ധോണി കൂടെയുണ്ടെങ്കിൽ ഒരു വിജയലക്ഷ്യവും വലുതല്ല: കേദാർ ജാദവ്

മഹേന്ദ്രസിങ് ധോണിയിലുള്ള വിശ്വാസം ആവർത്തിച്ചു പ്രഖ്യാപിച്ച് മധ്യനിര ബാറ്റ്സ്മാൻ കേദാർ ജാദവ്. ധോണി പറയുന്ന കാര്യങ്ങൾ അതേപടി അനുസരിച്ചതിന്റെ ഫലമാണ് അദ്ദേഹത്തിനൊപ്പം നേടിയിട്ടുള്ള വിജയങ്ങളെന്നും ജാദവ് പറഞ്ഞു. ഹൈദരാബാദ് ഏകദിനത്തിൽ ഇന്ത്യ വിജയം നേടിയതിന്റെ പശ്ചാത്തലത്തിലാണ് ജാദവിന്റെ വാക്കുകൾ. ഓസ്ട്രേലിയ ഉയർത്തിയ 237 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തിൽ 99 റൺസ് എന്ന നിലയിൽ തകർന്നെങ്കിലും, അപരാജിതമായ അഞ്ചാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത ധോണി–ജാദവ് സഖ്യം ഇന്ത്യയെ കരകയറ്റുകയായിരുന്നു.

‘ധോണി നൽകുന്ന നിർദ്ദേശങ്ങൾ അതേപടി അനുസരിക്കാറാണ് പതിവ്. അതുകൊണ്ട് ഗുണം മാത്രമേ ഉണ്ടായിട്ടുള്ളൂ. കൂട്ടിന് ധോണിയുള്ളിടത്തോളം കാലം ഒന്നിനെയും നമ്മൾ ഭയക്കേണ്ടതില്ല. ഒരു വിജയക്ഷ്യവും നമുക്കു വലുതായി തോന്നില്ല’ – ജാദവ് പറഞ്ഞു.

‘ധോണിക്കൊപ്പം കളിക്കുകയെന്നതു തന്നെ വലിയ ബഹുമതിയായി കാണുന്നയാളാണ് ഞാൻ. ചെറിയ പ്രായത്തിൽ ധോണിയുടെയൊക്കെ കളി ടിവിയിൽ കണ്ടിരുന്നയാളാണ് ഞാൻ. ഇപ്പോഴിതാ അതേ ധോണിക്കൊപ്പം കളിക്കാൻ അവസരം ലഭിച്ചിരിക്കുന്നു. ഇതിലും വലിയ സ്വപ്നസാഫല്യമുണ്ടോ?’ – ജാദവ് ചോദിച്ചു.

ഓസീസിനെതിരെ 11 പന്തിൽ വിജയത്തിലേക്ക് 13 റൺസ് വേണ്ടിയിരിക്കെ, കോൾട്ടർനീലിന്റെ പന്ത് സിക്സിനു പറത്തിയ ജാദവാണ് ഇന്ത്യയുടെ സമ്മർദ്ദം കുറച്ചത്. പിന്നാലെ തുടർച്ചയായി ബൗണ്ടറികൾ കണ്ടെത്തി ധോണി ടീമിനെ വിജയിപ്പിക്കുകയും ചെയ്തു.

‘സമ്മർദ്ദ ഘട്ടങ്ങളിൽ എപ്പോഴും ബൗണ്ടറി കണ്ടെത്താനാണ് എന്റെ ശ്രമം. ഇത്തരം അവസരങ്ങളിലാണ് നമ്മുടെ കഴിവുകൾ പുറത്തെടുക്കാൻ സാധിക്കുക. ബൗണ്ടറി കടത്താൻ അനുകൂലമായ പന്തുകൾക്കായി കാത്തിരിക്കാനായിരുന്നു എന്റെ തീരുമാനം. അങ്ങനെ കിട്ടിയ അവസരത്തിൽ ബൗണ്ടറികൾ നേടുകയും ചെയ്തു’ – ജാദവ് വിശദീകരിച്ചു.

ബാറ്റിങ് ഓർഡറിൽ സ്ഥാനക്കയറ്റം പ്രതീക്ഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ജാദവിന്റെ മറുപടി ഇങ്ങനെ:

‘രണ്ട് ലോകോത്തര ഓപ്പണർമാരാണ് നമുക്കുള്ളത്. ബാറ്റിങ് ഓർഡറിൽ ഒരു സ്ഥാനക്കയറ്റവും ഞാൻ ആഗ്രഹിക്കുന്നില്ല. മധ്യനിരയിൽ ബാറ്റു ചെയ്യുന്നതിൽ ഞാൻ അതീവ സന്തുഷ്ടനാണ്. അവിടെ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുന്നതുകൊണ്ടാണല്ലോ ടീം മാനേജ്മെന്റ് എന്നെ അവിടെ നിശ്ചയിച്ചിരിക്കുന്നത്.’

Comments are closed.