മണിയുടെ ദുരൂഹ മരണം ; നുണപരിശോധന തുടങ്ങി

നടൻ കലാഭവൻ മണിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ നുണപരിശോധന തുടങ്ങി. ഇന്നലെ രാവിലെ ആരംഭിച്ച നുണപരിശോധന രാത്രിയിലേക്കു നീണ്ടു. കൊച്ചി കതൃക്കടവിലെ സിബിഐ ഓഫിസിലാണു നുണപരിശോധന നടക്കുന്നത്. മണിയുടെ മാനേജറായിരുന്ന ജോബി സെബാസ്റ്റ്യൻ, സുഹൃത്തുക്കളായ എം.ജി.വിപിൻ, സി.എ.അരുൺ എന്നിവരെയാണ് പരിശോധനയ്ക്കു വിധേയമാക്കിയത്.

ചെന്നൈയിലെ ഫൊറൻസിക് ലബോറട്ടറിയിൽനിന്നുള്ള ഉദ്യോഗസ്ഥരാണു പരിശോധന നടത്തുന്നത്. 7 പേരെ നുണ പരിശോധന നടത്താനാണു കോടതി സിബിഐക്ക് അനുമതി നൽകിയത്. മണിയുടെ സുഹൃത്തുക്കളായ മുരുകൻ, അനിൽകുമാർ, സിനിമാ താരങ്ങളായ ജാഫർ ഇടുക്കി, തരികിട സാബുമോൻ എന്നിവരുടെ നുണപരിശോധനയും നടക്കും.

എറണാകുളം സിജെഎം കോടതിയിൽ ഇവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണു നുണപരിശോധനയ്ക്കു സിബിഐ തീരുമാനിച്ചത്. 2016 മാര്‍ച്ച് ആറിനാണു കലാഭവൻ മണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു കുടുംബം രംഗത്തെത്തുകയും കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കുകയുമായിരുന്നു.

മണിയുടെ ശരീരത്തിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയെന്ന രാസപരിശോധന ഫലമാണ് ദുരൂഹതയ്ക്കു വഴിയൊരുക്കിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്ന വിഷാംശം എങ്ങനെ മണിയുടെ ശരീരത്തിൽ എത്തിയെന്നു കണ്ടെത്തുകയാണ് സിബിഐയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി. ഇതിനാണു നുണപരിശോധന ഉൾപ്പെടെയുള്ള മാർഗങ്ങൾ സ്വീകരിച്ചിട്ടുള്ളത്.

Comments are closed.