അഭിനയം നിര്‍ത്തുമെന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല ; എന്നോട് അങ്ങനെ ആരും ആവശ്യപ്പെട്ടിട്ടുമില്ല : ഭാവന

നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേയ്ക്കും സ്റ്റേജ് പരിപാടികളിലേയ്ക്കും തിരിച്ചെത്തിയിരിക്കുകയാണ് നടി ഭാവന. വൻ ഹിറ്റായി മാറിയ തമിഴ് ചിത്രം 96 ന്റെ കന്നഡ പതിപ്പിലൂടെയാണ് ഭാവന നായികയായി തിരികെയെത്തുന്നത്.

സിനിമയിലെ തുടക്കകാലത്ത് അഭിനയം നിര്‍ത്തുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നുവെന്നും എന്നാല്‍ പിന്നീട് ആ തീരുമാനം മാറിയെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഭാവന തുറന്ന് പറയുന്നു. നവീനുമായുള്ള വിവാഹശേഷം ഇരുവീട്ടുകാരും തനിക്ക് നല്‍കിക്കൊണ്ടിരിക്കുന്ന പ്രോത്സാഹനമാണ് ഇപ്പോള്‍ സിനിമയിലേയ്ക്ക് തിരിച്ചു വരാന്‍ തനിക്ക് പ്രചോദനമായതെന്നും ഭാവന പറയുന്നു.

നല്ല കഥാപാത്രങ്ങള്‍ തേടിയെത്തിയാല്‍ ഞാന്‍ എന്തായാലും അഭിനയിക്കും. വിവാഹത്തിന് ശേഷം അഭിനയം നിര്‍ത്തുമെന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. എന്നോട് അങ്ങനെ ആരും ആവശ്യപ്പെട്ടിട്ടുമില്ല. സിനിമയില്‍ തുടക്കകാലത്ത് അഭിനയം നിര്‍ത്തണമെന്നൊക്കെ തോന്നിയിട്ടുണ്ട്. എന്നാല്‍ മലയാളത്തില്‍ ഒരുപാട് സിനിമകള്‍ എന്നെ തേടിയെത്തി. പിന്നീട് തമിഴിലും മറ്റു ഭാഷകളിലും അഭിനയിക്കാന്‍ സാധിച്ചു.
alt=Bhavana and Naveen
റോമിയോ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് നവീനെ ആദ്യമായി പരിചയപ്പെടുന്നത്. തുടക്കത്തില്‍ പ്രൊഫഷണല്‍ കാര്യങ്ങള്‍ മാത്രമേ ഞങ്ങള്‍ സംസാരിക്കാറുണ്ടായിരുന്നുള്ളൂ. എനിക്കാണെങ്കില്‍ അന്ന് കന്നട സംസാരിക്കാന്‍ അറിയില്ല. കുറച്ച് കാലങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായി. ആ സൗഹൃദം പ്രണയമായി. അമ്മയ്ക്ക് നവീനെ നല്ല ഇഷ്ടമായിരുന്നു. മലയാളി അല്ലാത്തതിനാല്‍ അച്ഛന് കുറച്ച് ആശങ്കകള്‍ ഉണ്ടായിരുന്നു. എന്നാല്‍ നവീനെ നേരിട്ട് കണ്ടപ്പോള്‍ അച്ഛന് വളരെ ഇഷ്ടമായി. ഭാവന പറയുന്നു.

Comments are closed.