ഭാര്യ മരിച്ചെന്ന് തെറ്റായ വാർത്ത കേട്ട് കുഴഞ്ഞുവീണ് ഭര്‍ത്താവ് മരിച്ചു; മണിക്കൂറുകള്‍ക്കകം ഭാര്യ ശരിക്കും മരിച്ചു

ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുകയായിരുന്ന ഭാര്യ മരിച്ചെന്ന് തെറ്റായ വാര്‍ത്ത കേട്ട് ജോലി സ്ഥലത്ത് കുഴഞ്ഞു വീണ് ഭര്‍ത്താവ് മരിച്ചു. മണിക്കൂറുകള്‍ക്കകം ഭാര്യയും മരിച്ചു.
ഗുജറാത്തിലെ സ്വകാര്യ കമ്പനിയില്‍ സൂപ്പര്‍വൈസറായ കൊല്ലം കൈതക്കോട് എരുതംകാട് സുജാത ഭവനില്‍ ജെ. രാജുവും ഭാര്യ സി.സുജാതയുമാണ് ഇത്തരത്തില്‍ മരിച്ചത്.

ജോലി സംബന്ധമായി രാജു വർഷങ്ങളായി കുടുംബസമേതം ഗുജറാത്തില്‍ താമസമാക്കിയിരിക്കുകയാണ്. രോഗബാധിതയായതിനെത്തുടര്‍ന്ന് വിദഗ്ദ്ധചികിത്സക്കായി രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭാര്യ സുജാത നാട്ടിലേക്ക് വരികയായിരുന്നു. ഏകമകന്‍ രാഹുല്‍രാജും അമ്മയ്‌ക്കൊപ്പം നാട്ടിലേക്ക് പോന്നു. ഇടയ്ക്ക് നാട്ടിലെത്തി വിവരങ്ങള്‍ അന്വേഷിച്ചുപോരാറുള്ള രാജു ഗുജറാത്തിൽ തന്നെയാണിപ്പോഴും ജോലി ചെയ്യുന്നത്.

രോഗം മൂർച്ഛിച്ചതിനെതുടര്‍ന്ന് സുജാതയെ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍, ഗുജറാത്തില്‍ ആയിരുന്ന രാജു ഇത് അറിഞ്ഞത് മരിച്ചുവെന്നാണ്. ഇതറിഞ്ഞ് രാത്രി 12 മണിയോടെ രാജു കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്നുമണിയോടെ സുജാതയും മരിക്കുകയായിരുന്നു.

Comments are closed.