബന്ധിച്ചടത്തോളം ഏറെ അഭിമാനിക്കാവുന്ന നിമിഷങ്ങൾ കൂടിയാണിത്.

ബോളിവുഡ് മുന്‍ താരങ്ങളായ രണ്‍വീര്‍ സിംഗിന്റെയും ഇമ്രാന്‍ ഹാഷ്മിയുടെയും ചിത്രങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് മോഹന്‍ലാലിന്റെ ഒടിയന്‍ മുന്നിലെത്തിയത്. റിയല്‍ ടൈം പോപ്പുലാരിറ്റിയുടെ അടിസ്ഥാനത്തിലാണ് ലിസ്റ്റ് തയാറാക്കിയിരിക്കുന്നത്.IMDb Most Anticipated Indian Movies and Shows

നേട്ടത്തെക്കുറിച്ച് ചിത്രത്തിന്റെ തിരക്കഥാകൃത്തായ ഹരികൃഷ്ണൻ 

ഹൃദയം നിറയെ സ്നേഹവും നന്ദിയും മാത്രം. ഇന്ത്യൻ തിരശ്ശീലകളുടെ പ്രതീക്ഷയ്ക്ക് ചെന്നെത്താവുന്ന ഉയരം ഇതാ, ഒടിയൻ കാണിച്ചുതന്നിരിക്കുന്നു. ഷാരുഖ് ഖാന്റെ ‘സീറോ’യെയും രജനീകാന്തിന്റെ ‘2.0’ യെയും പിന്നിലാക്കി, രാജ്യം ഏറ്റവും പ്രതീക്ഷിക്കുന്ന സിനിമകളുടെ പേരുപട്ടികയിലേക്ക്് ഒന്നാമനായി നമ്മുടെ ഒടിയൻ ഗാംഭീര്യത്തോടെ ചെന്നെത്തിയിരിക്കുകയാണിപ്പോൾ.

കണ്ടു കണ്ടാണ് കടലിത്രയും വലുതായതെന്നു പറയുന്നതുപോലെ, ഒരു എഴുത്തുമേശയിൽ കണ്ട സ്വപ്നം, ചങ്ങാതിമാരുടെ കൈപിടിച്ച്, ഒാരോ ഇതളായി വിരിയിച്ചുവിരിയച്ച് ഇത്രയും വലുതായിരിക്കുന്നു – ഇന്ത്യൻ സ്ക്രീനിന്റെ വലുപ്പത്തിലേക്ക്!

ഈ പ്രതീക്ഷയുടെ വൻകടലിനുമുന്നിൽ തലകുനിച്ച്, അതിന്റെ ഉത്തരവാദിത്തം മുഴുവൻ തിരിച്ചറിഞ്ഞ് ഒടിയനെ നിങ്ങളുടെ മുന്നിലെത്തിക്കുക എന്ന കടമയാണ് ഈ സിനിമയുടെ കൂടെയുള്ള ഒാരോരുത്തർക്കുമുള്ളത്. അതു ഞങ്ങൾ പാലിക്കുമെന്നു വിനയത്തോടെ ഉറപ്പുതരട്ടെ. ഒപ്പമുള്ളതിന്…

മലയാളത്തിൽ ഇത്രയും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം അടുത്തുണ്ടായിട്ടില്ല എന്നതാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ആദ്യ ഗാനത്തിനും മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. എം.ജയചന്ദ്രന്റെ ഈണത്തില്‍ സുദീപ് കുമാറും ശ്രേയാ ഘോഷാലും ചേര്‍ന്നാലപിച്ച ഗാനമായിരുന്നു പുറത്തിറങ്ങിയത്.

ഫാന്റസി ത്രില്ലറായി എത്തുന്ന ഒടിയനില്‍ മഞ്ജു വാര്യരാണ് നായിക. പ്രകാശ് രാജ് വില്ലന്‍ വേഷത്തിലെത്തുന്ന ചിത്രത്തില്‍ നരേന്‍, നന്ദു പൊതുവാള്‍, സിദ്ധിഖ്,ഇന്നസെന്റ്,കൈലാസ്,സന അല്‍ത്താഫ് തുടങ്ങിയ താരങ്ങളും എത്തുന്നുണ്ട്. പീറ്റര്‍ ഹെയ്ന്‍ ഒരുക്കിയ ആക്‌ഷന്‍ രംഗങ്ങളും മുഖ്യ ആകര്‍ഷണമായിരിക്കും. പുലിമുരുകന് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഒടിയനു വേണ്ടിയും ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം ഡിസംബർ 14ന് തിയറ്ററുകളിലെത്തും.

Comments are closed.