‘ഭീകരാക്രമണം’ മുതലാക്കാന്‍ ബോളിവുഡ് ; പേരുകള്‍ റജിസ്റ്റര്‍ ചെയ്യാന്‍ മത്സരം

അതിർത്തിയിൽ പിരിമുറുക്കം മുറുകുമ്പോൾ രാജ്യസ്നേഹം മുതലാക്കാനൊരുങ്ങുകയാണ് ബോളിവുഡ് നിർമാതാക്കൾ. പുൽവാമയിലെ ഭീകരാക്രമണവും അതിനു മറുപടിയായി ഇന്ത്യ നടത്തിയ ബാലകോട്ട് സർജിക്കൽ സ്ട്രൈക്കും ഇന്ത്യൻ വൈമാനികൻ അഭിനന്ദന്റെ തിരോധാനവും മോചനവും സിനിമയാക്കാനുള്ള തയാറെടുപ്പിലാണ് ബോളിവുഡ്. ഇതു ലക്ഷ്യം വച്ച് സിനിമയുടെ പേരുകൾ റജിസ്റ്റർ ചെയ്യാനുള്ള നെട്ടോട്ടത്തിലാണെന്ന് ഹഫിങ്സ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. സിനിമ എടുത്തില്ലെങ്കിലും, റജിസ്റ്റർ ചെയ്ത പേര് മറിച്ചു വിറ്റ് കോടികളുണ്ടാക്കാം എന്ന കണക്കുക്കൂട്ടലിലാണ് പലരും ഈ പേരുകളുടെ പിന്നാലെ പായുന്നത്.

ഇന്ത്യൻ മോഷൻ പിക്ചേഴ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലാണ് പേരുകൾ രജിസ്റ്റർ ചെയ്യേണ്ടത്. വെറും 250 രൂപയും ജിഎസ്ടിയും അടച്ച് ചെറിയൊരു ഫോം പൂരിപ്പിച്ചു നൽകിയാൽ പേര് റജിസ്റ്റർ ചെയ്യാം. ‘പുൽവാമ’, ‘സർജിക്കൽ സ്ട്രൈക്ക് 2.0’, ‘ബലാകോട്ട്’, ‘അഭിനന്ദൻ’, ‘വിങ് കമാൻഡർ അഭിനന്ദൻ’ എന്നീ പേരുകളെല്ലാം ഇതിനോടകം റജിസ്റ്റർ ചെയ്തു കഴിഞ്ഞു. ഈ വാക്കുകൾ ഉൾപ്പെടുന്ന പേരുകളും റജിസ്റ്റർ ചെയ്യുന്നതിനായി ബോളിവുഡ് നിർമാതാക്കൾ രംഗത്തെത്തിക്കഴിഞ്ഞു.

‘ജോഷ്’, ‘ഹൗ ഈസ് ദ ജോഷ്’ എന്നീ പേരുകൾ പ്രമുഖ നിർമാതാവായ വിക്രം മൽഹോത്രയുടെ പ്രൊഡക്ഷൻ കമ്പനി സ്വന്തമാക്കിയതായാണ് വിവരം. ഉറി– ദ് സർജിക്കൽ സ്ട്രൈക്ക് എന്ന ചിത്രത്തിന്റെ വിജയമാണ് ബോളിവുഡിന്റെ ഈ നെട്ടോട്ടത്തിനു പിന്നിൽ. ഒരു സിനിമയുടെ പേര് റജിസ്റ്റർ ചെയ്യാൻ വെറും 250 രൂപയും 18 ശതമാനം ജി.എസ്.ടിയും അടച്ചാൽ മതിയാകും.

സിനിമ ചെയ്യാൻ യാതൊരു ഉദ്ദേശമില്ലാത്തവർ പോലും ഈ തുക അടച്ച് പേരുകൾ റജിസ്റ്റർ ചെയ്യുകയാണ്. വമ്പൻ പ്രൊഡക്ഷൻ കമ്പനികൾ ഈ വിഷയത്തിൽ സിനിമ ചെയ്യുമ്പോൾ അവർക്ക് പേരിന്റെ അവകാശം മറിച്ചു വിറ്റ് കോടികൾ നേടാമെന്നും ഇവർ കരുതുന്നു. ഫെബ്രുവരിയിൽ മാത്രം നിരവധി സിനിമാപ്പേരുകളാണ് ഇത്തരത്തിൽ റജിസ്റ്റർ ചെയ്തത്.

നാൽപ്പതിലധികം സിആർപിഎഫ് ജവാന്മാരുടെ മരണത്തിനു ഇടയാക്കി പുൽവാമ ഭീകരാക്രമണം നടന്ന ഫെബ്രുവരി 14നു തന്നെ പുൽവാമ: ദ് സർജിക്കൽ സ്ട്രൈക്ക്, വാർ റൂം, ഹിന്ദുസ്ഥാൻ ഹമാരാ ഹെ, പുൽവാമാ ടെറർ അറ്റാക്ക്, ദി അറ്റാക്ക്സ് ഓഫ് പുൽവാമാ, വിത്ത് ലവ് ഫ്രം ഇന്ത്യ തുടങ്ങിയ സിനിമാപ്പേരുകൾ റജിസ്റ്റർ ചെയ്തിരുന്നു.

Comments are closed.