വിട്ടുമാറാത്ത പനിയെത്തുടര്‍ന്നു പരിശോധനകള്‍ നടത്തിയപ്പോഴാണ് രക്താര്‍ബുധത്തിന്‍റെ തുടക്കമാണെന്നു കണ്ടെത്തിയത് : സ്റ്റീഫന്‍ ദേവസ്സി അതിജീവനത്തിന്‍റെ കഥ പങ്കുവെക്കുന്നു …

കീബോര്‍ഡ് കൊണ്ട് വേദികളില്‍ വിസ്മയം തീര്‍ക്കുന്ന സ്റ്റീഫന്‍ ദേവസ്സിയെ അടുത്തറിയുന്നവര്‍ക്ക് അദ്ദേഹത്തിന്റെ ജീവിതം അതിലും വലിയ വിസ്മയമാണ്. തന്റെ ജീവിതത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ സ്റ്റീഫന്‍ മനസ്സു തുറന്നു.

Stephen Devassy

‘എനിക്ക് പത്തുവയസുള്ളപ്പോഴാണ് നല്ല പനി വന്നത്. ആ പനി പതിയെ കൂടി. പിന്നീട് പരിശോധിച്ചപ്പോഴാണ് രക്താര്‍ബുധത്തിന്റെ തുടക്കമാണെന്നു കണ്ടെത്തിയത്. വീട്ടുകാരൊക്കെ ആകെ തകര്‍ന്നുപോയ നിമിഷം. പക്ഷേ, ആരംഭത്തിലെ കണ്ടെത്തിയതോടെ കൃത്യമായി ചികില്‍സിച്ച് മാറ്റാന്‍ സാധിച്ചു. അത്തരമൊരു ജീവിതാനുഭവത്തിലൂടെയും ഞാന്‍ കടന്നുപോയിട്ടുണ്ട്. ദൈവം എനിക്കായി മാറ്റിവച്ച നിയോഗം പൂര്‍ത്തിയാക്കാനുള്ള യാത്രയിലാണെന്ന തോന്നലാണ് ഇപ്പോള്‍. ദൈവം ഭക്ഷണം കഴിക്കാനും ഉറങ്ങാനുമായി ആരെയും സൃഷ്ടിക്കാറില്ല. എല്ലാവര്‍ക്കും അവരവരുടേതായ ചിലത് ചെയ്ത് തീര്‍ക്കാനുണ്ട്.’ സ്റ്റീഫന്‍ പറയുന്നു.

പ്രീഡിഗ്രി തോറ്റ കഥയും ചെറിയ ചിരിയോടെ സ്റ്റീഫന്‍ ദേവസി പങ്കുവച്ചു. ‘പഠിപ്പല്ല എന്റെ ജീവിതത്തിലെ ലക്ഷ്യമെന്നു തിരിച്ചറിവുണ്ടായിരുന്നു എനിക്ക്. അതുകൊണ്ടു തന്നെ മനോഹരമായി ഞാന്‍ പ്രീഡിഗ്രി തോറ്റു. പക്ഷേ അന്നും ഇന്നും വിദ്യാഭ്യാസം കുറഞ്ഞുപോയോ എന്ന ചിന്ത എനിക്കില്ല. ഞാനൊരു ഡിഗ്രി പോലും ചെയ്യാതെ പഠനം ഉപേക്ഷിച്ചതില്‍ വീട്ടുകാര്‍ക്ക് സങ്കടമുണ്ടായിരുന്നു. പക്ഷേ പിന്നീട് ജീവിതം കൊണ്ട് ഞാന്‍ ആ തോല്‍വി വിജയമാക്കി എന്നു വിശ്വസിക്കുന്നു. നമ്മുടെ ലക്ഷ്യം എന്താണോ അതിനു വേണ്ടി പ്രവര്‍ത്തിക്കുക അത്രയുള്ളൂ.

ജീവിതത്തില്‍ പല പ്രതിസന്ധികളെയും തട്ടി മാറ്റി സ്റ്റീഫന്‍ തന്റെ സംഗീത യാത്ര തുടരുകയാണ്. അന്‍പതിലേറെ രാജ്യങ്ങള്‍ മൂവായിരത്തിലേറെ ഷോകള്‍. മൂന്ന് സിനിമകള്‍ക്ക് സംഗീതസംവിധാനം. വേദിയും വെള്ളിത്തിരയും മിനിസ്‌ക്രീനിയും വിരലുകള്‍ കൊണ്ടും വേറിട്ട സംഗീതം കൊണ്ട് വിസ്മയം തീര്‍ത്ത് അയാള്‍ മുന്നേറുകയാണ്. സംഗീതത്തിനപ്പുറം തനിക്ക് ജീവിതത്തില്‍ ഒന്നുമില്ലെന്ന പൂര്‍ണ ബോധ്യത്തോടെ.

Comments are closed.