‘രാജു നേരത്തെ പറഞ്ഞില്ലേ… അതെന്താ’ : പൃഥ്വിരാജിന്‍റെ ഇംഗ്ലിഷില്‍ ‘പകച്ചു’പോയ മഞ്ജുവാര്യരുടെ ‘ബാല്യം’

പൃഥ്വിരാജിന്റെ ഇംഗ്ലിഷിലുള്ള കഠിനപദപ്രയോഗങ്ങള്‍ എന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമാവാറുണ്ട്. താരത്തിന്റെ ഇംഗ്ലിഷ് പാടവം ട്രോളന്മാര്‍ ആഘോഷവുമാക്കാറുമുണ്ട്. എന്നാല്‍ അതുമൂലം സ്വയം ചമ്മിയ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ലൂസിഫറിന്റെ ലൊക്കേഷനിലായിരുന്നു സംഭവം. ഒരു മാസികയുമായുള്ള അഭിമുഖത്തിലായിരുന്നു പൃഥ്വിയുടെ വെളിപ്പെടുത്തല്‍.

ചിത്രത്തിലെ നായികയായ മഞ്ജുവാണ് പൃഥ്വിയുടെ ഇംഗ്ലിഷ് കേട്ട് പകച്ചുപോയത്. ലൂസിഫറിന്റെ ലൊക്കേഷനില്‍ വിവേക് ഒബ്‌റോയും മഞ്ജുവും ഒന്നിച്ചുള്ള സീനിനിടെയായിരുന്നു സംഭവം. അതിനെ കുറിച്ച് പൃഥ്വി പറയുന്നത് ഇങ്ങനെയാണ്.

‘ലൂസിഫറിന്റെ സെറ്റില്‍ വച്ച് ഒരു അബദ്ധം പറ്റി. വിവേക് ഒബോറോയും മഞ്ജുവും ഒന്നിച്ചുള്ള സീന്‍. വിവേക് ഡയലോഗ് പറയുമ്പോള്‍ മഞ്ജുവിന്റെ മുഖത്ത് ഞാന്‍ ഉദ്ദേശിച്ച റിയാക്‌ഷനല്ല വന്നത്. ഞാന്‍ പറഞ്ഞു, കുറച്ചു കൂടി Incredulousness (പെട്ടന്ന് വിശ്വാസം വരാത്ത) ആണ് പ്രകടിപ്പിക്കേണ്ടത്. മഞ്ജു തലയാട്ടി.

ഞാന്‍ മോണിട്ടറിനു മുന്നിലെത്തി റീ ടേക്ക് പറഞ്ഞു. പക്ഷേ മഞ്ജു വീണ്ടും ചെയ്യുന്നത് പഴയ റിയാക്‌ഷന്‍ തന്നെ. കട്ട് പറഞ്ഞയുടന്‍ മഞ്ജു അടുത്തെത്തി ചോദിച്ചു.’ രാജു നേരത്തെ പറഞ്ഞില്ലേ.. അതെന്താ …’ സെറ്റില്‍ കൂട്ടച്ചിരി. ചമ്മിയത് ഞാനാണ്. ഷൂട്ടിങ് തീരും വരെ ‘ഇന്‍ക്രഡുലെസ്‌നെസ്’ അവിടത്തെ ചിരി വിഷയമായിരുന്നു’. പൃഥ്വി പറഞ്ഞു.

തന്റെ ഇംഗ്ലിഷിനെ ട്രോളുന്നത് താന്‍ ആസ്വദിക്കാറുണ്ടെന്നും പക്ഷേ ശശി തരൂരുമായി താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ പരിഹസിക്കുന്നത് പോലെയാകുമെന്നും അത്രയും പദസ്വാധിനമൊന്നും തനിക്കില്ലെന്നും പൃഥ്വി പറയുന്നു.

Comments are closed.